അമേരിക്കന്‍ ലീഗായ ഇന്റര്‍ മയാമിയിലെത്തിയ ശേഷം തകര്‍പ്പന്‍ പ്രകടനമാണ് അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസി കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ മയാമി വിജയിച്ചിരുന്നു. ഫിലാഡല്‍ഫിയക്കെതിരായ മത്സരത്തില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു മയാമിയുടെ ജയം.
മത്സരത്തിനിറങ്ങുന്നതിന് മുമ്പ് ഫിലാഡല്‍ഫിയുടെ പരിശീലകന്‍ മെസിയെ വെല്ലുവിളിച്ചിരുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാവുകയാണിപ്പോള്‍. മെസി ലോക ഫുട്ബോളിലെ ഏറ്റവും മികച്ച താരമാണെന്നും എന്നാല്‍ കളിയുടെ വിസില്‍ മുഴങ്ങിക്കഴിഞ്ഞാല്‍ തങ്ങളുടെ താരങ്ങള്‍ മികച്ച പ്രകടനം പുറത്തെടുക്കുമെന്നുമാണ് അദ്ദേഹം പറഞ്ഞത്. മെസി മാത്രമല്ല മത്സരത്തില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സോ ജോര്‍ധി ആല്‍ബയോ ഉണ്ടെങ്കിലും തങ്ങള്‍ക്ക് വിഷയമല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
‘ചരിത്രത്തിലെ ഏറ്റവും മികച്ച താരത്തെയാണ് ഞങ്ങള്‍ എതിരേല്‍ക്കാനൊരുങ്ങുന്നതെന്നറിയാം. അദ്ദേഹത്തിനെതിരെ കളിക്കുന്നത് വലിയ ബഹുമതിയായിട്ടാണ് കാണുന്നത്.
എന്നാല്‍ മത്സരത്തിന്റെ വിസില്‍ മുഴങ്ങിക്കഴിഞ്ഞാല്‍ ഞങ്ങളുടെ കുട്ടികള്‍ മികച്ച പ്രകടനം പുറത്തെടുക്കും. അതിപ്പോള്‍ ആരാണ് വരുന്നതെന്ന് ഞങ്ങള്‍ നോക്കുന്നേയില്ല. മെസി വന്നാലും സെര്‍ജിയോ ബുസ്‌ക്വെറ്റ്സ് വന്നാലും ജോര്‍ധി ആല്‍ബ വന്നാലും ഞങ്ങള്‍ മികച്ച രീതിയില്‍ കളിക്കും,’ ഫിലാഡല്‍ഫിയ പരിശീലകന്‍ പറഞ്ഞു.
എന്നാല്‍ തകര്‍പ്പന്‍ പ്രകടനത്തിലൂടെ മെസി എതിര്‍ ടീം പരിശീലകന് മറുപടി നല്‍കിയിരിക്കുകയാണ്. 35 വാര അകലെ നിന്നുകൊണ്ടാണ് ഫിലാഡല്‍ഫിയ ഗോള്‍ കീപ്പറെയും മൂന്ന് ഡിഫന്‍ഡര്‍മാരെയും നോക്കുകുത്തികളാക്കികൊണ്ട് മെസിയുടെ ഗോള്‍ പിറന്നത്. അവസാനമായി ഇന്റര്‍ മയാമിയുമായി ഏറ്റുമുട്ടിയപ്പോള്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ജയിക്കാന്‍ ഫലാഡല്‍ഫിയക്ക് സാധിച്ചിരുന്നു. എന്നാല്‍ മെസിയുടെ വരവോടെ തോല്‍വിയെന്തെന്ന് മയാമി അറിഞ്ഞിട്ടില്ല. തുടര്‍ച്ചയായ ആറ് മത്സരങ്ങളിലും ജയം മയാമിക്കൊപ്പമായിരുന്നു. ആറ് മത്സരങ്ങളിലും ഗോള്‍ നേടാന്‍ മെസിക്ക് സാധിച്ചിരുന്നു.
മയാമി കുപ്പായത്തില്‍ മെസിയുടെ ഒമ്പതാം ഗോളാണ് ഇന്ന് ഫിലാഡല്‍ഫിയക്കെതിരെ പിറന്നത്. ഇതോടെ ടൂര്‍ണമെന്റിലെ ടോപ് സ്‌കോറര്‍ പട്ടവും മെസി ഉറപ്പിച്ചു. മത്സരത്തിന്റെ മൂന്നാം മിനിട്ടില്‍ തന്നെ ഇന്റര്‍ മയാമി ഫിലാഡല്‍ഫിയക്കെതിരെ ലക്ഷ്യം കണ്ടു. ജോസഫ് മാര്‍ട്ടിനെസില്‍ നിന്നായിരുന്നു മയാമിയുടെ ആദ്യ ഗോള്‍ പിറന്നത്. 20ാം മിനിട്ടില്‍ മെസി വല കുലുക്കിയതോടെ മയാമിയുടെ ലീഡ് രണ്ടായി ഉയര്‍ന്നു.
ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമില്‍ ജോര്‍ഡി ആല്‍ബ ഗോള്‍ നേടിയതോടെ മയാമി ജയമുറപ്പിച്ചു. രണ്ടാം പകുതിയുടെ 73ാം മിനിട്ടില്‍ അലജാന്ദ്രോ ബെഡോയയിലൂടെ ഫിലാഡല്‍ഫിയ ഒരു ഗോള്‍ തിരിച്ചടിച്ചെങ്കിലും 84ാം മിനിട്ടില്‍ ഡേവിഡ് റൂയിസ് മയാമിയുടെ ഗോള്‍ പട്ടിക തികച്ച് നാലാം ഗോളും നേടിയതോടെ മേജര്‍ സോക്കര്‍ ലീഗിലെ കരുത്തുറ്റ ടീമുകളിലൊന്നായ ഫിലാഡല്‍ഫിയ തോല്‍വി നുണഞ്ഞു. സീസണില്‍ ഈസ്റ്റേണ്‍ കോണ്‍ഫറന്‍സില്‍ മൂന്നാം സ്ഥാനത്തുള്ള ടീമാണ് ഫിലാഡല്‍ഫിയ.
ഫൈനലിലെത്തിയതോടെ മയാമി 2024 കോണ്‍കകാഫ് ചാമ്പ്യന്‍സ് കപ്പിന് യോഗ്യത നേടി. ഇതാദ്യമായാണ് ഇന്റര്‍ മയാമി ചാമ്പ്യന്‍സ് കപ്പിന് യോഗ്യത നേടുന്നത്.
Content Highlights: Messi roasts Philadelphia coach by his performance