| Friday, 22nd September 2023, 4:56 pm

2026 ലോകകപ്പില്‍ കളിക്കുമോ? മറുപടി നല്‍കി മെസി

സ്പോര്‍ട്സ് ഡെസ്‌ക്

2026ലെ ലോകകപ്പില്‍ താന്‍ കളിക്കുമോ എന്ന കാര്യത്തില്‍ വ്യക്തമായ പദ്ധതികളില്ലെന്ന് അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസി. കോപ്പ അമേരിക്ക കഴിഞ്ഞതിന് ശേഷമേ അതിലൊരു തീരുമാനം എടുക്കൂവെന്നും അപ്പോള്‍ അതിനെക്കുറിച്ച് ആലോചിക്കാമെന്നും മെസി പറഞ്ഞു. താരത്തിന്റെ വാക്കുകള്‍ ഉദ്ധരിച്ച് എല്‍ ഫുട്‌ബോളെറോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

‘എനിക്കറിയില്ല അടുത്ത ലോകകപ്പില്‍ ഞാന്‍ കളിക്കുമോ എന്ന്. കോപ്പ അമേരിക്കയുടെ കാര്യമാണെങ്കില്‍ ചിലപ്പോള്‍ ഞാന്‍ കളിക്കുമായിരിക്കും. അതിന് ശേഷം നമുക്ക് നോക്കാം. അപ്പോള്‍ എനിക്ക് എന്താണ് തോന്നുന്നതെന്ന്. ഇനിയും മൂന്ന വര്‍ഷം കാത്തിരിക്കാനുണ്ട്,’ മെസി പറഞ്ഞു.

വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോള്‍ താന്‍ ചിന്തിക്കുന്നില്ലെന്നും ഫുട്‌ബോള്‍ കളിക്കുന്നത് നന്നായി ആസ്വദിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇനി എന്താണ് ചെയ്യാന്‍ പോകുന്നു എന്നതിനെ കുറിച്ച് നിശ്ചയമില്ലെന്നും ഫുട്‌ബോളുമായി ബന്ധപ്പെട്ട് എല്ലാം താന്‍ ആസ്വദിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വിരമിക്കുന്നതിനെ കുറിച്ച് ഞാന്‍ ഇപ്പോള്‍ ചിന്തിക്കുന്നില്ല. ഇപ്പോള്‍ ചെയ്യുന്നത് ആസ്വദിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. യൂറോപ്പ് വിടുക എന്ന വലിയ ഘട്ടത്തിലേക്ക് ഇതിനിടെ ഞാന്‍ കിടന്നു. കളിക്കുന്നത് ആസ്വദിക്കാനാണ് ഇപ്പോള്‍ ഞാന്‍ ആഗ്രഹിക്കുന്നത്. എനിക്കിഷ്ടമുള്ള ജോലി ചെയ്യാന്‍ സാധിക്കുന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്.

മാത്രമല്ല, എനിക്ക് ഒരുപാട് ഉത്തരവാദിത്തങ്ങളുമുണ്ട്. അതെല്ലാം ഞാന്‍ ആസ്വദിക്കുന്നുണ്ട്. ഇനി എന്താണ് ചെയ്യാന്‍ പോകുന്നത് എന്നതിനെ കുറിച്ച് എനിക്ക് നിശ്ചയമില്ല. ഫുട്‌ബോളുമായി ബന്ധപ്പെട്ട് എല്ലാം ഞാന്‍ ആസ്വദിക്കുന്നുണ്ട്. എനിക്ക് കുട്ടികളുടെ കൂടെ ഇരിക്കുന്നതും പഠിപ്പിക്കുന്നതും സ്‌പോര്‍ട്‌സ് ഡയറക്ട് ചെയ്യുന്നതുമെല്ലാം ഇഷ്ടമാണ്,’ മെസി പറഞ്ഞു.

തന്റെ മുന്‍ ക്ലബ്ബായ പി.എസ്.ജിയില്‍ നിന്ന് അമേരിക്കന്‍ ക്ലബ്ബായ ഇന്റര്‍ മയാമിയിലെത്തിയതിന് ശേഷം അതീവ സന്തോഷവാനായാണ് മെസിയെ കാണപ്പെടുന്നത്. താരം മയാമിയിലെത്തിയതിന് ശേഷം ക്ലബ്ബിന് ലീഗ്സ് കപ്പ് നേടാന്‍ സാധിച്ചിരുന്നു. മെസി മയാമിക്കായി കളിച്ച 11 മത്സരങ്ങളിലും ജയം മയാമിക്കൊപ്പമായിരുന്നു.

Content Highlights: Messi reveals about world cup 2026 plans

We use cookies to give you the best possible experience. Learn more