| Thursday, 30th March 2023, 4:19 pm

മെസിയുമായി കരാർ പുതുക്കാൻ രണ്ട് ഡിമാൻഡുകളുമായി പി.എസ്.ജി; രണ്ടും തള്ളിക്കളഞ്ഞ് മെസി

സ്പോര്‍ട്സ് ഡെസ്‌ക്

ഫ്രഞ്ച് സൂപ്പർ ക്ലബ്ബായ പി.എസ്.ജിയിലെ മെസിയുടെ കരാർ ജൂൺ മാസത്തോടെ അവസാനിക്കും. തുടർന്ന് ഫ്രീ ഏജന്റായി മാറുന്ന താരത്തിനെ സ്വന്തമാക്കാനായി നിരവധി ക്ലബ്ബുകൾ രംഗത്തുണ്ട്.

ബാഴ്സലോണ, ഇന്റർമിയാമി, അൽ ഹിലാൽ, ഇന്റർ മിലാൻ മുതലായ ക്ലബ്ബുകളെല്ലാം മെസിയെ സ്വന്തമാക്കാനായി രംഗത്തുണ്ട് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

എന്നാൽ 2024വരെയെങ്കിലും മെസിയെ പി.എസ്.ജിയിൽ പിടിച്ചു നിർത്തണമെന്ന് പി.എസ്.ജി മാനേജ്മെന്റ് തീരുമാനിച്ചതായി നേരത്തെ ഇ.എസ്.പി.എൻ റിപ്പോർട്ട് ചെയ്തിരുന്നു. കൂടാതെ മെസിയെ സ്വന്തമാക്കാനായി സജീവമായ ചർച്ചകൾ മെസിയുമായി പി.എസ്.ജി നിരന്തരമായി നടത്തുന്നുണ്ട്.

എന്നാൽ മെസിയുമായി കരാർ നീട്ടാൻ പി. എസ്.ജി മുന്നോട്ട് വെച്ച രണ്ട് പ്രധാന നിബന്ധനകൾ താരം തള്ളിക്കളഞ്ഞു എന്ന് എൽ എക്യുപ്പെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

മെസിയെ സൈൻ ചെയ്യാനായി പ്രധാനമായും രണ്ട് നിർദേശങ്ങളായിരുന്നു പി.എസ്.ജി മുന്നോട്ട് വെച്ചിരുന്നത്. രണ്ട് വർഷത്തെ കരാറാണ് ക്ലബ്ബിൽ തുടരാനായി മെസി ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഒരു വർഷത്തേക്കുള്ള കരാറാണ് താരത്തിനായി പി.എസ്.ജി മുന്നോട്ട് വെച്ചിരിക്കുന്നത്. ഇതിനെതിരെ മെസി തന്റെ വിയോജിപ്പ് അറിയിച്ചിട്ടുണ്ട്.

കൂടാതെ ക്ലബ്ബിലെ പ്രതിഫലവുമായി ബന്ധപ്പെട്ടും താരവും ക്ലബ്ബും തമ്മിൽ ചർച്ചകൾ പുരോഗമിക്കുകയാണ്.

മെസിയുടെ മൂല്യം കുറച്ചാണ് താരത്തിനായി പി.എസ്.ജി ഇത്തവണ ഓഫർ മുന്നോട്ട് വെച്ചിരിക്കുന്നത്. എന്നാൽ ഇതും മെസിക്ക് സ്വീകാര്യമല്ല എന്നാണ് എൽ എക്യുപ്പെയുടെ റിപ്പോർട്ടിലുള്ളത്.

അതേസമയം താരത്തെ വൻ തുക നൽകി സ്വന്തമാക്കാൻ അൽ ഹിലാലും ഇന്റർ മിയാമിയും രംഗത്തുണ്ടെങ്കിലും യൂറോപ്പിന് പുറത്ത് താരം കളിക്കുന്നതിനെക്കുറിച്ച് ഇതുവരെ സ്ഥിരീകരണമൊന്നുമുണ്ടായിട്ടില്ല.

Content Highlights: messi reject two demands from psg to extend his contract

We use cookies to give you the best possible experience. Learn more