പാരിസ് ക്ലബ്ബായ പി.എസ്.ജിയിലേക്ക് ബാഴ്സലോണയിലെ 17 വർഷത്തെ കരാർ അവസാനിപ്പിച്ച് ചേക്കേറിയ മെസിയെ കാറ്റലോണിയൻ ക്ലബ്ബ് തിരികേയെത്തിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നു എന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.
സാമ്പത്തിക പ്രശ്നങ്ങളും ക്ലബ്ബ് മാനേജ്മെന്റുമായുള്ള സ്വരച്ചേർച്ചയില്ലായ്മയുമാണ് മെസിയെ ബാഴ്സ വിടാൻ പ്രേരിപ്പിച്ച ഘടകങ്ങൾ.
തുടർന്ന് ഫ്രഞ്ച് ക്ലബ്ബിലെത്തിയ മെസി തരക്കേടില്ലാത്ത പ്രകടനം തന്നെ ഫ്രഞ്ച് ക്ലബ്ബിനായി പുറത്തെടുത്തിരുന്നു.
വരുന്ന ജൂണിൽ പി.എസ്.ജിയുമായുള്ള കരാർ അവസാനിച്ച് ഫ്രീ ഏജന്റായി മാറുന്ന മെസിയെ സ്വന്തമാക്കാൻ ബാഴ്സലോണ രംഗത്തുണ്ട്. ബാഴ്സക്കൊപ്പം ഇന്റർ മിയാമി, അൽ ഹിലാൽ മുതലായ ക്ലബ്ബുകളാണ് ട്രാൻസ്ഫർ മാർക്കറ്റിൽ സജീവമായിട്ടുള്ളത് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
എന്നാലിപ്പോൾ ഏകദേശം 200 മില്യൺ യൂറോ മുടക്കി മെസിയെ ക്യാമ്പ് നൗവിലേക്കെത്തിക്കാനാണ് ബാഴ്സലോണ ശ്രമം നടത്തുന്നതെന്നാണ് സ്പാനിഷ് മാധ്യമമായ എൽ നാഷണൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ബാഴ്സ വിട്ട് പാരിസിലെത്തിയ ആദ്യ സീസണിൽ താളം കണ്ടെത്താനാകാതെ വിഷമിച്ച മെസി പിന്നീട് ക്ലബ്ബിൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കുകയായിരുന്നു.
ഈ സീസണിൽ ഇതുവരെ 18 ഗോളുകളും 17 അസിസ്റ്റുകളുമാണ് മെസി ബാഴ്സക്കായി സ്വന്തമാക്കിയത്.
എന്നാൽ മെസിയെ സ്വന്തമാക്കാൻ ബാഴ്സ കഠിനമായ ശ്രമങ്ങൾ നടത്തുമ്പോഴും താരവുമായി പി.എസ്.ജി മാനേജ്മെന്റ് കരാർ പുതുക്കാനുള്ള ചർച്ചകളിലേക്ക് കടന്നെന്ന് നേരത്തെ പ്രമുഖ ഇറ്റാലിയൻ മാധ്യമ പ്രവർത്തകനായ ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്തിരുന്നു.