| Tuesday, 4th September 2018, 4:49 pm

മാഡ്രിഡ് മികച്ച ക്ലബുകളിലൊന്നാണ്, അവന്‍ പോയത് അവരെ ദുര്‍ബലരാക്കും: ക്രിസ്റ്റ്യാനോയെ അഭിനന്ദിച്ച് ലയണല്‍ മെസ്സി

സ്പോര്‍ട്സ് ഡെസ്‌ക്

മാഡ്രിഡ്: ക്രിസ്റ്റ്യാനോയെ അഭിനന്ദിച്ച് ലയണല്‍ മെസ്സി. കാറ്റലൂണിയ റേഡിയോക്ക് നല്‍കിയ അഭിമുഖത്തിലാണ് മെസ്സി മനസ്സ് തുറന്നത്.

റയല്‍ മാഡ്രിഡിനെ പറ്റിയുള്ള ചോദ്യത്തിന് മെസ്സി നല്‍കിയ മറുപടിയാണ് ഏറ്റവും കൗതുകമുണര്‍ത്തിയത്.
“”റയല്‍ ലോകത്തിലെ ഏറ്റവും മികച്ച ക്ലബുകളിലൊന്നാണ്, അവര്‍ക്ക് മികച്ച താരങ്ങളുണ്ട്. പക്ഷേ ക്രിസ്റ്റ്യാനോയെ പോലെയൊരു താരത്തിന്റെ വിടവാങ്ങല്‍ അവരെ ദുര്‍ബലരാക്കും”” മെസ്സി പ്രതികരിച്ചു.

ക്രിസ്റ്റ്യാനോയുടെ വരവ് യുവന്റസിനെ കൂടുതല്‍ കരുത്തരാക്കുമെന്നും, ഇതുകൊണ്ട് തന്നെ ചാംപ്യന്‍സ് ലീഗ് നേടാന്‍ ഏറ്റവുമധികം സാധ്യതയുള്ള ടീമുകളിലൊന്നായി അവര്‍ മാറിക്കഴിഞ്ഞുവെന്നും മെസ്സി അഭിപ്രായപ്പെടുന്നുണ്ട്.

“”ക്രിസ്റ്റിയുടെ വരവ് അവരെ ചാംപ്യന്‍സ് ലീഗ് നേടാന്‍ ഏറ്റവും സാധ്യതയുള്ള ടീമുകളിലൊന്നാക്കുന്നുണ്ട്. ക്രിസ്റ്റിയുടെ തീരുമാനം എന്നെ അത്ഭുദപ്പെടുത്തി. അവന്‍ റയല്‍ വിടുമെന്നോ, യുവന്റസില്‍ പോകുമെന്നോ ഞാന്‍ കരുതിയിരുന്നില്ല”” മെസ്സി പറഞ്ഞു.

ഈ വര്‍ഷം ബാഴ്‌സിലോണ ചാംപ്യന്‍സ് ലീഗ് നേടേണ്ടതുണ്ടെന്നും മെസ്സി അഭിപ്രായപ്പെടുന്നുണ്ട്.

“”കഴിഞ്ഞ മൂന്ന് വര്‍ഷവും ഞങ്ങള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായി. കഴിഞ്ഞ വര്‍ഷത്തേതായിരുന്നു അതില്‍ ഏറ്റവും വിഷമിപ്പിച്ചത്. ഞങ്ങള്‍ ഇത്തവണ ചാംപ്യന്‍സ് ലീഗിലാണ് ശ്രദ്ധ ചെലുത്തുന്നത്. കാരണം ഞങ്ങള്‍ക്ക് ഈ ചാംപ്യന്‍ഷിപ്പ് ജയിക്കാന്‍ പോന്ന മികച്ച ഒരു സ്‌ക്വാഡ് ഉണ്ട്””

എല്ലാ വര്‍ഷവും മത്സരം കനക്കുകയാണെന്നും, എല്ലാ ക്ലബുകളും കൂടുതല്‍ തുക മുടക്കി താരങ്ങളെ എത്തിക്കുകയാണെന്നും മെസ്സി അഭിപ്രായപ്പെട്ടു.

2015നു ശേഷം ബാഴ്‌സിലോണയ്ക്ക് ഇതുവരെ ചാം പ്യന്‍സ് ലീഗ് നേടാന്‍ സാധിച്ചിട്ടില്ല. ചിര വൈരികളായ റയല്‍ മാഡ്രിഡാണ് കഴിഞ്ഞ മൂന്ന് തവണയും വിജയം നേടിയത്. ഇതിനിടെ ഏവരേയും ഞെട്ടിച്ച് കൊണ്ടാണ് റയല്‍ സൂപ്പര്‍ താരമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയല്‍ വിട്ട് ഇറ്റാലിയന്‍ ക്ലബായ യുവന്റസില്‍ ചേര്‍ന്നത്.

We use cookies to give you the best possible experience. Learn more