Football
അവന്‍ ഭാവിയിലെ 'മെസിയാണ്'; വരും വര്‍ഷങ്ങളില്‍ എംബാപ്പെ ബെസ്റ്റ് ആവുമെന്ന് മെസി
സ്പോര്‍ട്സ് ഡെസ്‌ക്
2022 Sep 26, 11:49 am
Monday, 26th September 2022, 5:19 pm

പി.എസ്.ജിയിലെ തന്റെ സഹതാരം കിലിയന്‍ എംബാപ്പെയെ പുകഴ്ത്തി ലയണല്‍ മെസി. എംബാപ്പെ ഒരു ബീസ്റ്റാണെന്നും വരും വര്‍ഷങ്ങളില്‍ ബെസ്റ്റില്‍ ഒരാളാവുമെന്നും മെസി പറഞ്ഞു.

ബാഴ്‌സയുമായുള്ള കരാര്‍ പുതുക്കാന്‍ സാധിക്കാതെ വന്നതോടെ കഴിഞ്ഞ വര്‍ഷമാണ് മെസി സ്റ്റാര്‍ സ്റ്റഡ്ഡഡ് പി.എസ്.ജിയിലെത്തുന്നത്. നെയ്മറിനും എംബാപ്പെക്കുമൊപ്പം മികച്ച പ്രകടനമാണ് താരം സീസണില്‍ കാഴ്ചവെക്കുന്നത്.

ടി.യു.ഡി.എന്‍ മെക്‌സിക്കോ (TUDN Mexico)യുമായി നടത്തിയ അഭിമുഖത്തിലായിരുന്നു മെസി എംബാപ്പെയെ കുറിച്ച് പറഞ്ഞത്.

എംബാപ്പെ ഒരു കംപ്ലീറ്റ് താരമാണെന്നും ഭാവിയിലെ ദി ബെസ്റ്റ് ആവാനുള്ള പൊട്ടെന്‍ഷ്യല്‍ അദ്ദേഹത്തിനുണ്ടെന്നും മെസി പറയുന്നു.

‘കിലിയന്‍ ഒരു വ്യത്യസ്തനായ താരമാണ്. വണ്‍ ഓണ്‍ വണ്‍ അവസ്ഥയില്‍ അദ്ദേഹം ഒരു ബീസ്റ്റ് തന്നെയാണ്. അദ്ദേഹം സ്‌പേസ് കണ്ടെത്തുകയും അവിടേക്ക് വേഗത്തില്‍ പന്തുമായി കുതിക്കുകയും ചെയ്യുന്നു.

അവന്‍ ഒരുപാട് ഗോളുകള്‍ നേടുന്നു. അവന്‍ ഒരു കംപ്ലീറ്റ് പ്ലെയറാണ്, ഇക്കാര്യം വര്‍ഷങ്ങളായി അവന്‍ തെളിയിച്ചുകൊണ്ടേയിരിക്കുകയാണ്. വരും വര്‍ഷങ്ങളില്‍ അവന്‍ ഏറ്റവും മികച്ച വരില്‍ ഒരാളായി മാറും,’ മെസി പറയുന്നു.

മികച്ച പ്രകടനമാണ് എംബാപ്പെ പി.എസ്.ജിക്കായി നടത്തുന്നത്. പത്ത് ഗോളാണ് താരം ഇതിനോടകം സീസണില്‍ അടിച്ചുകൂട്ടിയത്. ഏഴ് ഗോള്‍ ലീഗ് വണ്ണിലും മൂന്ന് ഗോള്‍ ചാമ്പ്യന്‍സ് ലീഗിലും സ്വന്തമാക്കിയിട്ടുണ്ട്.

മെസി – റൊണാള്‍ഡോ യുഗത്തിന് സമാനമായി പുതിയ റൈവല്‍റി തുടങ്ങിയതായും ആരാധകര്‍ വിലയിരുത്തുന്നുണ്ട്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ നോര്‍വീജിയന്‍ ഇന്റര്‍നാഷണല്‍ എര്‍ലിങ് ഹാലണ്ടിനൊപ്പമാണ് എംബാപ്പെ മത്സരിക്കുന്നതെന്നാണ് ഇവര്‍ പറയുന്നത്.

ലയണല്‍ മെസി – ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യുഗം അവസാനിച്ചെന്നും എര്‍ലിങ് ഹാലണ്ട് – കിലിയന്‍ എംബാപ്പെ യുഗം ആരംഭിച്ചെന്നുമാണ് ആരാധകര്‍ പറയുന്നത്.

 

ഖത്തറില്‍ നടക്കാനിരിക്കുന്ന ലോകകപ്പില്‍ ഫ്രാന്‍സിന്റെ തുറുപ്പുചീട്ടാണ് എംബാപ്പെ. ബെന്‍സിമക്കും ഗ്രീസ്മാനുമൊപ്പം മുന്നേറ്റത്തില്‍ തരംഗമാവാനാണ് എംബാപ്പെ ഒരുങ്ങുന്നത്.

ഡിഫന്‍ഡിങ് ചാമ്പ്യന്‍സ് കിരീടം നിലനിര്‍ത്താന്‍ പ്രയത്‌നിക്കുമ്പോള്‍ അതിന് ചുക്കാന്‍ പിടിക്കുന്നത് എംബാപ്പെ തന്നെയാവും.

 

Content Highlight: Messi praises Mbappe