2026 ലോകകപ്പിലേക്കുള്ള യോഗ്യത മത്സരത്തില്‍ അര്‍ജന്റീന ഇക്വഡോറിനെ നേരിട്ടിരുന്നു. മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് അര്‍ജന്റീനക്കൊപ്പമായിരുന്നു ജയം. മെസിയുടെ തകര്‍പ്പന്‍ ഫ്രീ കിക്കാണ് അര്‍ജന്റീനയെ വിജയത്തിലേക്ക് നയിച്ചത്.
മത്സരത്തിന് ശേഷം മെസി ദേശീയ ടീമിലെ തന്റെ സഹതാരമാ ക്രിസ്റ്റ്യന്‍ റൊമേറോയെ കുറിച്ച് പറഞ്ഞ വാചകങ്ങള്‍ ശ്രദ്ധ നേടുകയാണിപ്പോള്‍. റൊമേറോ ലോകത്തിലെ ഏറ്റവും മികച്ച പ്രതിരോധ താരങ്ങളില്‍ ഒരാള്‍ ആണെന്നാണ് മെസി പറഞ്ഞത്.
‘എന്നെ സംബന്ധിച്ച് ഇപ്പോള്‍ റൊമേറോയാണ് ലോകത്തിലെ ഏറ്റവും മികച്ച ഡിഫന്‍ഡര്‍. മികച്ച പ്രകടനമാണ് അവന്‍ ഈ രാത്രിയില്‍ കാഴ്ചവെച്ചത്. മാന്‍ ഓഫ് ദ മാച്ചും അവന്‍ തന്നെയാണ്,’ മെസി പറഞ്ഞു.
റൊമേറോ മികച്ച പ്രകടനമാണ് ടോട്ടെന്ഹാം ഹോട്‌സ്പറിലും കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. ബേണ്‍ലിക്കെതിരായ മത്സരത്തിലും ബ്രെന്‍ഡ്‌ഫോര്‍ഡിനെതിരായ മത്സരത്തിലും സ്‌കോര്‍ ചെയ്ത് സ്പഴ്‌സിനെ ജയത്തിലേക്ക് നയിക്കാന്‍ റൊമേറോക്ക് സാധിച്ചിരുന്നു.
അതേസമയം, ലോകകപ്പ് യോഗ്യതാ മത്സരത്തിന്റെ ആദ്യ പകുതിയില്‍ അര്‍ജന്റീനക്കും ഇക്വഡോറിനും സ്‌കോര്‍ ചെയ്യാന്‍ സാധിച്ചിരുന്നില്ല. മികച്ച രീതിയില്‍ പ്രതിരോധിച്ച് നിന്ന ഇക്വഡോര്‍ പടക്ക് ഒടുവില്‍ മെസിയെന്ന മജീഷ്യന് മുന്നില്‍ അടിയറവ് പറയേണ്ടിവന്നു. മത്സരത്തിന്റെ 78ാം മിനിട്ടിലായിരുന്നു മെസിയുടെ തകര്‍പ്പന്‍ ഫ്രീ കിക്ക്.
ആദ്യ പകുതിയില്‍ പന്ത് കൈവശം വെച്ച് ആല്‍ബിസെലസ്റ്റ് മത്സരത്തില്‍ ആധിപത്യം പുലര്‍ത്തിയിരുന്നു. മിസ് പാസുകളുടെ ഘോഷയാത്രയായിരുന്നു ആദ്യ പകുതിയില്‍ കണ്ടത്. ഒരു തവണ മാര്‍ട്ടിനെസിന്റെ പ്‌ളേസിങ് ചിപ്പ് പോസ്റ്റില്‍ തട്ടി പുറത്തേക്ക് പോയതായിരുന്നു ആദ്യ പകുതിയില്‍ ലഭിച്ച മികച്ച അവസരം.
മത്സരം തുടങ്ങി ഒരു മണിക്കൂര്‍ പിന്നിട്ടപ്പോഴാണ് അര്‍ജന്റീനയുടെ എക്‌സ്പേര്‍ട്ട് താരം എയ്ഞ്ചല്‍ ഡി മരിയ കളത്തിലിറങ്ങുന്നത്. 75ാം മിനിട്ടില്‍ ലൗട്ടാരോ മാര്‍ട്ടിനെസിനെ പിന്‍വലിച്ച് യുവ സൂപ്പര്‍ താരം ജൂലിയന്‍ അല്‍വാരസും കളിത്തട്ടിലെത്തി.
അവസാനഘട്ടം വരെ ലീഡുയര്‍ത്താന്‍ അര്‍ജന്റീന കിണഞ്ഞുപരിശ്രമിച്ചെങ്കിലും ഇക്വഡോര്‍ വഴങ്ങിയില്ല. 88ാം മിനിട്ടില്‍ ലയണല്‍ മെസി കളം വിടുമ്പോള്‍ താരത്തിന് ആദരമര്‍പ്പിച്ച് കൊണ്ട് ഗാലറിയില്‍ കരഘോഷം മുഴങ്ങുകയായിരുന്നു.
Content Highlights: Messi praises Cristian Romero after the win against Ecuador