കഴിഞ്ഞ ദിവസം ലീഗ്‌സ് കപ്പിന്റെ ഫൈനല്‍ മത്സരത്തില്‍ നാഷ്‌വില്ലിനെ തോല്‍പിച്ച് ഇന്റര്‍ മയാമി കപ്പുയര്‍ത്തിയിരുന്നു. നിശ്ചിത സമയത്ത് മത്സരം സമനിലയില്‍ പിരിഞ്ഞപ്പോള്‍ പെനാല്‍ട്ടി ഷൂട്ടൗട്ടിലൂടെയാണ് വിജയികളെ നിര്‍ണയിച്ചത്.
ഇരു ടീമിന്റെയും ഗോള്‍ കീപ്പര്‍മാര്‍ അടക്കമുള്ള 11 താരങ്ങളും കിക്കെടുത്തപ്പോള്‍ മെസിയുടെ ഇന്റര്‍ മയാമി 10-9നായിരുന്നു വിജയിച്ചത്. മെസി ഇന്റര്‍ മയാമിയിലെത്തിയതിന് പിന്നാലെ ടീം ഒറ്റ മത്സരത്തില്‍ പോലും പരാജയപ്പെട്ടിരുന്നില്ല. മെസി മാജിക്കില്‍ ടീം ആദ്യ കിരീടവും നേടി.
എന്നാല്‍ തുടര്‍ച്ചയായ മത്സരങ്ങളും ഫൈനലുകളും വിജയിച്ച മെസി ഒരാളോട് പരാജയപ്പെടുന്ന വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്. പരാജയപ്പെട്ടതാകട്ടെ എട്ട് വയസുകാരനായ തന്റെ മകന്‍ മാത്തിയോയോടും.
നാഷ്‌വില്ലിനോടുള്ള വിജയാഘോഷങ്ങള്‍ക്ക് പിന്നാലെ മാത്തിയോ മെസിയെ റോക്ക് പേപ്പര്‍ സിസര്‍ കളിക്കാന്‍ ചലഞ്ച് ചെയ്യുകയായിരുന്നു. എന്നാല്‍ കളിക്കളത്തില്‍ മാന്ത്രികത പുറത്തെടുക്കാന്‍ സാധിക്കാതെ മെസി പരാജയപ്പെടുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ വൈറലാവുകയാണ്.
നാഷ്‌വില്ലിനെതിരായ ഫൈനലിന്റെ 23ാം മിനിട്ടില്‍ മെസിയിലൂടെ മയാമി മുമ്പിലെത്തിയിരുന്നു. ബോക്സിന് പുറത്ത് നിന്നുള്ള ഇടം കാലന്‍ ബുള്ളറ്റ് ഷോട്ട് എതിരാളികളുടെ ഗോള്‍വല തുളച്ചുകയറി.
ആദ്യ പകുതിയില്‍ ഒരു ഗോള്‍ വഴങ്ങേണ്ടി വന്നതിന്റെ സകല കുറവും രണ്ടാം പകുതിയില്‍ പരിഹരിച്ചാണ് നാഷ്‌വില്‍ ഇറങ്ങിയത്. രണ്ടാം പകുതിയുടെ 12ാം മിനിട്ടില്‍ അമേരിക്കന്‍ വമ്പന്‍മാര്‍ ഈക്വലൈസര്‍ ഗോള്‍ നേടി.
തുടര്‍ന്ന് ഇരുടീമിന്റെയും ഗോള്‍മുഖം നിരന്തര ആക്രമണ ഭീഷണയിലായിരുന്നു. എന്നാല്‍ ഗോള്‍ നേടാന്‍ ഇരുവര്‍ക്കും സാധിക്കാതെ പോയതോടെയാണ് മത്സരം പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് കടന്നത്.
ഈ വിജയത്തിന് പിന്നാലെ ഒരു റെക്കോഡും മെസിയെ തേടിയെത്തിയിരുന്നു. ഫുട്‌ബോളിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം ഇന്‍ഡിവിജ്വല്‍ ടൈറ്റിലുകളുള്ള താരം എന്ന റെക്കോഡാണ് മെസി സ്വന്തമാക്കിയത്. സൂപ്പര്‍ താരത്തിന്റെ 44ാമത് കിരീടമാണിത്.
മെസിയെ മെസിയാക്കിയ ബാഴ്‌സലോണക്കൊപ്പം യു.സി.എല്ലും ക്ലബ്ബ് വേള്‍ഡ് കപ്പും അടക്കം 35 കിരീടം നേടിയ താരം അര്‍ജന്റൈന്‍ ദേശീയ ടീമിനൊപ്പം അഞ്ച് കിരീടവും നേടി.
പി.എസ്.ജിക്കൊപ്പം മൂന്ന് കിരീടം നേടിയ മെസി അമേരിക്കന്‍ മണ്ണില്‍ നിന്നും 44ാം കിരീടം തന്റെ പോര്‍ട്‌ഫോളിയോയിലേക്ക് എഴുതിച്ചേര്‍ക്കുകയായിരുന്നു.
മറ്റൊരു ട്രോഫി കൂടി നേടാനാണ് ഇന്റര്‍ മയാമി തയ്യാറെടുക്കുന്നത്. തങ്ങളുടെ കയ്യകലത്തുള്ള യു.എസ് ഓപ്പണ്‍ കപ്പ് മയാമിയുടെ ഷെല്‍ഫിലെത്തിക്കുകയാണ് ഇനി മെസിയുടെയും സംഘത്തിന്റെയും ലക്ഷ്യം. അതിന് രണ്ട് വിജയം കൂടിയാണ് മയാമിക്ക് വേണ്ടത്.
ഓഗസ്റ്റ് 24നാണ് ഓപ്പണ്‍ കപ്പിന്റെ സെമി ഫൈനല്‍ നടക്കുന്നത്. എം.എല്‍.എസിലെ കരുത്തരായ സിന്‍സിനാട്ടിയാണ് എതിരാളികള്‍.
Content Highlight: Messi plays Rock Paper Scissors with his son