ഫുട്‌ബോളിലെ ഭാവി സൂപ്പര്‍ താരങ്ങളെ തെരഞ്ഞെടുത്ത് ലയണല്‍ മെസി. മെസി+10 ടീമിലേക്ക് ബാഴ്‌സലോണയുടെ സ്പാനിഷ് സൂപ്പര്‍ താരം ലാമിന്‍ യമാലിനെയടക്കം പത്ത് താരങ്ങളെയാണ് അര്‍ജന്റൈന്‍ ലെജന്‍ഡ് തെരഞ്ഞെടുത്തത്. എല്ലാവരും 20 വയസില്‍ താഴെയുള്ളവരാണ്.
അഡിഡാസിന്റെ മെസി+10 ക്യാമ്പെയ്‌നിന്റെ ഭാഗമായാണ് താരം ഇവരെ തെരഞ്ഞെടുത്തത്. ഇവര്‍ക്കായി പ്രത്യേക ബൂട്ടുകളും അഡിഡാസ് നല്‍കും.
ബാഴ്‌സലോണ പ്രോഡിജിയായ ലാമിന്‍ യമാലാണ് ഇതിലെ പ്രധാനി. ഇത്തവണത്തെ ബാലണ്‍ ഡി ഓര്‍ പട്ടികയില്‍ ഇടം പിടിച്ച 30 പേരില്‍ ഒരാള്‍ കൂടിയാണ് ഈ സ്പാനിഷ് ഇന്റര്‍നാഷണല്‍. ബാലണ്‍ ഡി ഓര്‍ നോമിനേഷനില്‍ ഇടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടവും 17ാം വയസില്‍ യമാല്‍ സ്വന്തമാക്കിയിരുന്നു.
അര്‍ജന്റൈന്‍ സെന്‍സേഷന്‍ ക്ലാഡിയോ എച്ചെവെരിയാണ് മെസി തെരഞ്ഞെടുത്തവരിലെ മറ്റൊരു പേരുകാരന്‍. അടുത്ത വര്‍ഷം മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് കൂടുമാറാനൊരുങ്ങുകയാണ് റിവര്‍പ്ലേറ്റിന്റെ ഈ 18കാരന്‍.
മേജര്‍ ലീഗ് സോക്കര്‍ ടീമായ ഫിലാഡല്‍ഫിയ യൂണിയന്റെ 15കാരന്‍ കാവന്‍ സള്ളിവനാണ് മറ്റൊരു താരം. തന്റെ 14ാം വയസില്‍ എം.എല്‍.എസ് അരങ്ങേറ്റം കുറിച്ച് താരം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.
മാഞ്ചസ്റ്റര്‍ സിറ്റിയുടെ ജോയല്‍ നദാല, യുവന്റസിന്റെ കെനന്‍ യില്‍ഡിസ്, മോണോക്കോ യുവതാരം എല്ലിസ് ബെന്‍ സെഗിര്‍, ആര്‍.ബി ലീപ്‌സീഗ് ഈ സമ്മറില്‍ ടീമിലെത്തിച്ച ആന്റോണിയോ നൂസയും അസാന്‍ ഔഡ്രാഗോയും മെസിയുടെ ടോപ് ടെന്‍ ലിസ്റ്റില്‍ ഇടം നേടി.
ബാഴ്‌സലോണ ഫെമിനി സൂപ്പര്‍ താരം വിക്കി ലോപസാണ് മെസി+10ല്‍ ഇടം നേടിയ മറ്റൊരു താരം. ബാഴ്‌സലോണക്കും സ്‌പെയ്ന്‍ നാഷണല്‍ ടീമിനും വേണ്ടിയാണ് ഈ 18കാരി കളത്തിലിറങ്ങുന്നത്. സാന്‍ ഡിയാഗോ വേവ്‌സിന്റെ ടീമേജ് താരം ജെയ്ഡിന്‍ ഷോയും മെസി+10ന്റെ ഭാഗമാണ്.