ലോകകപ്പിൽ റെക്കോഡ്‌ മഴ പെയ്യിച്ച് സാക്ഷാൽ മിശിഹാ; ഇത്തവണ മറികടന്നത് പെലെയെ
2022 FIFA World Cup
ലോകകപ്പിൽ റെക്കോഡ്‌ മഴ പെയ്യിച്ച് സാക്ഷാൽ മിശിഹാ; ഇത്തവണ മറികടന്നത് പെലെയെ
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 10th December 2022, 4:25 pm

 

ഖത്തർ ലോകകപ്പിലെ ആവേശകരമായ ക്വാർട്ടർ പോരാട്ടത്തിൽ യൂറോപ്യൻ ശക്തികളായ നെതർലാൻഡ്സിനെ ഷൂട്ടൗട്ടിൽ തകർത്ത് സെമി ഫൈനൽ ഉറപ്പിച്ചിരിക്കുകയാണ് മെസിയും സംഘവും.

കളിയുടെ നിശ്ചിത സമയവും ,അധിക സമയവും പൂർത്തിയായപ്പോൾ 2-2 എന്ന നിലയിലായിരുന്നു സ്കോർ നില.
തുടർന്ന് പെനാൽട്ടി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിൽ അർജന്റീന വിജയവും സെമി ഫൈനൽ ബെർത്തും സ്വന്തമാക്കുകയായിരുന്നു.

മത്സരത്തിന്റെ 73ാം മിനിട്ടിൽ ലഭിച്ച പെനാൽട്ടി ലക്ഷ്യത്തിലെത്തിക്കാൻ സാധിച്ചതോടെ ലോകകപ്പിലെ തന്റെ ഗോൾ നേട്ടം പത്തായി ഉയർത്താൻ മെസിക്ക് സാധിച്ചിട്ടുണ്ട്. 24 ലോകകപ്പ് മത്സരങ്ങളിൽ നിന്നുമാണ് മെസി തന്റെ ലോകകപ്പ് ഗോൾ നേട്ടം ഇരട്ട അക്കത്തിലെത്തിക്കുന്നത്. ഇതോടെ അർജന്റീനയുടെ മുൻ താരം ഗബ്രിയേൽ ബാറ്റിസ്റ്റുട്ടയുടെ ഗോൾ നേട്ടത്തിനൊപ്പം എത്താനും മെസിക്കായി.

ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന അർജന്റീന താരം എന്ന റെക്കോഡ്‌ സ്വന്തമാക്കാൻ മെസിക്ക് ഇനി ഒരു ഗോൾ മാത്രമേ നേടേണ്ടതുള്ളൂ.

കൂടാതെ ലോകകപ്പ് ചരിത്രത്തിൽ നോക്കൗട്ട് ഘട്ടത്തിൽ അർജന്റീനക്കായി ഏറ്റവും കൂടുതൽ അസിസ്റ്റ് നൽകിയ താരമെന്ന റെക്കോഡും നെതർലാൻഡ്സിനെതിരെയുള്ള മത്സരത്തിൽ മെസി സ്വന്തമാക്കി. മൊളീനക്ക് നൽകിയ അസിസ്റ്റോടെ ലോകകപ്പിലെ നോക്കൗട്ട് സ്റ്റേജിലെ അസിസ്റ്റിന്റെ എണ്ണം മെസി അഞ്ചാക്കി വർധിപ്പിച്ചു.

പെലെയുടെ റെക്കോഡാണ് മെസി മറികടന്നത്. കൂടാതെ ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളവസരം സൃഷ്‌ടിച്ച താരം എന്ന റെക്കോർഡും മിശിഹ സ്വന്തം പേരിലാക്കി. ഒറ്റ മത്സരത്തിൽ നിന്നുമാണ് മെസി ഇത്രയേറെ റെക്കോഡുകൾ സ്വന്തം പേരിലേക്ക് കൂട്ടിച്ചേർത്തത്.

കൂടാതെ ലോകകപ്പിലെ ഏറ്റവും കൂടുതൽ പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരവും നെതർലാൻഡ്സിനെതിരെയുള്ള മത്സരത്തിൽ മെസി സ്വന്തം പേരിലാക്കി. ഒമ്പത് പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരങ്ങ ളാണ് മെസിയുടെ പേരിൽ ഇതുവരെയുള്ളത്.

നിലവിൽ ലോകകപ്പിൽ മത്സരിക്കുന്ന താരങ്ങളിൽ ഏറ്റവും കൂടുതൽ ഗോളുകൾ സ്വന്തം പേരിലുള്ള പ്ലെയറും മെസി തന്നെയാണ്.

ഇനി അർജന്റീനക്ക് ഒരു മത്സരവും തോൽക്കാതിരുന്നാൽ പരമാവധി രണ്ട് മത്സരങ്ങളാണ് ലോകകപ്പിൽ കളിക്കാൻ സാധിക്കുന്നത്.ഈ രണ്ട് മത്സരങ്ങളിലും കൂടി സ്കോർ ചെയ്യാനായാൽ മെസിക്ക് തന്റെ പേരിൽ എഴുതിച്ചേർക്കപ്പെട്ട റെക്കോർഡുകൾ ഇനിയും വർധിപ്പിക്കാം.

അതേസമയം ഡിസംബർ 14ന് ഇന്ത്യൻ സമയം പുലർച്ചെ 12:30ന് ക്രൊയേഷ്യക്കെതിരെയാണ് അർജന്റീനയുടെ സെമി ഫൈനൽ മത്സരം. മത്സരത്തിൽ ലൂക്കാ മോഡ്രിച്ചിനെയും സംഘത്തിനെയും പരാജയപ്പെടുത്താൻ സാധിച്ചാൽ ഡിസംബർ 18ന് നടക്കുന്ന ലോകകപ്പ് ഫൈനലിൽ എത്തുന്ന ആദ്യ ടീമാകാൻ അർജന്റീനക്ക് സാധിക്കും.

Content Highlights:messi overtake pele record in fifa worldcup