മെസിയോ റൊണാൾഡോയോ മികച്ച താരം? ഉത്തരവുമായി ബ്രസീൽ ഇതിഹാസം
football news
മെസിയോ റൊണാൾഡോയോ മികച്ച താരം? ഉത്തരവുമായി ബ്രസീൽ ഇതിഹാസം
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 24th January 2023, 4:24 pm

സമകാലിക ലോക ഫുട്ബോളിലെ ഏറ്റവും മികച്ച രണ്ട് താരങ്ങളാണ് മെസിയും റൊണാൾഡോയും. ഒരു പതിറ്റാണ്ടിലേറെ കാലമായി മികച്ച താരം ആര് എന്ന മത്സരത്തിൽ പരസ്പരം പോരടിക്കുകയാണ് ഇരു താരങ്ങളും.

ലോകഫുട്ബോളിലെ തന്നെ നിലവിലെ G.O.A.T(Greatest Of All Time ) ആരെന്ന തർക്കത്തിൽ മെസിയുടെയും റൊണാൾഡോയുടെയും പക്ഷം പിടിച്ച് ഇരു ചേരിയിലാണ് ഭൂരിഭാഗം ഫുട്ബോൾ ആരാധകരും.

എന്നാൽ മെസിയോ റൊണാൾഡോയോ മികച്ചത് എന്ന ചോദ്യത്തിൽ തന്റെ അഭിപ്രായവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ബ്രസീലിന്റെ എക്കാലത്തെയും ഇതിഹാസ താരങ്ങളിലൊരാളായ റൊണാൾഡീന്യോ.

രണ്ട് പ്ലെയേഴ്സിനും അവരുടേതായ മികച്ച വശങ്ങൾ ഉണ്ടെന്ന് അവകാശപ്പെട്ട റൊണാൾഡീന്യോ, എന്നാൽ ഇരുവരിലും വെച്ച് ഒരു താരത്തെയാണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ടതെന്നും കൂട്ടിച്ചേർത്തു.

“മെസി ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ്. മെസി മൈതാനത്ത് പ്രകടിപ്പിക്കുന്ന കളിമികവ് മറ്റാർക്കും കാഴ്ച വെക്കാൻ സാധിക്കില്ല. എന്നാൽ റൊണാൾഡോയെ പറ്റി പറയുകയാണെങ്കിൽ അദ്ദേഹം പൂർണനായ കളിക്കാരനാണ്.

കളിക്കളത്തിൽ ഒരു താരത്തിന് എന്തൊക്കെ കാര്യങ്ങൾ ആവശ്യമുണ്ടോ, അതെല്ലാം റൊണാൾഡോയിലുണ്ട്. പക്ഷെ ഇവരിൽ ആരാണ് മികച്ചതെന്ന് ചോദിച്ചാൽ അത് ഓരോരുത്തരുടെയും അഭിരുചിയെ ആശ്രയിച്ചിരിക്കും എന്നാണ് എന്റെ മറുപടി.എന്റെ അഭിപ്രായത്തിൽ മെസി തന്നെയാണ് ഏറ്റവും മികച്ച പ്ലെയർ,’ റോണാൾഡീന്യോ പറഞ്ഞു.

“മെസിയുടെ ഒപ്പം കളിക്കുക എന്നത് എന്നെ സംബന്ധിച്ച് വളരെ സന്തോഷം പകരുന്ന കാര്യമാണ്. ഞങ്ങൾക്ക് ഒരുപാട് സമയം ഒരുമിച്ച് കളിക്കാൻ സാധിച്ചിട്ടില്ല. പക്ഷെ ഒരിക്കൽ കൂടി മെസിക്കൊപ്പം കളിക്കണം എന്നാണ് എന്റെ ആഗ്രഹം,’ റോണാൾഡീന്യോ കൂട്ടിച്ചേർത്തു.

2020ൽ നടന്ന ഒരു വാർത്താസമ്മേളനത്തിലാണ് മികച്ച താരത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് റോണാൾഡീന്യോ പ്രകടിപ്പിച്ചത്.

അതേസമയം 2022 കലണ്ടർ വർഷത്തെ ഏറ്റവും മികച്ച പുരുഷ ഫുട്ബോൾ താരത്തിനുള്ള ബാലൻ ഡി ഓർ പുരസ്കാരം ആര് സ്വന്തമാക്കും എന്ന ആകാംക്ഷയിലാണ് ഫുട്ബോൾ ലോകം. മെസിയും എംബാപ്പെയും തമ്മിലായിരിക്കും ബാലൻ ഡി ഓറിനായി കടുത്ത മത്സരം ഉണ്ടാവുക എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

 

Content Highlights:Messi or Ronaldo is best player? Brazil legend have answer