മോഡേണ്‍ ഡേ ഫുട്‌ബോളിലെ പ്രധാന ചര്‍ച്ചയും എന്നാല്‍ ഇന്നും കൃത്യമായ ഉത്തരം ലഭിക്കാത്തതുമായ ചോദ്യമാണ് മെസിയാണോ അതോ റൊണാള്‍ഡോയാണോ മികച്ച താരം എന്നത്. ഇരുവരും മികച്ച താരങ്ങളാണെന്ന് ആര്‍ക്കും തന്നെ എതിരഭിപ്രായമുണ്ടാവില്ല, എന്നാല്‍ ഇവരിലാരാണ് മികച്ചവന്‍ എന്ന ചോദ്യമുണ്ടാവുമ്പോഴാണ് തര്‍ക്കങ്ങള്‍ ഉടലെടുക്കുന്നത്.
ലോകഫുട്‌ബോളിലെ എല്ലാ താരങ്ങളും കരിയറിന്റെ ഏതെങ്കിലുമൊരു ഘട്ടത്തില്‍ ഈ ചോദ്യം നേരിട്ടുള്ളവരാണ്. ചില താരങ്ങളെ സംബന്ധിച്ച് ലയണല്‍ മെസി ഏറ്റവും മികച്ച താരമാവുമ്പോള്‍ ചിലരെ സംബന്ധിച്ച് അത് റൊണാള്‍ഡോയാണ്.
ഇവരില്‍ ചില സൂപ്പര്‍ താരങ്ങളെയും അവരുടെ മികച്ച താരത്തേയും പരിശോധിക്കാം.
സ്ലാട്ടന്‍ ഇബ്രാഹമോവിച്ച് – മെസി
ഇബ്രയെ സംബന്ധിച്ച് മികച്ച താരം മെസിയാണ്. അത് അദ്ദേഹം ഒന്നല്ല പല തവണ, പല അഭിമുഖങ്ങളിലും വ്യക്തമാക്കിയതുമാണ്.
‘മെസി വണ്‍ ഓഫ് എ കൈന്‍ഡാണ്. അദ്ദേഹം ചെയ്യുന്ന പല കാര്യങ്ങളും മറ്റേതെങ്കിലും താരത്തിന് ചെയ്യാന്‍ സാധിക്കുമോ എന്നെനിക്ക് അറിയില്ല. മറ്റുള്ളവരില്‍ നിന്നും അദ്ദേഹം വ്യത്യസ്തനാണ്. ഇതൊരിക്കലും നാച്ചുറലല്ല, കഠിനമായ പരിശ്രമത്തിന്റെ ഫലമാണ്,’ എന്നായിരുന്നു സ്ലാട്ടന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത്.
ബ്രൂണോ ഫെര്‍ണാണ്ടസ് – റൊണാള്‍ഡോ
ദേശീയ ടീമിലും ക്ലബ്ബ് ഫുട്‌ബോളിലും റൊണോയുടെ സഹതാരമായ ബ്രൂണോ ഫെര്‍ണാണ്ടസിന് തന്റെ ഗോട്ടിനെ കുറിച്ച് ഒരു സംശയവുമില്ല. ക്രിസ്റ്റിയാനോയെ തന്നെയാണ് അദ്ദേഹം തെരഞ്ഞെടുത്തിരിക്കുന്നത്.
‘ക്രിസ്റ്റിയാനോ ലോകത്തിലെ തന്നെ ഏറ്റവും മികച്ച താരമാണ്. അദ്ദേഹം 15 വര്‍ഷമായി ഒന്നാമനായി തന്നെ തുടരുന്നു. ഇത് ഏറെ കഠിനമായ കാര്യമാണ്,’ എന്നാണ് ഫെര്‍ണാണ്ടസിന്റെ അഭിപ്രായം.
മെസിക്കൊപ്പം ബാഴ്‌സയിലും ഇപ്പോള്‍ പി.എസ്.ജിയിലും കളിക്കുന്ന ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറിനെ സംബന്ധിച്ച് മെസിയാണ് റൊണാള്‍ഡോയെക്കാള്‍ മികച്ച താരം.
‘മെസിക്കൊപ്പം കളിക്കുന്നത് തന്നെ വളരെ വ്യത്യസ്തമായ ഒരു അനുഭവമാണ്. ഞാന്‍ കണ്ടവരില്‍ മെസിയാണ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരം,’ നെയ്മര്‍ പറയുന്നു.
ഗാരത് ബെയ്ല്‍ – റൊണാള്‍ഡോ
എം.എസ്.എന്‍ ത്രയത്തിന് പകരം വെക്കാന്‍ പോന്ന ബി.ബി.സി ത്രയത്തിലെ സൂപ്പര്‍ താരം ഗാരത് ബെയ്‌ലിന്റെ അഭിപ്രായത്തില്‍ റൊണാള്‍ഡോ തന്നെയാണ് മികച്ച താരം.
‘ ഈ ചോദ്യത്തിന് ഉത്തരം പറയേണ്ടതുണ്ടോ? എന്നെ സംബന്ധിച്ച് ലോകത്തിലെ ഏറ്റവും മികച്ച താരം റൊണാള്‍ഡോയാണ്,’ എന്നായിരുന്നു ഒരു അഭിമുഖത്തില്‍ ബെയ്‌ലിന്റെ മറുപടി.
ഏയ്ഞ്ചല്‍ ഡി മരിയ – മെസി
മെസിയുടെ അര്‍ജന്റൈന്‍ അമീഗോ ഡി മരിയയെ സംബന്ധിച്ച് ഗോട്ട് തര്‍ക്കത്തില്‍ ഒരു സംശയവുമില്ല. തന്റെ സഹതാരത്തെ തന്നെയാണ് മികച്ചവനായി ഡി മരിയ കണക്കാക്കുന്നത്.
‘മെസി മറ്റൊരു ലോകത്ത് നിന്നും ഉള്ള ഒരു താരമാണ്. ഞാന്‍ ക്രിസ്റ്റ്യാനോ, നെയ്മര്‍, എംബാപ്പെ, റൂണി, വാന്‍ പേഴ്‌സി, ഇബ്രാഹമോവിച്ച്, ബെന്‍സിമ, ബെയ്ല്‍ എന്നിവര്‍ക്കൊപ്പമെല്ലാം തന്നെ കളിച്ചിട്ടുണ്ട്. എന്നാല്‍ മെസിയെ പോലെ ഒരാളെ കണ്ടിട്ടില്ല, അദ്ദേഹം യുണീക്കാണ്,’ എന്നായിരുന്നു ഡി മരിയയുടെ അഭിപ്രായം.
റൊമേലു ലുകാകു – റൊണാള്‍ഡോ
ഇന്ററിന്റെയും ബെല്‍ജിയത്തിന്റെയും സൂപ്പര്‍ താരം റൊമേലു ലുകാകുവിനെ സംബന്ധിച്ച് റൊണാള്‍ഡോ ആണ് മികച്ച താരം.
ഒരു പത്രസമ്മേളനത്തിനിടെ ഈ ചോദ്യം ഉന്നയിക്കപ്പെട്ടപ്പോള്‍, തലയില്‍ കൈവെച്ചുകൊണ്ട് ‘ ഓ ഗോഡ്, ഇറ്റ്‌സ് റൊണാള്‍ഡോ മാന്‍’ എന്നായിരുന്നു താരത്തിന്റെ മറുപടി.
റയലിന്റെ പരിശീലകനായി ചുമതലയേറ്റ്, റൊണാള്‍ഡോയെ പരിശീലിപ്പിച്ച സിദാനെ സംബന്ധിച്ച് റൊണാള്‍ഡോയാണ് ഏറ്റവും മികച്ച താരം.
‘ക്രിസ്റ്റിയാനോ ഈസ് ദി ബെസ്റ്റ്. മെസി അദ്ദേഹത്തിന്റെ റൈവലാണ്, ഈ റൈവല്‍റിയാണ് എല്ലാവര്‍ക്കും കാണേണ്ടത്. പക്ഷേ റൊണാള്‍ഡോ ഫിനോമിനലാണ്. അവനെ വര്‍ണിക്കാന്‍ ഇപ്പോഴുള്ള വാക്കുകളൊന്നും മതിയാവില്ല. എന്റെ കരിയര്‍ ഏറെ മികച്ചതായിരുന്നുവെങ്കിലും എന്നേക്കാള്‍ മികച്ചത് അവനാണെന്നാണ് ഞാന്‍ കരുതുന്നത് ഹി ഈസ് ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം,’ സിദാന്‍ പറയുന്നു.
മാനുവല്‍ നൂയര്‍ – മെസി
ജര്‍മന്‍ ഇന്റര്‍നാഷണല്‍ ഗോള്‍ കീപ്പര്‍ മാനുവല്‍ നൂയറിന്റെ ഗോട്ട് ലയണല്‍ മെസിയാണ്. മെസിയെയും റൊണാള്‍ഡോയെയും പല അവസരങ്ങളിലും നേരിട്ട നൂയറിന് ഈ ചോദ്യത്തിന് ഒറ്റവാക്കില്‍ ‘മെസി’ എന്നായിരുന്നു ഉത്തരം.
റോബര്‍ട്ടോ കാര്‍ലോസ് – റൊണാള്‍ഡോ
മെസി – റൊണാള്‍ഡോ എന്ന ചോദ്യത്തിന് ബ്രസീലിയന്‍ ഇതാഹാസം റോബര്‍ട്ടോ കര്‍ലോസ് പിന്തുണക്കുന്നത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ആണ്.
‘ഞാന്‍ അവന്‍ (റൊണാള്‍ഡോ) ട്രെയ്ന്‍ ചെയ്യുന്നത് കണ്ടിട്ടുണ്ട്. ഓരോ ദിവസവും അവന്‍ പരിശീലിക്കുന്ന രീതി ഏറെ ആവേശകരമാണ്. അവന്‍ എല്ലാ ദിവസവും മെച്ചപ്പെടാനും മെച്ചപ്പെടുത്താനുമാണ് ആഗ്രഹിക്കുന്നത്. അതാണ് അവനും മെസിയും തമ്മിലുള്ള വ്യത്യാസം.
ലിയോ ഒരു പ്രതിഭാസമാണ്. എന്നാല്‍ റൊണാള്‍ഡോയുടെ പ്രൊഫഷണലിസം, ശ്രദ്ധ, ഇന്‍സ്പിരേഷന്‍… അതിലെല്ലാം റൊണോള്‍ഡോക്ക് മറ്റെല്ലാവരേക്കാളും മുന്‍തൂക്കമുണ്ട്,’ കാര്‍ലോസ് പറയുന്നു.
പി.എസ്.ജിയുടെ സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയെ സംബന്ധിച്ച് ഈ ചോദ്യത്തിന് കൃത്യമായ ഒരു ഉത്തരം ഇനിയും തെരഞ്ഞെടുക്കാന്‍ സാധിച്ചിട്ടില്ല.
‘ഞാന്‍ ആരെയാണ് തെരഞ്ഞെടുക്കേണ്ടത്? ഇത് അമ്മ – അച്ഛന്‍ എന്നിവരില്‍ നിന്നും ഒരാളെ തെരഞ്ഞെടുക്കാന്‍ പറയുന്നതിന് തുല്യമാണ്. എനിക്കതിന് കഴിയില്ല,’ എംബാപ്പെ പറയുന്നു.
Content Highlight: Messi or Ronaldo? From Mbappe to Zlatan, Neymar to Bale – the world’s top players choose their GOAT