ഫുട്‌ബോള്‍ ലോകത്തെ ഏറ്റവുമധികം ഞെട്ടിച്ച ട്രാന്‍സ്ഫറുകളിലൊന്നായിരുന്നു ലയണല്‍ മെസി പി.എസ്.ജിയോട് ഗുഡ് ബൈ പറഞ്ഞ് ഇന്റര്‍ മിയാമിക്കൊപ്പം ചേര്‍ന്നത്. താരം തന്റെ പഴയ തട്ടകമായ ബാഴ്‌സയിലേക്ക് മടങ്ങുമെന്നും അതല്ല സൗദി പ്രോ ലീഗ് ക്ലബ്ബായ അല്‍ ഹിലാലില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹങ്ങളെല്ലാം തുടരവെയാണ് മെസി ഇന്റര്‍ മിയാമിക്കൊപ്പം കരാറിലെത്തിയത്.
പി.എസ്.ജിയിലെ അവസാന കാലഘട്ടം മെസിയെ സംബന്ധിച്ച് മറക്കാന്‍ ആഗ്രഹിക്കുന്നത് തന്നെയായിരിക്കും. പി.എസ്.ജി ആരാധകരുടെ പ്രവൃത്തികള്‍ തന്നെയായിരുന്നു ഇതിന് കാരണവും.
മെസി ഗ്രൗണ്ടിലെത്തിയപ്പോഴെല്ലാം തന്നെ താരത്തെ കൂവി വിളിച്ചും അധിക്ഷേപിച്ചും അവര്‍ ഫുട്‌ബോള്‍ ലോകത്തിന്റെയൊന്നാകെ വിമര്‍ശനങ്ങളേറ്റുവാങ്ങി. മെസി ആദ്യമായി പി.എസ്.ജിയില്‍ എത്തിയപ്പോള്‍ ഹര്‍ഷാരവം മുഴക്കിയ അതേ ആരാധകര്‍ തന്നെയായിരുന്നു അവസാനം മെസിയെ കൂവി വിളിച്ചതും.
പി.എസ്.ജിയിലെ ആരാധകരുമായുള്ള ബന്ധത്തെ പറ്റി തുറന്നുപറയുകയാണ് മെസിയിപ്പോള്‍. ബെല്‍ എന്‍ സ്‌പോര്‍ടിന് നല്‍കിയ അഭിമുഖത്തിലാണ് പി.എസ്.ജി അള്‍ട്രാസിനൊപ്പമുള്ള തന്റെ ബന്ധത്തെ കുറിച്ച് വ്യക്തമാക്കിയത്.
‘ആദ്യം അത് വളരെ മികച്ചതായിരുന്നു. ഞാന്‍ പലപ്പോഴായി പറഞ്ഞിട്ടുള്ളതുപോലെ എനിക്ക് വളരെയധികം പ്രോത്സാഹനങ്ങള്‍ ലഭിച്ചുകൊണ്ടിരുന്നു. എന്നാല്‍ പോകെ പോകെ അതിന് മാറ്റം വന്നുതുടങ്ങി. അവര്‍ എന്നോട് വ്യത്യസ്തമായി പെരുമാറാന്‍ തുടങ്ങി.
ഭൂരിപക്ഷം ആളുകളും എന്നോട് മികച്ച രീതിയില്‍ തന്നെയാണ് പെരുമാറിയത്. എന്നാല്‍ പാരീസിലെ പൊതുജനങ്ങളുമായി ഒരു ബ്രേക്ക് എപ്പോഴുമുണ്ടായിരുന്നു. അതൊരിക്കലും മനപ്പൂര്‍വമായിരുന്നില്ല, കൂടുതലൊന്നുമില്ല.
ഇതെല്ലം മുമ്പ് നെയ്മറിനും എംബാപ്പെക്കും നേരിടേണ്ടി വന്നതാണ്. ഇത് കാര്യങ്ങള്‍ ചെയ്യുന്നതിനുള്ള അവരുടെ രീതിയാണ് എന്നാണ് ഞാന്‍ അനുമാനിക്കുന്നത്,’ മെസി പറഞ്ഞു.
പാരീസ് സെന്റ് ഷെര്‍മങ്ങിന് വേണ്ടി ചാമ്പ്യന്‍സ് ലീഗ് സ്വന്തമാക്കാന്‍ സധിച്ചിരുന്നില്ലെങ്കിലും രണ്ട് ലീഗ് ടൈറ്റിലുകള്‍ സ്വന്തമാക്കിന്‍ മെസിക്ക് സാധിച്ചിരുന്നു. പി.എസ്.ജിയുടെ 75 ശതമാനം മത്സരത്തിലും കളത്തിലിറങ്ങിയ മെസി 32 ഗോള്‍ നേടുകയും 35 ഗോളിന് വഴിയൊരുക്കുകയും ചെയ്തിരുന്നു.
Content highlight: Messi on PSG fans