| Friday, 10th September 2021, 9:02 am

ഹാട്രിക്കോടെ മെസി; പെലെയെയും സുവാരസിനേയും മറികടന്നു; റെക്കോര്‍ഡ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബ്യൂണസ് ഐറിസ്: 79ാം അന്താരാഷ്ട്ര കരിയര്‍ ഗോളുമായി കളം വാണ ‘മിശിഹാ’യുടെ ഹാട്രിക് മികവില്‍ ബൊളീവിയയെ നിഷ്പ്രഭരാക്കി അര്‍ജന്റീന. മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അര്‍ജന്റീന ബൊളീവിയയെ തോല്‍പ്പിച്ചത്.

ഇതോടെ ഏറ്റവുമധികം ഗോളുകള്‍ നേടുന്ന ലാറ്റിന്‍ അമേരിക്കന്‍ താരമായി മെസി മാറി. തന്റെ 79ാം ഗോള്‍ നേട്ടം ആഘോഷിച്ച മെസി, അന്താരാഷ്ട്ര ഗോളുകളുടെ എണ്ണത്തില്‍ ഫുട്‌ബോള്‍ ഇതിഹാസം പെലെയുടെ റെക്കോര്‍ഡ് മറികടക്കുകയും ചെയ്തു. 77 ഗോളുകളാണ് പെലെയുടെ പേരിലുള്ളത്. ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറാണ് മൂന്നാമത്. 68 ഗോളുകളാണ് ബ്രസീല്‍ മുന്നേറ്റത്തിന്റെ അമരക്കാരനായ താരത്തിന്റെ പേരിലുള്ളത്.

ബ്രസീലിനെതിരായ മത്സരം ഉപേക്ഷിച്ചതിന് പിന്നാലെ സ്വന്തം തട്ടകത്തില്‍ കളിക്കാനിറങ്ങിയ മെസി മികച്ച ഫോമിലായിരുന്നു. 14, 64, 88 മിനിറ്റുകളിലായിരുന്നു മെസിയുടെ ഗോള്‍നേട്ടം അര്‍ജന്റീനക്കായി മെസിയുടെ ഏഴാമത്തെ ഹാട്രിക്കാണ്.

26 ഗോളുമായി ലാറ്റിന്‍ അമേരിക്കയില്‍ ലോകകപ്പ് യോഗ്യത റൗണ്ട് മത്സരങ്ങളില്‍ ഏറ്റവുമധികം ഗോളുകള്‍ നേടുന്ന താരമെന്ന നേട്ടവും മെസി സ്വന്തമാക്കി. ഉറുഗ്വായ് താരം ലൂയി സുവാരസിന്റെ റെക്കോര്‍ഡാണ് മെസി മറികടന്നത്.

മത്സരത്തിന് ശേഷം കോപ്പ അമേരിക്ക ട്രോഫിയുമായി ആരാധകര്‍ക്ക് മുന്നില്‍ അര്‍ജന്റീന വിജയം ആഘോഷിക്കുകയും ചെയ്തു. കോപ്പ അമേരിക്കയ്ക്ക് ശേഷം അര്‍ജന്റീനിയന്‍ മണ്ണിലെ ആദ്യ മത്സരം കൂടിയായിരുന്നു ബൊളീവിയയുമായി നടന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Messi on Hat Trick, Record

We use cookies to give you the best possible experience. Learn more