എന്തിന് കൂകിവിളിയും കേട്ട് നില്‍ക്കണം? നിങ്ങളെ പി.എസ്.ജി അര്‍ഹിക്കുന്നില്ല, ബാഴ്‌സയിലേക്ക് മടങ്ങൂ; തിയറി ഒന്റി
Football
എന്തിന് കൂകിവിളിയും കേട്ട് നില്‍ക്കണം? നിങ്ങളെ പി.എസ്.ജി അര്‍ഹിക്കുന്നില്ല, ബാഴ്‌സയിലേക്ക് മടങ്ങൂ; തിയറി ഒന്റി
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 3rd April 2023, 12:54 pm

ലീഗ് വണ്ണില്‍ കഴിഞ്ഞ ദിവസം പി.എസ്.ജി ലിയോണുമായി ഏറ്റുമുട്ടിയിരുന്നു. പാര്‍ക് ഡെസ് പ്രിന്‍സെസില്‍ വെച്ച് നടന്ന മത്സരത്തിന് മുന്നോടിയായി പി.എസ്.ജി ആരാധകരില്‍ നിന്ന് ലയണല്‍ മെസിക്ക് കൂവലേല്‍ക്കേണ്ടി വന്നിരുന്നു. ഇതില്‍ പ്രതിഷേധിച്ച മെസി മത്സരത്തിന് ശേഷം ആരാധകരെ ഗ്രീറ്റ് ചെയ്യാതെയാണ് കളം വിട്ടത്.

പി.എസ്.ജി ആരാധകരുടെ പെരുമാറ്റത്തെ വിമര്‍ശിച്ച് നിരവധിയാളുകള്‍ രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മുന്‍ ബാഴ്‌സലോണ സ്‌ട്രൈക്കര്‍ തിയറി ഒന്റി.

പാരീസിയന്‍സില്‍ നിന്നും കൂവലുകള്‍ കേള്‍ക്കേണ്ടി വരുന്നത് ലജ്ജാകരമാണെന്നും ടീമിലെ ഏറ്റവും മികച്ച താരത്തിനോട് ഇങ്ങനെ ചെയ്യരുതെന്നും ഒന്റി പറഞ്ഞു. മെസി ബാഴ്‌സലോണയിലേക്ക് തിരിച്ച് പോകുന്നത് കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്നും ഇങ്ങനെയല്ല മെസി കരിയര്‍ അവസാനിപ്പിക്കേണ്ടതെന്നും ഒന്റി പറഞ്ഞു.

‘പി.എസ്.ജി ആരാധകരില്‍ നിന്നുള്ള കൂവലുകള്‍ എത്ര ലജ്ജാകരമാണ്. 13 ഗോളും 13 അസിസ്റ്റുകളുമുള്ള, പി.എസ്.ജിയിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാള്‍ക്ക് നേരെ ഇത്തരം കൂവലുകള്‍ ഉണ്ടാകാന്‍ പാടുള്ളതല്ല. മെസി ബാഴ്‌സലോണയില്‍ കരിയര്‍ അവസാനിപ്പിക്കണമെന്നാണ് വ്യക്തപരമായി എന്റെ അഭിപ്രായം,’ ഒന്റി പറഞ്ഞു.

അതേസമയം, ഫ്രഞ്ച് ലീഗ് വണ്ണില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ പി.എസ്.ജി തോല്‍വി വഴങ്ങിയിരുന്നു. ഒളിമ്പിക് ലിയോണ്‍ ആണ് ഏകപക്ഷീയമായ ഒരു ഗോളിന് പി.എസ്.ജിയെ തോല്‍പ്പിച്ചത്.

മത്സരത്തിന്റെ 58ാം മിനിട്ടില്‍ ബ്രാഡ്ലി ബാര്‍ക്കോളയുടെ ഗോളിലൂടെയാണ് ലിയോണ്‍ ജയം നേടിയത്. ലയണല്‍ മെസിയും കിലിയന്‍ എംബാപ്പെയും മത്സരത്തിനുണ്ടായിട്ടും പി.എസ്.ജിക്ക് സ്‌കോര്‍ ചെയ്യാന്‍ കഴിയാതിരുന്നത് വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കുകയായിരുന്നു.

മത്സരത്തില്‍ തോല്‍വി വഴങ്ങേണ്ടി വന്നെങ്കിലും പോയിന്റ് പട്ടികയില്‍ നിലവില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ് പി.എസ്.ജി. രണ്ടാം സ്ഥാനക്കാരായ ലെന്‍സിനേക്കാള്‍ ആറ് പോയിന്റിന്റെ ലീഡാണ് പി.എസ്.ജിക്കുള്ളത്. ഏപ്രില്‍ ഒമ്പതിന് നൈസിനെതിരെയാണ് പി.എസ്.ജിയുടെ അടുത്ത മത്സരം.

Content Highlights: Messi must return to Barcelona for the love of football, says Thierry Henry