സ്പാനിഷ് ടോപ്പ് ടയർ ഫുട്ബോൾ ലീഗായ ലാ ലിഗയിൽ മികച്ച പ്രകടനം കാഴ്ചവെച്ച് മുന്നേറുകയാണ് കാറ്റലോണിയൻ ക്ലബ്ബായ ബാഴ്സലോണ.
കഴിഞ്ഞ സീസണിൽ റയൽ മാഡ്രിഡ് കാഴ്ചവെച്ച അപ്രമാദിത്യത്തിനെ നിക്ഷ്പ്രഭമാക്കുന്ന പ്രകടനമാണ് ബാഴ്സലോണ കാഴ്ചവെച്ച്കൊണ്ടിരിക്കുന്നത്.
രാജ്യാന്തര മത്സരങ്ങളുടെ ഇടവേളക്ക് ശേഷം വീണ്ടും ആരംഭിച്ച ലീഗിൽ റോബർട്ട് ലെവൻഡോസ്കി, അൻസു ഫാറ്റി, ഫെറാൻ ടോറസ് എന്നീ താരങ്ങൾ നേടിയ ഗോളുകളിൽ എതിരില്ലാത്ത നാല് ഗോളുകൾക്ക് എൽച്ചെ ബാഴ്സലോണയെ പരാജയപ്പെടുത്തിയിരുന്നു.
ലെവൻഡോസ്കിക്ക് കളിയിൽ ഇരട്ട ഗോളുകൾ സ്വന്തമാക്കാൻ സാധിച്ചിരുന്നു.
മത്സരത്തിലുടനീളം വ്യക്തമായ ആധിപത്യത്തോടെ കളിക്കാൻ സാധിച്ച ബാഴ്സ എൽച്ചെയുടെ പോസ്റ്റിലേക്ക് തൊടുത്ത ആറ് ഷോട്ടുകളിൽ നാലും ഗോളാക്കി മാറ്റാൻ ക്ലബ്ബിന് സാധിച്ചിരുന്നു.
എന്നാൽ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച് ഫോമിലേക്ക് തിരിച്ചെത്തിയ അൻസു ഫാറ്റിയെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് സോഷ്യൽ മീഡിയ.
മെസിയുടെ പത്താം നമ്പർ ജേഴ്സിയണിഞ്ഞ് കളിക്കുന്ന താരം അതിനൊത്ത പ്രകടനം കാഴ്ചവെച്ചിരിക്കുന്നു എന്നാണ് ആരാധകർ അൻസുവിനെ പ്രശംസിച്ചിരിക്കുന്നത്.
കൂടാതെ അൻസുവിന്റെ വിമർശകർ ഇനി വാ അടച്ച് മിണ്ടാതിരിക്കണമെന്നും, മെസി അൻസുവിനെ ഓർത്ത് അഭിമാനിക്കുന്നുണ്ടാകുമെന്നുമെല്ലാം ആരാധകർ താരത്തെ അഭിനന്ദിച്ച് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നുണ്ട്.
അതേസമയം അൻസുവിനെ ബാഴ്സയുടെ പരിശീലകനായ സാവി ടീമിൽ വേണ്ടത്ര ഉപയോഗപ്പെടുത്തുന്നില്ലെന്നും താരത്തിന് ക്ലബ്ബിൽ ആവശ്യത്തിന് അവസരം ലഭിക്കുന്നില്ലെന്നും ആരോപിച്ച് അൻസുവിന്റെ പിതാവ് രംഗത്തെത്തിയിരുന്നു.
സാവി തന്റെ മകന്റെ ഭാവി നശിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ചർച്ചകൾ ഫുട്ബോൾ ലോകത്ത് സജീവമായിരുന്നു.
അതേസമയം ലാ ലിഗയിൽ നിലവിൽ 27 മത്സരങ്ങളിൽ നിന്നും 23 വിജയങ്ങളുമായി 71 പോയിന്റോടെ ഒന്നാം സ്ഥാനത്താണ് ബാഴ്സലോണ.
26 മത്സരങ്ങളിൽ നിന്നും 56 പോയിന്റുമായി രണ്ടാമതുള്ള റയലിനേക്കാൾ ബഹുദൂരം മുന്നിലാണ് ബാഴ്സയുടെ സ്ഥാനം.
ഏപ്രിൽ ആറിന് കോപ്പ ഡെൽ റേയിൽ റയൽ മാഡ്രിഡിനെതിരെയാണ് ബാഴ്സയുടെ അടുത്ത മത്സരം.
Content Highlights:Messi must be proud fans hails ansu fati