ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പി.എസ്.ജിയില്‍ നിന്ന് സൂപ്പര്‍താരം കിലിയന്‍ എംബാപ്പെ ഈ സീസണിന്റെ അവസാനത്തോടെ ക്ലബ്ബ് വിടുമെന്ന് റിപ്പോര്‍ട്ട്. പി.എസ്.ജിയുമായി 2024 വരെയുള്ള കരാറിലാണ് എംബാപ്പെ ഒപ്പ് വെച്ചത്. കരാര്‍ അവസാനിച്ചാലും ഒരു വര്‍ഷത്തേക്ക് കൂടി താരത്തിന് കരാര്‍ പുതുക്കാനുള്ള അവസരമുണ്ട്.
എന്നാല്‍ വരാനിരിക്കുന്ന ട്രാന്‍സ്ഫറില്‍ താരം റയല്‍ മാഡ്രിഡിലേക്ക് ചേക്കേറുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എംബാപ്പെയുടെ ട്രാന്‍സ്ഫര്‍ സംബന്ധ വിവരങ്ങള്‍ റേഡിയോ മാര്‍ക്ക ജേണലിസ്റ്റ് അന്റോണിയോ ഗുയിജാറോയാണ് റിപ്പോര്‍ട്ട് ചെയ്തത്.
അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയുടെ പി.എസ്.ജിയുമായുള്ള കരാര്‍ വരുന്ന ജൂണിലാണ് അവസാനിക്കുക. മെസിയുമായുള്ള കരാര്‍ പുതുക്കുന്നതിന് പലതവണ പി.എസ്.ജി ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും താരം അതിന് തയ്യാറായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ക്ലബ്ബ് ഫുട്‌ബോളില്‍ മെസിയുടെ ഭാവി അനിശ്ചിതത്വത്തിലായിരിക്കെ താരം തന്റെ പഴയ തട്ടകമായ ബാഴ്‌സലോണ എഫ്.സിയിലേക്ക് മടങ്ങുമെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇതിനകം സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ ഹിലാലില്‍ നിന്ന് താരത്തിന് വമ്പന്‍ ഓഫര്‍ വെച്ചുനീട്ടിയിരുന്നെങ്കിലും മെസി അത് സ്വീകരിച്ചിട്ടില്ലെന്നും യൂറോപ്പില്‍ തന്നെ കളിച്ച് വിരമിക്കാനാണ് താരം പദ്ധതിയിടുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
യൂവേഫ ചാമ്പ്യന്‍സ് ലീഗില്‍ തങ്ങളുടെ കന്നി കിരീടമുയര്‍ത്തണമെന്ന സ്വപ്‌നവുമായാണ് പി.എസ്.ജി ഉയര്‍ന്ന വേതനം നല്‍കി സൂപ്പര്‍താരങ്ങളെ ക്ലബ്ബില്‍ നിലനിര്‍ത്തിയിരുന്നത്. എന്നാല്‍ ടൂര്‍ണമെന്റിന്റെ റൗണ്ട് ഓഫ് 16ല്‍ തന്നെ പി.എസ്.ജി ബയേണ്‍ മ്യൂണിക്കിനോട് തോല്‍വി വഴങ്ങി ചാമ്പ്യന്‍ ലീഗില്‍ നിന്ന് എലിമിനേറ്റ് ചെയ്യപ്പെടുകയായിരുന്നു.
ലീഗ് വണ്ണില്‍ 30 മത്സരങ്ങളില്‍ നിന്ന് 22 വിജയവുമായി 69 പോയിന്റോടെ ഒന്നാം സ്ഥാനത്താണ് പി.എസ്.ജി. ഏപ്രില്‍ 22ന് എയ്‌ഞ്ചേഴ്‌സിനെതിരെയാണ് പി.എസ്.ജിയുടെ അടുത്ത മത്സരം.