ഡ്രെസിങ് റൂമിൽ പിക്വെ ഒരു 'യൂദാസാണെന്ന്' എഴുതി വെച്ചിട്ടാണ് മെസി ബാഴ്സ വിട്ടത്; സ്പാനിഷ് മാധ്യമ പ്രവർത്തകൻ
football news
ഡ്രെസിങ് റൂമിൽ പിക്വെ ഒരു 'യൂദാസാണെന്ന്' എഴുതി വെച്ചിട്ടാണ് മെസി ബാഴ്സ വിട്ടത്; സ്പാനിഷ് മാധ്യമ പ്രവർത്തകൻ
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 7th February 2023, 7:30 pm

ലയണൽ മെസി വളർന്ന് വലുതായ ക്ലബ്ബ്‌ എന്ന നിലയിലാണ് ബാഴ്സയെ കേരളത്തിലടക്കം വലിയൊരുകൂട്ടം ഫുട്ബോൾ ആരാധകർ നെഞ്ചിലേറ്റിയത്.
അർജന്റീനയിൽ നിന്ന് ബാഴ്സലോണയുടെ അക്കാദമിയായ ലാ മാസിയയിലൂടെയാണ് മെസി കളി പഠിച്ചത്. ക്ലബ്ബ് കാലഘട്ടത്തിൽ തന്നെ മെസിയുടെ ഉറ്റ സുഹൃത്തായിരുന്നു സ്പാനിഷ് ഫുട്ബോളർ ജെറാദ് പിക്വെ.

എന്നാൽ പിന്നീട് പിക്വെയുമായി മെസിയുടെ ബന്ധം വഷളാവുകയായിരുന്നു. മെസി ബാഴ്സ വിട്ട സമയത്ത് അതിന്റെ പിന്നിൽ പിക്വെയാണെന്ന് പല കോണുകളിൽ നിന്നും വിമർശനം ഉയർന്നിരുന്നു. എന്നാൽ അതിനെക്കുറിച്ച് സ്ഥിരീകരിക്കപ്പെട്ട റിപ്പോർട്ടുകളൊന്നും പുറത്ത് വന്നിട്ടില്ല.

2021ലാണ് മെസി ബാഴ്സ വിട്ടത്. താരത്തിന് പ്രതിഫലം നൽകാൻ കഴിയാത്ത അവസ്ഥയിലേക്ക് ക്ലബ്ബ്‌ എത്തി എന്ന് ബാഴ്സ മെസിയെ അറിയിച്ചതോടെയാണ് താരം പി.എസ്.ജിയിലേക്ക് കൂടുമാറിയത്.

എന്നാൽ മെസിയെ ക്ലബ്ബിൽ നിന്നും ഒഴിവാക്കിയാൽ ബാഴ്സയുടെ സാമ്പത്തിക ബാധ്യതകൾ അവസാനിക്കുമെന്ന് പിക്വെ ക്ലബ്ബ് പ്രസിഡന്റ്‌ ലപോർട്ടയോട് പറഞ്ഞതായി നിരവധി റിപ്പോർട്ടുകൾ മാർക്കയടക്കമുള്ള സ്പാനിഷ് മാധ്യമങ്ങൾ അന്ന് റിപ്പോർട്ട് ചെയ്തിരുന്നു.


എന്നാലിപ്പോൾ ബാഴ്സലോണയിൽ നിന്നും വിട്ട് പോകുന്നതിന് മുമ്പ് മെസി ഡ്രെസിങ് റൂ മിൽ പിക്വെയെ ഉദ്ദേശിച്ച് ‘യൂദാസ്’ എന്നെഴുതിവെച്ചുവെന്ന് ആരോപിച്ച് രംഗത്ത് വന്നിരിക്കുകയാണ് പ്രമുഖ മാധ്യമപ്രവർത്തകനായ പിപി എസ്ട്രാഡ.

മാർക്കയാണ് പിപിയുടെ പ്രസ്താവന റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
“സാമ്പത്തിക കാര്യവുമായി ബന്ധപ്പെട്ട് മെസി ബാഴ്സ വിടുമ്പോൾ പിക്വെ അതിന്റെ പിന്നിൽ പ്രവർത്തിച്ചിരുന്നു എന്ന് മുറുമുറുപ്പുകൾ ഉണ്ടായിരുന്നു. ക്ലബ്ബ് വിടുന്ന സമയത്ത് ലോക്കർ റൂമിൽ നിന്നും തന്റെ സാധനങ്ങൾ എടുക്കാനായി മെസി ഡ്രെസിങ് റൂമിലേക്ക് പോയി. അവിടെ ഒരു ബ്ലാക്ക് ബോർഡ് ഉണ്ടായിരുന്നു.

മെസി ഡ്രെസിങ് റൂമിൽ നിന്നും തിരിച്ചിറങ്ങുമ്പോൾ ആ ബോർഡിൽ “യൂദാസ്” എന്ന് വലിയ അക്ഷരത്തിൽ എഴുതി വെച്ചിരുന്നു,’ പിപി എസ്ട്രാഡ പറഞ്ഞു.


“പിക്വെ ഇത് കണ്ട് ജോർഡി ആൽബയോട് ആരാണ് ഇത് എഴുതിയതെന്ന് ചോദിച്ചു. ആൽബ മെസിയെന്ന് മറുപടി പറഞ്ഞു.
അപ്പോൾ ആരെക്കുറിച്ചാണ് യൂദാസ് എന്നെഴുതിയതെന്ന് പിക്വെ ആൽബയോട് ചോദിച്ചു. നിന്നെക്കുറിച്ചാണ് എന്നായിരുന്നു പിക്വെയുടെ ചോദ്യത്തിന് ആൽബ മറുപടി പറഞ്ഞത്,’ എസ്ട്രാഡ പറഞ്ഞു.

ബാല്യകാല സുഹൃത്തുക്കൾ ആയിരുന്ന മെസിയും പിക്വെയും ഒരുമിച്ച് 506 മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്. ലാ മാസിയയിൽ കളി പഠിച്ച ഇരു താരങ്ങൾക്കും പിന്നീട് ബാഴ്സലോണയുടെ സീനിയർ ടീമിലേക്ക് പ്രൊമോഷൻ ലഭിക്കുകയായിരുന്നു.

 

Content Highlights:Messi left Barca after writing in the dressing roomtPique is a ‘Judas’ said Pipi Estrada