അര്‍ജന്റീനയുടെ ഇതിഹാസ താരം ലയണല്‍ മെസിയുടെ വരവോടെ ഇന്റര്‍ മയാമിയുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ ഫോളേവേഴ്‌സിന്റെ എണ്ണം റോക്കറ്റ് പോലെ കുതിച്ചുയരുന്നു. ‘ഇന്റര്‍ മയാമി സി.എഫ്’ എന്ന ഒഫീഷ്യല്‍ ഇന്‍സ്റ്റഗ്രാം പേജില്‍ മാത്രം 4.1 മില്യണ്‍ ഫോളോവേഴ്‌സിന്റെ വര്‍ധനവാണ് കാണാനായത്.
ക്ലബ്ബിന്റെ ആയുഷ്‌ക്കാല സമ്പാദ്യത്തിന്റെ നാലിരട്ടിയാണ് മെസിയുടെ ആരാധക ബാഹുല്യം കൊണ്ട് ഒറ്റ ദിവസം മാറ്റമുണ്ടായത്. മെസിയുടെ ഔദ്യോഗിക പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് വരെ ഒരു മില്യണ്‍ ആരാധകരാണ് അമേരിക്കന്‍ ക്ലബ്ബിന് ഉണ്ടായിരുന്നത്.
ബുധനാഴ്ച അര്‍ധരാത്രിയോടെയാണ് താന്‍ ബാഴ്‌സയിലേക്ക് പോകുന്നില്ലെന്നും അമേരിക്കയിലെ ഇന്റര്‍ മയാമിയില്‍ ചേരുമെന്നും അര്‍ജന്റീനന്‍ നായകന്‍ പ്രഖ്യാപിച്ചത്. മെസി ഡേവിഡ് ബെക്കാമിന്റെ ക്ലബ്ബില്‍ ചേരുമെന്ന് നേരത്തെ തന്നെ ഉറപ്പായിരുന്നു.
രണ്ട് വര്‍ഷത്തെ കരാറിലാണ് മെസിയെ ഇന്റര്‍ മയാമി സൈന്‍ ചെയ്തിരിക്കുന്നത്. താരത്തിന് ഇന്റര്‍ മയാമി നിശ്ചയിച്ചിരിക്കുന്ന വേതനത്തെ കുറിച്ച് ഔദ്യോഗിക വിവരമൊന്നും ഇതുവരെയും പുറത്തുവിട്ടിട്ടില്ല.
അതേസമയം, പുറമെ പ്രമുഖ സ്പോര്‍ട്സ് ബ്രാന്‍ഡ് ആയ അഡിഡാസ്, ആഡംബര ഇലക്ട്രോണിക്സ് കമ്പനിയായ ആപ്പിള്‍ എന്നിവയുടെ ലാഭത്തില്‍ നിന്ന് ഓരോ വിഹിതവും കൂടാതെ താരം ക്ലബ്ബില്‍ നിന്ന് വിരമിക്കുമ്പോള്‍ ഇന്റര്‍ മിയാമിയുടെ ഒരു വിഹിതവുമാണ് എം.എല്‍.എസ് ക്ലബ്ബിന്റെ ഓഫര്‍.
പ്രമുഖ സ്പോര്‍ട്സ് ജേണലിസ്റ്റും ട്രാന്‍സ്ഫര്‍ എക്സ്പര്‍ട്ടുമായ ഫാബ്രിസിയോ റൊമാനോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
Content Highlights: messi joins inter miami and instagram followers increases