ബ്യൂണസ് ഐറിസ്: ജീവന്മരണ പോരാട്ടത്തില്‍ ഹാട്രിക് പ്രകടനത്തിലൂടെ ലയണല്‍ മെസിയെന്ന സൂപ്പര്‍ താരം അര്‍ജന്റീനയെ ലോകകപ്പിലേക്ക് കൈ പിടിച്ചുയര്‍ത്തുകയായിരുന്നു. ആ നിര്‍ണ്ണായക നിമിഷങ്ങളെ കുറിച്ച് മെസി മനസു തുറക്കുകയാണ്. അര്‍ജന്റീന ലോകകപ്പ് യോഗ്യത നേടിയില്ലായിരുന്നുവെങ്കില്‍ അത് ഭ്രാന്താകുമായിരുന്നു എന്നായിരുന്നു മത്സര ശേഷം മെസി പ്രതികരിച്ചത്.
നിര്‍ണ്ണായക മത്സരത്തില്‍ ഇക്വഡോറിനെ 3-1 ന് പരാജയപ്പെടുത്തിയാണ് മെസിയും സംഘവും റഷ്യയിലേക്ക് ടിക്കറ്റുറപ്പിച്ചത്. കിക്കോഫിന് മുമ്പു വരെ പ്ലേ ഓഫ് മാത്രമായിരുന്നു അര്‍ജന്റീനയ്ക്കു മുന്നിലുണ്ടായിരുന്നത്. അവിടെ നിന്നും തകര്‍പ്പന്‍ വിജയത്തിലൂടെ യോഗ്യത ടീം നേടിയെടുക്കുകയായിരുന്നു. 38 സെക്കന്റില്‍ തന്നെ ആദ്യ ഗോള്‍ വഴങ്ങിയതിന് ശേഷമായിരുന്ന ലാറ്റിനമേരിക്കന്‍ കരുത്തരുടെ തിരിച്ചു വരവ്.
“ഭയത്തോടു തന്നെയായിരുന്നു ഇങ്ങോട്ടു കളിക്കാന്‍ വന്നത്. ഭാഗ്യവശാല്‍ ഞങ്ങള്‍ നന്നായി കളിച്ചു.” മെസി പറയുന്നു. ലക്ഷ്യം നേടിയെന്നും അതാണ് ഏറ്റവും പ്രധാനപ്പെട്ടതെന്ന് പറഞ്ഞ മെസി ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ സഹായിച്ചതില്‍ ദൈവത്തിന് നന്ദി പറയുകയും ചെയ്തു.
” ലോകകപ്പില്‍ ഇല്ലാതായിരുന്നുവെങ്കില്‍ ഭ്രാന്താകുമായിരുന്നു. മൂന്ന് ഫൈനലുകളില്‍ തുടരെ കളിച്ചിട്ടും ടീമിനെതിരെ കടുത്ത വിമര്‍ശനങ്ങളാണുള്ളത്. അതുകൊണ്ട് തന്നെ ഇന്നത്തെ മത്സരം വളരെ പ്രധാനപ്പെട്ടതായിരുന്നു. പ്രത്യേകിച്ചും സീനിയര്‍ താരങ്ങള്‍ക്ക്”. സൂപ്പര്‍ താരം കൂട്ടിച്ചേര്‍ക്കുന്നു.
പ്രസില്‍ നിന്നും ആളുകളില്‍ നിന്നും അകന്നു നിന്നത് താരങ്ങളെ പരസ്പരം അടുപ്പിക്കുന്നതില്‍ സഹായിച്ചെന്നും ഒരുമിച്ച് നിന്നതിന്റെ ഫലം കണ്ടെന്നും ഒരുമിച്ച് നിന്നാല്‍ എല്ലാം എളുപ്പമാകുമെന്നും താരം പറഞ്ഞു.