പി.എസ്.ജിയുടെ ആക്രമണത്രയത്തിലൊരുവനായ കിലിയന്‍ എംബാപെ ക്ലബ്ബ് വിടാന്‍ കാരണം സൂപ്പര്‍ താരം ലയണല്‍ മെസിയാണെന്ന് ഫ്രഞ്ച് പത്രം ലേ പാരീസ്. പാരീസ് സെന്റ് ഷെര്‍മാങ്ങിനൊപ്പം മികച്ച രീതിയില്‍ പൊയ്‌ക്കൊണ്ടിരുന്ന എംബാപെ, ടീം വിടാനുള്ള പ്രധാന കാരണം മെസിയാണെന്നാണ് പത്രം പറയുന്നത്.
ഇരുവരും തമ്മില്‍ മൂപ്പിളമ തര്‍ക്കമാണെന്നും മെസി വന്നതോടെ ക്ലബ്ബില്‍ എംബാപെയുടെ സാറ്റാര്‍ വാല്യൂ നഷ്ടമായതായും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
മെസിയെ സ്വന്തമാക്കിയത് പി.എസ്.ജിയുടെ തെറ്റായ തീരുമാനങ്ങളില്‍ ഒന്നായിരുന്നുവെന്നും ഇത് എംബാപെയെ ക്ലബ്ബ് വിടാന്‍ പ്രേരിപ്പിക്കുന്നതിന് തുല്യമാണെന്നും ലേ പാരീസ് അഭിപ്രായപ്പെടുന്നു.
നേരത്തെ നെയ്മറും എംബാപ്പയും ഒരുപോലെ അനുഭവിച്ചിരുന്ന ടീമിലെ ഏറ്റവും മികച്ച താരമെന്ന പദവി സ്വാഭാവികമായും ഇപ്പോള്‍ മെസിക്കാണു ലഭിക്കുന്നത്. മെസി ടീമിലെത്തിയത് മികച്ച പ്രകടനം നടത്തിയിരുന്ന നെയ്മര്‍-എംബാപ്പെ സഖ്യത്തെ ബാധിച്ചുവെന്നും അവര്‍ വ്യക്തമാക്കുന്നു.
ഈ സീസണില്‍ ടീമിനായി 22 ഗോളുകളും 16 അസിസ്റ്റും സ്വന്തമാക്കി എംബാപെ മിന്നുന്ന ഫോമിലാണെങ്കിലും പി.എസ്.ജിക്ക് തങ്ങളുടെ സ്വഭാവിക പ്രകടനം ഇനിയും പുറത്തെടുക്കാനായിട്ടില്ല.
പി.എസ്.ജിയുടെ ആക്രമണത്തിന്റെ ചുമതല ഒറ്റയ്ക്ക് ചുമലിലേറ്റാന്‍ എംബാപെ പ്രാപ്തനായ സാഹചര്യത്തില്‍ മെസിയെ ടീമിലെത്തിക്കേണ്ട ആവശ്യം ടീം മാനേജ്‌മെന്റിന് ഉണ്ടായിരുന്നോ എന്നും ലേ പാരീസ് ചോദിക്കുന്നുണ്ട്. എംബാപെയ്ക്ക് ടീം വിടുകയല്ലാതെ മറ്റൊരു ചോയ്‌സും ഇല്ലാതാക്കുകയാണ് ടീം ചെയ്തതെന്നും പത്രം ആരോപിക്കുന്നു.
അതേസമയം, സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡ് എംബാപെയെ സ്വന്തമാക്കാനുള്ള ചരടുവലികളും തുടങ്ങിയിട്ടുണ്ട്. അടുത്ത ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ താരം റയലിലെത്തുമെന്നും എംബാപെയ്ക്കായി റെക്കോഡ് പ്രതിഫലമാണ് വാഗ്ദാനം ചെയ്തതെന്നും റയലുമായി ബന്ധമുള്ള വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പി.എസ്.ജിയില്‍ കളിക്കുമ്പോള്‍ താരത്തിന് ലഭിക്കുന്നതിന്റെ ഇരട്ടി തുകയാണ് സ്പാനിഷ് ക്ലബ്ബ് എംബാപെയ്ക്ക് നല്‍കാനൊരുങ്ങുന്നത്. പ്രതിവര്‍ഷം 50 ദശലക്ഷം ഡോളര്‍ (416 കോടി രൂപ) ആണ് റയല്‍ മാഡ്രിന്റെ ഓഫര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
കരാര്‍ നീട്ടാന്‍ എംബാപെയുമായി പി.എസ്.ജി നിരവധി തവണ ചര്‍ച്ചകള്‍ നടത്തിയെങ്കിലും കരാര്‍ പുതുക്കാന്‍ താരം വിസമ്മതിക്കുകയായിരുന്നു.
ജനുവരി ട്രാന്‍സ്ഫര്‍ കാലയളവില്‍ താന്‍ ഫ്രഞ്ച് ക്ലബ്ബ് വിടുന്നില്ലെന്ന് എംബാപെ വ്യക്തമാക്കിയിരുന്നു.
ഫ്രഞ്ച് ക്ലബ്ബായ എ.എസ് മൊണാക്കോയിലൂടെ പ്രൊഫഷണല്‍ രംഗത്ത് അരങ്ങേറിയ എംബാപെ 2017-ലാണ് പി.എസ്.ജിയിലെത്തുന്നത്്. വായ്പാടിസ്ഥാനത്തില്‍ ടീമിലെത്തിയ താരത്തെ പിന്നീട് 180 ദശലക്ഷം ഡോളര്‍ നല്‍കി പി.എസ്.ജി സ്വന്തമാക്കുകയായിരുന്നു.
2018-19 മുതല്‍ തുടര്‍ച്ചയായ മൂന്നു സീസണില്‍ ലീഗ് ടോപ് സ്‌കോററായ എംബാപെ റയലിന്റെ കണ്ണിലെ ‘നോട്ടപ്പുള്ളി’യാകുകയായിരുന്നു. എംബാപെ കൂടി ടീമിലെത്തുന്നതോടെ ടീമിന്റെ മുന്നേറ്റ നിര കൂടുതല്‍ ഉണര്‍ന്നു കളിക്കുമെന്നാണ് ടീം മാനേജ്മെന്റ് കണക്കുകൂട്ടല്‍.
പി.എസ്.ജിക്കു വേണ്ടി 100 മത്സരങ്ങളില്‍ 88-ഗോളുകള്‍ അടിച്ചുകൂട്ടിയ എംബാപെ ഫ്രാന്‍സ് ദേശീയ ടീമിനു വേണ്ടിയും തിളങ്ങിയിരുന്നു. 53 മത്സരങ്ങളില്‍ 24-ഉം ഗോളുകളാണ് എംബാപെ ദേശീയ ടീമിന് വേണ്ടി അടിച്ചുകൂട്ടിയത്.
Content highlight: Messi is the Reason for Mbape leaving PSG, Says French Newspaper