| Saturday, 4th February 2023, 3:22 pm

ലോക ഫുട്ബോളിൽ ഉണ്ടായിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച താരമാണ് മെസി; താരത്തിന്റെ മുൻ എതിരാളി

സ്പോര്‍ട്സ് ഡെസ്‌ക്

സമകാലിക ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ട് താരങ്ങളാണ് മെസിയും റൊണാൾഡോയും. ഒരു പതിറ്റാണ്ടിലേറെ കാലമായി ഇരു താരങ്ങളും മികച്ച താരം ആണെന്നുള്ള മത്സരത്തിലാണ്. ഇരു വരുടെയും ഒപ്പം ചേർന്ന് ലോക ഫുട്ബോളിലെ വലിയൊരു കൂട്ടം ആരാധകരും പക്ഷം പിടിച്ചിട്ടുണ്ട്.

എന്നാലിപ്പോൾ മെസിയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ സഹതാരവും മുൻ എതിരാളിയുമായിരുന്ന സെർജിയോ റാമോസ്.

നിലവിൽ മെസിക്കൊപ്പം പി.എസ്.ജിയിലാണ് സ്പാനിഷ് താരമായ റാമോസ് മത്സരിക്കുന്നത്. എന്നാൽ മുൻപ് മെസി ബാഴ്സലോണയിൽ കളിച്ചിരുന്ന കാലത്ത് റയൽ മാഡ്രിഡ് താരമായിരുന്നു റാമോസ്.

ഇരുവരും തമ്മിൽ ബാഴ്സ-റയൽ കാലത്ത് വലിയ ഏറ്റുമുട്ടലുകൾ നടന്നിട്ടുണ്ട്. 2010ൽ റയലിനെ ബാഴ്സ എതിരില്ലാത്ത അഞ്ച് ഗോളിന് തോൽപിച്ച മത്സരത്തിൽ മെസിക്കെതിരെ അപകടകരമായ ഫൗൾ നടത്തി റാമോസ് ചുവപ്പ് കാർഡ് വാങ്ങിയിരുന്നു.

അന്ന് റൊണാൾഡോയായിരുന്നു റാമോസിന്റെ സഹതാരം. റയൽ മാഡ്രിഡ്‌ ക്യാമ്പിൽ റോണോയുടെ അടുത്ത സുഹൃത്ത് കൂടിയായിരുന്നു റാമോസ്.
മെസിക്കൊപ്പവും റൊണാൾഡോക്കൊപ്പവും കളിക്കാൻ അവസരം ലഭിച്ചിട്ടുള്ള അപൂർവം താരങ്ങളിലൊരാളുമാണ് റാമോസ്.


പി.എസ്.ജി ടി.വിക്ക് നൽകിയ അഭിമുഖത്തിലാണ് റാമോസ് മെസിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്.

“ഞാൻ മെസിക്കെതിരെ ഒരുപാട് നാൾ കളിച്ചിട്ടുണ്ട്. അദ്ദേഹത്തിനെതിരെ കളിക്കുന്നത് തീർച്ചയായും ബുദ്ധിമുട്ടേറിയ കാര്യമാണ്. എന്നാലിപ്പോൾ അദ്ദേഹത്തിനൊപ്പം കളിക്കുന്നത് ഞാൻ നന്നായി ആസ്വദിക്കുന്നുണ്ട്. ഫുട്ബോൾ ചരിത്രത്തിൽ ഉണ്ടായിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച താരമാണ് മെസി,’ റാമോസ് പറഞ്ഞു.

എന്നാൽ മെസിയും റാമോസും അടുത്ത സീസണിൽ പി.എസ്.ജിയിൽ തുടരുമോ എന്ന കാര്യം സംശയത്തിലാണ്. ഇരു താരങ്ങളുടെയും പി.എസ്.ജിയിലെ കരാർ 2023 ജൂണിൽ അവസാനിക്കും എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

അതിനാൽ തന്നെ മറ്റു പല ക്ലബ്ബുകളും ഇരു താരങ്ങളെയും നോട്ടമിട്ട് രംഗത്തുണ്ട്. മെസിക്കായി ബാഴ്സ, ഇന്റർ മിയാമി, അൽ ഹിലാൽ എന്നീ ക്ലബ്ബുകൾ രംഗത്തുണ്ട്. റാമോസിനെ സ്വന്തമാക്കാൻ അൽ നസറും വലിയ തോതിൽ ശ്രമങ്ങൾ നടത്തുന്നുണ്ട്.

എന്നാൽ ഇരു താരങ്ങളുമായുള്ള കോൺട്രാക്ട് പി.എസ്.ജി പുതുക്കുമെന്നും വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

അതേസമയം ശനിയാഴ്ച രാത്രി ഇന്ത്യൻ സമയം 9:30ന് ടോളോസിനെതിരെയാണ് പി. എസ്.ജിയുടെ അടുത്ത മത്സരം.
മത്സരത്തിൽ വിജയിച്ചാൽ പി.എസ്.ജിക്ക് ടേബിളിലെ ലീഡ് ഇനിയും വർധിപ്പിക്കാൻ സാധിക്കും.

Content Highlights:Messi is the best player in world football; said Sergio Ramos

We use cookies to give you the best possible experience. Learn more