ബെര്‍ലിന്‍: ലോക ഫുട്‌ബോളിലെ അതുല്യ പ്രതിഭയാണ് ലയണല്‍ മെസ്സിയെന്ന് ജര്‍മ്മന്‍ ഇതിഹാസം ഗെര്‍ഡ് മുള്ളര്‍. ഒരു കലണ്ടര്‍ വര്‍ഷം 86 ഗോള്‍ നേടി പുതിയ ചരിത്രം കുറിച്ച മെസ്സിയുടെ നേട്ടത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദേഹം.[]
ഒരു വര്‍ഷത്തില്‍ 85 ഗോളെന്ന ഗേര്‍ഡ് മുള്ളറുടെ റെക്കോര്‍ഡ് തകര്‍ത്താണ് ബാഴ്‌സലോണന്‍ താരം ലയണല്‍ മെസ്സി ചരിത്രം കുറിച്ചത്.
“ലോകഫുട്‌ബോളില്‍ ഞാന്‍ ചേര്‍ത്ത് വെച്ച റെക്കോഡ് 40 വര്‍ഷം നീണ്ടു നിന്നു. ആ വലിയ കാലയളവില്‍ നീണ്ടുനിന്ന റെക്കോഡ് തിരുത്താന്‍ മഹാനായ മെസ്സി വന്നു.
അതില്‍ ഞാന്‍ സന്തോഷിക്കുന്നു. മെസ്സി അതുല്യനായ പ്രതിഭയാണ്. അദ്ദേഹത്തില്‍ നിന്നും ഫുട്‌ബോള്‍ ലോകം കണ്ടതിനേക്കാളേറെ ഇനി കാണാനുണ്ടെന്നാണ് എനിയ്ക്ക്
തോന്നുന്നത്.”മുള്ളര്‍ പറഞ്ഞു.
ഒരു കലണ്ടര്‍ വര്‍ഷം കുറിച്ച 86 ഗോളില്‍ മൂന്നെണ്ണം മാത്രമാണ് ഹെഡറിലൂടെ നേടിയത്. മാത്രമല്ല 86 ഗോളുകളില്‍ 74 എണ്ണവും ബോക്‌സിനുള്ളില്‍ നിന്ന് സ്‌കോര്‍ ചെയ്തവയാണ്. ബാക്കി പന്ത്രണ്ടെണ്ണം ബോക്‌സിന് പുറത്തുനിന്നും.
മികച്ച പാസുകളും വേഗവും വെട്ടിത്തിരിയാനുള്ള മെയ്‌വഴക്കവുമാണ് മെസ്സിയുടെ കരുത്ത്. ഇതിനെല്ലാം ഉപരിയായി പന്തിന്റെ സ്ഥാനവും എതിരാളിയുടെ നീക്കവും മറ്റുകളിക്കാരെക്കാള്‍ വേഗം മെസ്സിക്ക് മനസിലാവും.
റയല്‍ ബെറ്റിസിനെതിരായ മത്സരത്തില്‍ ഇരട്ട ഗോള്‍ നേടിയതോടെയാണ് അര്‍ജന്റീനന്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍ മെസ്സി 40 വര്‍ഷം പഴക്കമുള്ള മുള്ളറുടെ റെക്കോര്‍ഡ് തകര്‍ത്തത്.
66 മത്സരങ്ങളില്‍ നിന്നാണ് മെസ്സി 86 ഗോള്‍ നേടിയത്. ഈ വര്‍ഷം ഇതുവരെ ബാഴ്‌സലോണയ്ക്കായി 74 ഗോളുകളും അര്‍ജന്റീനയ്ക്കായി 12 ഗോളുകളുമാണ് മെസ്സി നേടിയത്.
ബെറ്റിസിനെതിരായ മത്സരത്തിന്റെ പതിനാറാം മിനിറ്റില്‍ തന്നെ മെസ്സി 85 ഗോളെന്ന മുള്ളറുടെ റെക്കോര്‍ഡിനൊപ്പമെത്തി. അഡ്രിയാനോയില്‍ നിന്നും ലഭിച്ച പാസ് മെസ്സി ഇടങ്കാലന്‍ ഷോട്ടിലൂടെ വലയിലെത്തിക്കുകയായിരുന്നു.
ഇരുപത്തഞ്ചുകാരനായ മെസ്സിയുടെ ചരിത്ര ഗോള്‍ പിറക്കുന്നത് ഇരുപത്തിയഞ്ചാം മിനിറ്റിലാണ്. ആന്ദ്ര ഇനിയെസ്റ്റയാണ് മെസ്സിക്ക് ഗോളടിക്കാനുള്ള അവസരം സൃഷ്ടിച്ചത്. മറ്റൊരു ഇടങ്കാലന്‍ ഷോട്ടിലൂടെ മെസ്സി ഗോളടിച്ചപ്പോള്‍ പതിറ്റാണ്ടുകള്‍ പഴക്കമുള്ള റെക്കോര്‍ഡാണ് മാറിമറിഞ്ഞത്.