| Tuesday, 24th January 2023, 9:56 pm

മെസി മഹാനാണ്; താരത്തെ മഹത്വമുള്ളതാക്കുന്നത് അദ്ദേഹത്തിന്റെ വിനയം; പ്രതികരിച്ച് സൂപ്പർ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഫ്രാൻസിനെ തകർത്ത് അർജന്റീന ലോകകപ്പ് നേടിയപ്പോൾ മികച്ച പ്രകടനത്തോടെ മുന്നിൽ നിന്നും നയിച്ചത് സാക്ഷാൽ ലയണൽ മെസിയായിരുന്നു.

ഏഴ് ഗോളുകളും മൂന്ന് അസിസ്റ്റുകളും നേടി അസാമാന്യ പ്രകടനം കാഴ്ച വെച്ച സാക്ഷാൽ മിശിഹ തന്നെയായിരുന്നു ലോകകപ്പിലെ മികച്ച താരവും.

ഖത്തർ ലോകകപ്പിൽ മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ സ്വന്തമാക്കിയതോടെ ഈ പുരസ്കാരം രണ്ട് തവണ നേടിയ ആദ്യ താരം എന്ന റെക്കോർഡും മെസി സ്വന്തം പേരിലാക്കിയിരുന്നു.

ഇപ്പോൾ മെസിയുടെ വ്യക്തിത്വത്തെയും കളി മികവിനെയും പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് അർജന്റീനയുടെ ലോകകപ്പ് സ്‌ക്വാഡ് താരം ക്രിസ്റ്റ്യൻ റൊമേറോ.

മെസിയുടെ വിനയമാണ് അദ്ദേഹത്തിന്റെ പ്ലസ് പോയിന്റെന്നും മെസിയോടൊപ്പം ചെലവിട്ട സമയമാണ് തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച നിമിഷങ്ങളെന്നുമാണ് റൊമേറോ അഭിപ്രായപ്പെട്ടത്. ടൈംസിനോടുള്ള അഭിമുഖത്തിലാണ് താരം മെസിയെക്കുറിച്ചുള്ള തന്റെ അഭിപ്രായങ്ങൾ തുറന്ന് പറഞ്ഞത്.

“ഫുട്ബോളിനെക്കുറിച്ച് എന്തെങ്കിലും അറിവുള്ളവർക്ക് മെസിയാണ് മികച്ച താരം എന്ന കാര്യത്തിൽ യാതൊരു അഭിപ്രായ വ്യത്യാസവുമുണ്ടാകാൻ ഇടയില്ല.പക്ഷെ മെസിയെന്ന വ്യക്തിയെക്കുറിച്ചും അദ്ദേഹം എന്നോടൊത്ത് ചിലവഴിച്ച നിമിഷത്തെക്കുറിച്ചുമാണ് എപ്പോഴും എന്റെ ചിന്ത.

എന്നോട് വളരെ വിനയത്തോടുകൂടിയും സ്നേഹത്തോടുകൂടിയുമാണ് അദ്ദേഹം പെരുമാറിയിട്ടുള്ളത്.ഇതുകൊണ്ടൊക്കെ തന്നെയാണ് അദ്ദേഹത്തെ എപ്പോഴും മികച്ച താരം എന്ന് വിശേഷിപ്പിക്കുന്നത്,’ റൊമേറോ കൂട്ടിച്ചേർത്തു.


ടോട്ടൻഹാം ഹോട്സ്പയറിന്റെ പ്രതിരോധ നിര താരമാണ് ക്രിസ്റ്റ്യൻ റൊമേറോ. ലോകകപ്പിൽ അർജന്റീനക്കായി മികച്ച പ്രകടനമാണ് ഡിഫൻസീവ് ഡിപ്പാർട്മെന്റിൽ താരം കാഴ്ചവെച്ചത്.

അതേസമയം പി.എസ്.ജിയുടെ ഫ്രഞ്ച് കപ്പിലെ പായിസ് ഡി കാസെലിനെതിരായ മത്സരത്തിൽ മെസി മത്സരിക്കാനിറങ്ങിയിരുന്നില്ല. റെയിംസിനെതിരായ പി.എസ്.ജിയുടെ അടുത്ത ലീഗ് വൺ മത്സരത്തിൽ താരം കളിക്കാലത്തിലുണ്ടാകുമെന്നാണ് കോച്ച് ക്രിസ്റ്റഫെ ഗാൾട്ടിയർ അറിയിച്ചിരിക്കുന്നത്.

Content Highlights:Messi is great; What makes him great is his humility;said cristian romero

We use cookies to give you the best possible experience. Learn more