ഫുട്‌ബോള്‍ ലോകത്ത് എന്നും ചര്‍ച്ച നടക്കുന്ന കാര്യമാണ് മെസിയാണൊ റോണാള്‍ഡോയാണോ മികച്ചതെന്ന്. അര്‍ജന്റീനയുടെ എക്കാലത്തേയും വലിയ ഇതിഹാസമാണ് മെസിയെങ്കില്‍ പോര്‍ച്ചുഗലിന്റെ എക്കാലത്തേയും വലിയ സൂപ്പര്‍താരമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡൊ.
ആരാധകര്‍ക്കിടയിലും ഫുട്‌ബോള്‍ നിരീക്ഷകരുടെ ഇടയിലും ഇവരില്‍ ആരാണ് മികച്ചതെന്ന് ഇന്നും തര്‍ക്കം നിലനില്‍ക്കുന്ന വിഷയമാണ്. ഫുട്‌ബോള്‍ പിന്തുടരുന്നവരെ രണ്ട് വിഭാഗമായിട്ട് തിരിച്ചാല്‍ അതില്‍ ഒരു വിഭാഗം റോണോയുടെ കൂടെയും ഒരു വിഭാഗം മെസിയുടെ കൂടെയുമായിരിക്കും നിലകൊള്ളുക.
ഇപ്പോഴിതാ മെസിയെയും റോണോയെയും കുറിച്ച് വ്യത്യസ്ത താരതമ്യവുമായി രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് താരമായ ഡാനി മില്‍സ്.
ഫുട്‌ബോളില്‍ താന്‍ കണ്ടതില്‍ വെച്ചേറ്റവും മികച്ച കളിക്കാരന്‍ മെസിയാണെങ്കിലും അദ്ദേഹത്തെ പ്രീമിയര്‍ ലീഗിലെ മികച്ച ക്ലബ്ബുകളൊന്നും സ്വന്തമാക്കാന്‍ ശ്രമിക്കില്ലെന്നാണ് മില്‍സിന്റെ വാദം. റോണോയുടെ നേട്ടങ്ങള്‍ ഒരുപടി മുകളിലാണെന്നും അദ്ദേഹം വമ്പന്‍ മത്സരങ്ങളില്‍ തിളങ്ങുന്ന താരമാണെന്നും മില്‍സ് ചൂണ്ടിക്കാട്ടി.
Danny Mills believes none of the top Premier League teams would take Lionel Messi right nowhttps://t.co/RSaAiYyGOp
— talkSPORT (@talkSPORT) July 6, 2022
‘ഞാന്‍ കണ്ടതില്‍ വെച്ചേറ്റവും മികച്ച താരമാണ് മെസി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ നേട്ടങ്ങള്‍ കുറച്ചു മുകളിലാണ്, താരം വമ്പന്‍ മത്സരങ്ങളില്‍ തിളങ്ങുന്ന കളിക്കാരനാണ്. എന്നാല്‍ ഒരു ഫുട്‌ബോളര്‍ എന്ന നിലയില്‍ മെസിയാണ് ഏറ്റവും മഹത്തായ താരം,’ മില്‍സ് പറഞ്ഞു.
‘പക്ഷെ മെസിയെ നിങ്ങളുടെ ടീമിലെടുക്കുമോ? സാധ്യതയില്ല. പ്രീമിയര്‍ ലീഗിലെ ടോപ് സിക്സ് ടീമുകളൊന്നും താരത്തെ സ്വന്തമാക്കാന്‍ തയ്യാറാവില്ല. ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ സിറ്റി, ടോട്ടന്‍ഹാം എന്നീ ടീമുകളൊന്നും അതിനു തയ്യാറാവില്ല,’ മില്‍സി കൂട്ടിച്ചേര്‍ത്തു.
ടീംടോക്കിനോട് സംസാരിക്കുമ്പോഴായിരുന്നു മില്‍സിന്റെ തുറന്നുപറച്ചില്‍. പ്രീമിയര്‍ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ സിറ്റിയുടെ താരമായിരുന്നു മില്‍സ്.
ബാഴ്സലോണയില്‍ നിന്നും പി.എസ്.ജിയിലേക്ക് ചേക്കേറിയതിനു ശേഷം മെസിക്ക് തന്റെ ഏറ്റവും മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞില്ലെങ്കിലും കഴിഞ്ഞ സീസണില്‍ പതിനൊന്നു ഗോളുകളും പതിനഞ്ച് അസിസ്റ്റുകളും താരം നേടിയിട്ടുണ്ട്. പി.എസ്.ജിയില്‍ തന്നെ തുടരുമെന്നുറപ്പുള്ള താരം അടുത്ത സീസണില്‍ ഇതിനേക്കാള്‍ മികച്ച പ്രകടനം നടത്തുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
Content Highlights: Messi is better than Ronaldo but he cant play at premier league