| Sunday, 29th January 2023, 7:58 pm

മെസി അതുല്യനായ കളിക്കാരൻ; ഇതു പോലൊരു താരത്തെ മുമ്പ് നേരിട്ടിട്ടില്ല; ഇംഗ്ലീഷ് സൂപ്പർ താരം

സ്പോര്‍ട്സ് ഡെസ്‌ക്

സമകാലിക ഫുട്ബോൾ ലോകത്തെ ഇതിഹാസ താരങ്ങളിലൊരാളാണ് മെസി. ലോകകപ്പ് കിരീടം കൂടി സ്വന്തമാക്കാൻ സാധിച്ചതോടെ ക്ലബ്ബ്‌, രാജ്യാന്തര കരിയറിൽ നിന്നും മേജർ ടൈറ്റിലുകളെല്ലാം സ്വന്തമാക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

നിലവിൽ ഏഴ് ബാലൻ ഡി ഓർ പുരസ്കാരം സ്വന്തമായുള്ള താരം തന്നെയാണ് 2022ലെ ഏറ്റവും മികച്ച താരത്തിനുള്ള ബാലൻ ഡി ഓർ പുരസ്കാര സാധ്യത പട്ടികയിലും മുൻ പന്തിയിലുള്ളത്.

തന്റെ കരിയറിൽ നേരിട്ടത്തിൽ ഏറ്റവും പ്രയാസമുള്ള താരമായിരുന്നു മെസിയെന്നും കളിക്കളത്തിൽ മാന്ത്രികത സൃഷ്‌ടിക്കുന്ന താരമാണ് അദ്ദേഹമെന്നും പരാമർശിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഇംഗ്ലീഷ് പ്രതിരോധ നിര താരമായ കീറൻ ട്രിപ്പിയർ.

കളിക്കളത്തിൽ മാന്ത്രികതയോടെയാണ് മെസി മുന്നേറുന്നതും അദ്ദേഹത്തിന്റെ കാലിൽ നിന്നും പന്തെടുക്കുക ഏറെക്കുറെ അസാധ്യമാണെന്നും ട്രിപ്പിയർ കൂട്ടിച്ചേർത്തു.

“ഞാൻ എന്റെ ദീർഘ നാളത്തെ കരിയറിൽ പല താരങ്ങളെയും നേരിട്ടിട്ടുണ്ട്. എന്നാൽ എനിക്ക് എതിരെ കളിക്കാൻ ഏറ്റവും പ്രയാസം തോന്നിയ താരം മെസിയാണ്. അദ്ദേഹത്തെ നേരിടുക ബുദ്ധിമുട്ടേറിയ പ്രവർത്തിയാണ്. കളിക്കളത്തിൽ മാന്ത്രികതയോടെയാണ് അദ്ദേഹം മുന്നേറുക.

അതിനാൽ തന്നെ അദ്ദേഹത്തിന്റെ കാലിൽ നിന്നും പന്തെടുക്കുക എന്നത് ഏറെക്കുറെ അസാധ്യമായ കാര്യമാണ്,’ ട്രിപ്പിയർ പറഞ്ഞു.
നിലവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ന്യൂ കാസിൽ യുണൈറ്റഡിന് വേണ്ടി കളിക്കുന്ന ട്രിപ്പിയർ മുമ്പ് സ്പാനിഷ് ലീഗ് ക്ലബ്ബ്‌ അത് ലറ്റിക്കോ മാഡ്രിഡിന്റെ താരമായിരുന്നു.

അത് ലറ്റിക്കോയിൽ കളിക്കുന്ന കാലത്ത് മെസിക്കെതിരെ നാല് തവണ കളിക്കാൻ അദ്ദേഹത്തിന് അവസരം ലഭിച്ചിട്ടുണ്ട്.കൂടാതെ പ്രീമിയർ ലീഗ് ക്ലബ്ബ് ടോട്ടൻഹാം ഹോട്സ്പറിനായി കളിക്കുമ്പോഴും ട്രിപ്പിയർ മെസിയെ എതിരിട്ടിട്ടുണ്ട്.

മെസിക്കെതിരെ രണ്ട് തവണ ക്ലീൻ ഷീറ്റ് സ്വന്തമാക്കാനും ട്രിപ്പിയറിന് സാധിച്ചു.

നിലവിൽ ന്യൂ കാസിൽ യുണൈറ്റഡിന്റെ ഡിഫൻസീവ് യൂണിറ്റിന് നേതൃത്വം വഹിക്കുന്ന താരമാണ് ട്രിപ്പിയർ. പ്രീമിയർ ലീഗിൽ മികച്ച പ്രകടനം കാഴ്ച വെക്കുന്ന ക്ലബ്ബ് നിലവിൽ 20 മത്സരങ്ങളിൽ നിന്നും 39 പോയിന്റുമായി ലീഗ് ടേബിളിൽ മൂന്നാം സ്ഥാനത്താണ്.

വെസ്റ്റ് ഹാം യുണൈറ്റഡിനെതിരെ ഫെബ്രുവരി 4നാണ് ന്യൂ കാസിൽ യുണൈറ്റഡിന്റെ അടുത്ത മത്സരം.

Content Highlights:Messi is a unique player; he is a legend said Kieran Trippier

We use cookies to give you the best possible experience. Learn more