ലോകചാമ്പ്യന് ബ്രസീലിലേക്ക് ക്ഷണം; മാരക്കാനയിൽ ഇനി മിശിഹയുടെ കാൽപാടുകളും പതിയും
2022 FIFA World Cup
ലോകചാമ്പ്യന് ബ്രസീലിലേക്ക് ക്ഷണം; മാരക്കാനയിൽ ഇനി മിശിഹയുടെ കാൽപാടുകളും പതിയും
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 22nd December 2022, 9:23 am

ഖത്തർ ലോകകപ്പ് ഫൈനലിൽ മുൻ ചാമ്പ്യൻമാരായ ഫ്രാൻസിനെ തോൽപിച്ച് ഫുട്ബോളിന്റെ വിശ്വകിരീടം ചൂടിയിരിക്കുകയാണ് മെസിയും കൂട്ടരും.

1978,1986 എന്നീ വർഷങ്ങളിലെ ലോകകപ്പ് വിജയത്തിന് ശേഷം മൂന്നാമതും അർജന്റീനക്ക് ലോകകപ്പ് കിരീടം നേടികൊടുക്കാൻ കഴിഞ്ഞതോടെ സാക്ഷാൽ മിശിഹയുടെ കരിയർ സമ്പൂർണമായിരിക്കുകയാണ്.

ലോകകപ്പിന് ശേഷമുള്ള അർജന്റൈൻ ടീമിന്റെയും ആരാധകരുടെയും വിജയാഹ്ലാദം പുരോഗമിക്കുകയാണ്.
ഇനി ഒരു ഇടവേളക്ക് ശേഷം ആരംഭിക്കാനിരിക്കുന്ന ലീഗ് വണ്ണിലും, യുവേഫ ചാമ്പ്യൻസ് ലീഗിലും മെസി കളിക്കും.

അതേസമയം നീണ്ട ഇരുപത് കൊല്ലത്തിന് ശേഷം യൂറോപ്പിൽ നിന്നും ലാറ്റിനമേരിക്കയിലേക്ക് കിരീടമെത്തിച്ച മെസിയെ തങ്ങളുടെ ‘ഹൃദയത്തിലേക്ക്’ ക്ഷണിച്ചിരിക്കുകയാണ് ബ്രസീൽ എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

‘ബ്രസീലിന്റെ ഹൃദയം’ എന്നറിയപ്പെടുന്ന പ്രസിദ്ധമായ മാരക്കാന സ്റ്റേഡിയത്തിലെക്കാണ് മെസിയെ ബ്രസീൽ ക്ഷണിച്ചിരിക്കുന്നത്.
റിയോ ഡീ ജനീറോ സ്പോർട്സ് സൂപ്രണ്ടാണ് ഇക്കാര്യം അറിയിച്ചത് എന്നാണ് റോയിട്ടേ ഴ്സ് റിപ്പോട്ട്‌ ചെയ്തിരിക്കുന്നത്.


മാരക്കാന സ്റ്റേഡിയത്തിലെ പ്രസിദ്ധമായ പ്രമുഖ ഫുട്ബോൾ ഇതിഹാസങ്ങളുടെ കാൽപതിപ്പിച്ച ഹാൾ ഓഫ് ഫെയ്മിൽ കാൽ പതിപ്പിക്കാനാണ് മെസിക്ക് ക്ഷണം ലഭിച്ചിരിക്കുന്നത്.
2021ൽ മാരക്കാനയിൽ വെച്ചാണ് ബ്രസീലിനെ തോൽപ്പിച്ച് അർജന്റീന കോപ്പ അമേരിക്ക സ്വന്തമാക്കിയത്. കോപ്പാ വിജയത്തിന് ശേഷവും മെസിയെ ഹാൾ ഓഫ് ഫെയ്മിൽ കാൽ പതിപ്പിക്കാൻ ക്ഷണിച്ചിരുന്നു. ആ ക്ഷണമാണ് ഇപ്പോൾ പുതുക്കിയിരിക്കുന്നത്.

1950 ലോകകപ്പ് ഫൈനലിൽ ബ്രസീലിനെ തകർത്ത് ഉറുഗ്വേ ലോകകിരീടം നേടിയ പ്രസിദ്ധമായ മാരക്കാന ദുരന്തം അരങ്ങേറിയത് മാരക്കാന സ്റ്റേഡിയത്തിൽ വെച്ചായിരുന്നു. കൂടാതെ 2014 ലോകകപ്പ് ഫൈനലിൽ ജർമനി അർജന്റീനയെ തോൽപ്പിച്ച് കിരീടം സ്വന്തമാക്കിയതും മാരക്കാനയുടെ മണ്ണിൽ വെച്ചാണ്.


ബ്രസീലിൻ്റെ പെലെ, ഗാരിഞ്ച, റിവെലിനോ, റൊണാൾഡോ എന്നിവരുടെ കാൽപ്പാടുകൾ മാരക്കാനയിലെ ഹാൾ ഓഫ് ഫെയിമിൽ ഇതിനൊടകം തന്നെ പതിപ്പിച്ചിട്ടുണ്ട്. കൂടാതെ ചിലിയുടെ ഏലിയാസ് ഫിഗുറോവ, സെർബിയയുടെ ഡെജൻ പെറ്റ്‌കോവിച്ച്, പോർച്ചുഗലിൻ്റെ യൂസേബിയോ, ഉറുഗ്വേയുടെ സെബാസ്റ്റ്യൻ അബ്രു, ജർമനിയുടെ ഫ്രാൻസ് ബെക്കൻബോവർ തുടങ്ങിയ ലോകപ്രശസ്ത താരങ്ങളുടെ കാൽപ്പാടുകളും മാരക്കാനയുടെ ഹാൾ ഓഫ് ഫെയ്മിൽ പതിപ്പിച്ചിട്ടുണ്ട്.

മെസി ക്ഷണം സ്വീകരിച്ചാൽ ഇവരുടെ കാൽപാടുകൾക്കൊപ്പം സാക്ഷാൽ മിശിഹയുടെ കാൽപ്പാടുകളും ബ്രസീലിന്റെ ഹൃദയത്തിൽ അടയാളപ്പെടുത്തപ്പെടും.

Content Highlights:messi invited to Brazil; The footprints of messi printed in marakkana stadiuam’s hall of fame