ഫ്രഞ്ച് സൂപ്പര്‍ താരവും നിലവിലെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മധ്യനിര താരവുമായ പോള്‍ പോഗ്ബയെ ബാഴ്‌സിലോണയിലെത്തിക്കാന്‍ നിര്‍ദ്ദേശിച്ച് ലയണല്‍ മെസ്സി. ഇറ്റാലിയന്‍ ഫുട്‌ബോള്‍ മാധ്യമമായ കാല്‍സിയോമെര്‍കാറ്റോ ആണ് വിവരം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ബാഴ്‌സിലോണയുടെ ബ്രസീലിയന്‍ മധ്യനിരതാരം പൗളിഞ്ഞോ ഈ സീസണോടെ ക്ലബ് വിട്ടേക്കാന്‍ സാധ്യതയുള്ളതുകൊണ്ട് കൂടിയാണ് ബാഴ്‌സിലോണ ഈ നീക്കത്തിനൊരുങ്ങുന്നതെന്ന് ഇറ്റാലിയന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്നാല്‍ മാഞ്ചസ്റ്ററില്‍ നിന്ന് പോഗ്ബയെ വാങ്ങുക എളുപ്പമായിരിക്കില്ല ബാഴ്‌സിലോണയ്ക്ക് എന്നും വിലയിരുത്തലുകളുണ്ട്. 100 മില്യണ്‍ യൂറോക്ക് മാഞ്ചസ്റ്ററിലെത്തിയ താരത്തെ വാങ്ങാന്‍ വലിയ തുക തന്നെ മുടക്കേണ്ടി വരും.
ഡെംബേലെ, കുട്ടീഞ്ഞോ എന്നീ താരങ്ങളെ വാങ്ങിയ സാമ്പത്തിക ക്ഷീണം ബാഴ്‌സിലോണക്ക് ഇനിയും മാറിയിട്ടില്ല.
നേരത്തെ ഫ്രഞ്ച് താരം തന്നെയായ ഗ്രീസ്മാനെ ബാഴ്‌സിലോണ വാങ്ങാന്‍ നീക്കം നടത്തിയിരുന്നു. എന്നാല്‍ താന്‍ അത്‌ലറ്റിക്കോ മാഡ്രിഡില്‍ തന്നെ തുടരുകയാണെന്നായിരുന്നു ഗ്രീസ്മാന്റെ പ്രസ്താവന.
ഈ ലോകകപ്പില്‍ പോള്‍ പോഗ്ബയുടെ ഫ്രാന്‍സിനോട് തോറ്റാണ് മെസ്സിയുടെ അര്‍ജന്റീന പുറത്തായത്. ഇതിനു ശേഷം മെസ്സി തന്റെ പ്രിയ താരമാണെന്ന് പോഗ്ബ പറഞ്ഞിരുന്നു. ഇതിന് മുമ്പ് യുവന്റിസില്‍ കളിക്കുമ്പോള്‍ മെസ്സിയുമൊത്ത് കളിക്കുക തന്റെ സ്വപനമാണെന്നും പോഗ്ബ പറഞ്ഞിരുന്നു.
പോഗ്ബ ബാഴ്‌സയിലെത്തിയാല്‍ കുട്ടീഞ്ഞോക്ക് മുന്നേറ്റ നിരയില്‍ കളിക്കാന്‍ സാധിക്കും. പോഗ്ബ, ബുസ്‌കെറ്റ്‌സ് എന്നിവര്‍ക്ക് മധ്യനിര നിയന്ത്രിക്കാം.
40 മില്ല്യണ്‍ യൂറോക്ക് ബാഴ്‌സയിലെത്തിയ പൗളീഞ്ഞോ ക്ലബ് വിടുകയാണെങ്കില്‍ മികച്ച താരത്തെ ക്ലബിന് കണ്ടെത്തേണ്ടി വരുമെന്ന് കോച്ച് ഏണെസ്റ്റോ വാല്‍വെരഡയും പറഞ്ഞിരുന്നു.