ശരീരവളര്‍ച്ച മുരടിക്കുന്ന ഗ്രോത്ത് ഹോര്‍മോണ്‍ ഡെഫിഷ്യന്‍സി എന്ന രോഗത്തെ അതിജീവിച്ച് ലോക ഫുട്‌ബോളിന്റെ നെറുകയിലെത്തിയ താരമാണ് അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസി. മെസിയുടെ രോഗത്തെക്കുറിച്ചും കുട്ടിക്കാലത്ത് താരം അനുഭവിച്ച ബുദ്ധിമുട്ടുകളെക്കുറിച്ചും അറിയാത്തവര്‍ വിരളമായിരിക്കും.
എന്നാല്‍ മെസിയുടെ അതേ രോഗം ബാധിച്ച തന്റെ മകന് സൂപ്പര്‍ താരം പ്രചോദനമായതിനെക്കുറിച്ച് അര്‍ജന്റീനയില്‍ നിന്നുള്ള ഒരു മാതാവ് എഴുതിയ കുറിപ്പാണിപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്.
ബാര്‍ബി എന്ന യുവതി തന്റെ മകന്‍ ടോമിക്ക് മെസി പ്രചോദനമായതിനെക്കുറിച്ച്
ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് കുറിപ്പ് പങ്കുവെച്ചത്. മറ്റൊരു ട്വിറ്റര്‍ ഉപയോക്താവ് അത് ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യുകയും ട്വിറ്റ് ചെയ്യുകയും ചെയ്തതോടെ സംഭവം ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ.
ബാര്‍ബറ വിവരിക്കുന്ന കഥയിങ്ങനെ
2004ലാണ് ബാര്‍ബി ടോമിക്ക് ജന്മം നല്‍കുന്നത്. നാല് വയസുള്ളപ്പോഴാണ് മെസിയെപ്പോലെ തന്റെ മകനും ഹോര്‍മോണ്‍ ഡെഫിഷ്യന്‍സി രോഗമാണെന്ന് ബാര്‍ബി തിരിച്ചറിയുന്നത്. പിന്നീട് ആ രോഗവുമായുള്ള പോരാട്ടമായിരുന്നു ആ കുടുംബത്തിന്.
ഒരുപാട് ഡോക്ടര്‍മാരെ കണ്ടതിന് ശേഷമാണ് മെസിക്കുണ്ടായിരുന്ന അതേ അസുഖമാണ് ടോമിക്കുമുള്ളതെന്ന് ബാര്‍ബി തിരിച്ചറിയുന്നത്. തുടര്‍ന്ന് ടോമിയുടെ ചികിത്സ ആരംഭിച്ചു. പത്ത് വര്‍ഷം നീണ്ടുനിന്ന് ചികിത്സ. ഓരോ ദിവസവും ഓരോ ഇന്‍ജക്ഷന്‍ വീതം ടോമിക്ക് നല്‍കി. തുടരെയുള്ള ഇന്‍ജക്ഷന്‍ ഒരു നാല് വയസുകാന് താങ്ങാവുന്നതിലധികകമായിരുന്നു.
അവന്‍ മെസിയുടെ വിലിയ ആരാധകനായിരുന്നുവെന്ന് ബാര്‍ബി പറയുന്നു. മെസി കടന്നുപോയ വേദന തന്നെയല്ലേ തനിക്കുമുള്ളൂ എന്ന് ഇടക്കിടക്കൊക്കെ അവന്‍ ആശ്വസിച്ചു. അത് അവനില്‍ ഒരുപാട് മാറ്റമുണ്ടാക്കിയെന്നും ബാര്‍ബി പറയുന്നു.
അതിനിടയില്‍ 2010 സെപ്റ്റബംര്‍ മൂന്നിന് രാത്രി എട്ട് മണിക്ക് ബാര്‍ബി ടോമിയേയും കൂട്ടി മെസിയെ കാണാന്‍ ഒരു ഹോട്ടലിലെത്തിയെന്നും, മെസിയോട് സംസാരിക്കാന്‍ അവസരം ലഭിച്ചെന്നും പറയുന്നു. അത് ടോമിയുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങളണ്ടാക്കിയെന്നും ബാര്‍ബി കൂട്ടിച്ചേര്‍ത്തു.
‘ഓരോ ദിവസവും ഇഞ്ചക്ഷന്‍ എടുത്തിരുന്നത് എവിടെ ആയിരുന്നെന്ന് ടോമി മെസിയോട് അന്വേഷിച്ചു.
കാലില്‍ എന്നായിരുന്നു മെസിയുടെ മറുപടി. ഇതേ കാര്യം മെസിയും തിരിച്ചു ചോദിച്ചു. കയ്യിലാണ് എന്ന് ടോമി ഉത്തരം നല്‍കി.
വേദനയുടെ കാര്യം ചോദിച്ചപ്പോള്‍ മെസി ആദ്യം ചിരിക്കുകയാണ് ചെയ്തത്. കരഞ്ഞുനിലവിളിച്ച ദിവസങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ക്ഷമയോടെ കാത്തിരുന്നാല്‍ എല്ലാം ശരിയാകുമെന്നും മെസി മറുപടി നല്‍കി,’ അന്നത്തെ സംഭവങ്ങളെക്കുറിച്ച് ബാര്‍ബി എഴുതി. അന്ന് മെസിയും ടോമിയും ഒരുമിച്ചെടുത്ത ചിത്രം പങ്കുവെച്ചാണ് ബാര്‍ബി കുറിപ്പ് പങ്കുവെച്ചത്.
‘അത് മനോഹരമായ ഒരു കൂടിക്കാഴ്ച്ചയായിരുന്നു. വീഡിയോ ഒന്നും എടുത്തില്ല. ആകെ ഒരൊറ്റ ചിത്രം മാത്രമാണ് എടുത്തത്. ആ ചിത്രത്തില്‍ ഉള്‍പ്പെടാതെ ഞാന്‍ മാറിനിന്നു. കാരണം അത് അവര്‍ രണ്ട് പേരുടേയും നിമിഷമായിരുന്നു.
ഒരുപാട് നന്ദിയുണ്ട് മെസി. താങ്കള്‍ക്ക് അര്‍ഹതപ്പെട്ടത് തന്നെയാണ് ഈ ലോകകപ്പ്. അതും കൈയില്‍ പിടിച്ച് നില്‍ക്കുന്നത് കണ്ടപ്പോള്‍ കണ്ണ് നിറഞ്ഞു. സ്നേഹത്തോടെ ടോമിയുടെ അമ്മ ബാര്‍ബി,’ ബാര്‍ബി കൂട്ടിച്ചേര്‍ത്തു.
Content Highlight: Messi inspired by hormone deficiency son, Argentinian mother’s post goes viral