Copa America
സഹതാരങ്ങള്‍ കോപയുമായി ആഘോഷിക്കുമ്പോള്‍ നെയ്മറെ ചേര്‍ത്തുപിടിച്ച് മെസി; കിരീടദാനത്തിനിടെ ഹൃദയഹാരിയായ മുഹൂര്‍ത്തങ്ങള്‍
സ്പോര്‍ട്സ് ഡെസ്‌ക്
2021 Jul 11, 03:30 am
Sunday, 11th July 2021, 9:00 am

മാരക്കാന: കോപ അമേരിക്ക കിരീട ദാനത്തിനിടെ ഹൃദയഹാരിയായ നിമിഷങ്ങള്‍. അര്‍ജന്റീനന്‍ താരങ്ങള്‍ കപ്പ് ഏറ്റുവാങ്ങിയ ശേഷം ആര്‍ത്തുല്ലസിച്ചപ്പോള്‍ ബ്രസീലിന്റെ നെയ്മറെ ആശ്വസിപ്പിക്കുകയായിരുന്നു മെസി.

തന്നെ അഭിനന്ദിച്ച നെയ്മറിനെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ച മെസി ഏറെ നേരം ബാഴ്‌സയിലെ മുന്‍സഹതാരത്തെ ചേര്‍ത്തുപിടിച്ചു. ഈ സമയമൊക്കെയും അര്‍ജന്റീനന്‍ താരങ്ങള്‍ കപ്പുമായി ആഘോഷിക്കുകയായിരുന്നു.

ബാഴ്‌സലോണയില്‍ ഒരുമിച്ച് ഏറെക്കാലം പന്തുതട്ടിയ മെസ്സിയും നെയ്മറും ഉറ്റ സുഹൃത്തുക്കളാണ്. ബ്രസീലിനെ മറുപടിയില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് അര്‍ജന്റീന കോപയില്‍ മുത്തമിട്ടത്.

അന്താരാഷ്ട്ര കരിയറിലെ കിരീട വരള്‍ച്ചയ്ക്ക് ഇതോടെ മെസി വിരാമമിട്ടു. 1993 ന് ശേഷം ആദ്യമായാണ് അര്‍ജന്റീന കോപ നേടുന്നത്. ഇത് 15-ാം തവണയാണ് അര്‍ജന്റീന കോപ കിരീടം സ്വന്തമാക്കുന്നത്.


22-ാം മിനിറ്റില്‍ ഏയ്ഞ്ചല്‍ ഡി മരിയയാണ് അര്‍ജന്റീനയുടെ ഗോള്‍ നേടിയത്. റോഡ്രിഡോ ഡി പോള്‍ നീട്ടിനല്‍കിയ ഒരു പാസില്‍ നിന്നായിരുന്നു ഏയ്ഞ്ചല്‍ ഡി മരിയയുടെ ഗോള്‍.

പന്ത് തടയുന്നതില്‍ ബ്രസീല്‍ ഡിഫന്‍ഡര്‍ റെനന്‍ ലോഡിക്ക് സംഭവിച്ച പിഴവാണ് ഗോളിന് കാരണമായത്. പാസ് സ്വീകരിച്ച് മുന്നേറിയ ഡി മരിയ ബ്രസീല്‍ ഗോള്‍കീപ്പര്‍ എഡേഴ്സനെ കബളിപ്പിച്ച് പന്ത് ചിപ് ചെയ്ത് വലയിലെത്തിക്കുകയായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Messi hugged by sobbing Neymar in moment of respect after Argentina’s Copa America triumph