ഖത്തർ ലോകകപ്പിലെ ഫൈനൽ മത്സരത്തിൽ ഫ്രാൻസിനെ തകർത്താണ് സാക്ഷാൽ ലയണൽ മെസിയും സംഘവും ലോക കിരീടത്തിൽ മുത്തമിട്ടത്. ലോകകപ്പ് വിജയത്തിന് ശേഷം വലിയ സ്വീകരണമാണ് മെസിക്കും സംഘത്തിനും ജന്മനാട്ടിൽ ലഭിച്ചത്. ബ്യൂണസ് ഐറിസിൽ വെച്ച് നടത്തപ്പെട്ട വിക്ടറി പരേഡിൽ വൻ സ്വീകരണമാണ് മെസിക്കും സംഘത്തിനും ആരാധകർ നൽകിയത്.
എന്നാൽ മെസിയെ സ്വന്തം രാജ്യത്തുള്ളവർ സ്വീകരിച്ചത് പോലെ ക്ലബ്ബും ആരാധകരും സ്വീകരിക്കുമോ എന്നതായിരുന്നു ലോകകപ്പിന് ശേഷം ഉയർന്നുകേട്ട പ്രധാന ചോദ്യങ്ങളിലൊന്ന്.
ലോകകപ്പ് ട്രോഫി മെസിക്ക് തന്റെ ക്ലബ്ബായ പി.എസ്.ജിയുടെ ഹോം ഗ്രൗണ്ടായ പാർക് ഡെസ് പ്രിൻസെസിൽ പ്രദർശിപ്പിക്കണമെന്ന് ആഗ്രഹം ഉണ്ടായിരുന്നെന്നും എന്നാൽ ഫ്രഞ്ച് ആരാധകർ ഇതിനോട് എങ്ങനെ പ്രതികരിക്കുമെന്ന് അറിയാത്തത് കൊണ്ട് പി.എസ്.ജി അധികൃതർ ട്രോഫി പ്രദർശനത്തിന് അനുമതി നിഷേധിച്ചെന്നുമൊക്കെയുള്ള വാർത്തകൾ അടുത്തിടെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു.
കൂടാതെ പി.എസ്.ജിയിൽ മത്സരിക്കാനെത്തുന്ന മെസിക്ക് പി.എസ്.ജി ആരാധകരിൽ നിന്ന് തന്നെ പ്രതിഷേധങ്ങൾ നേരിടേണ്ടി വരുമെന്നും പി.എസ്.ജി മാനേജ്മെന്റ് ഭയപ്പെട്ടിരുന്നു എന്നും വാർത്തകൾ പുറത്ത് വന്നിരുന്നു.
എന്നാൽ വ്യാഴാഴ്ച്ച പുലർച്ചെ ഏഞ്ചേഴ്സിനെതിരെ നടന്ന മത്സരത്തിൽ മെസി ഒരു ഇടവേളക്ക് ശേഷം വീണ്ടും പി. എസ്.ജിക്കായി കളത്തിലിറങ്ങി. ലോകകപ്പ് ഫൈനലിന് ശേഷമുള്ള മത്സരത്തിലും രാജകീയമായ തുടക്കം തന്നെയാണ് മെസിയുടെ ഭാഗത്ത് നിന്നുമുണ്ടായത്. മത്സരം 72 മിനിട്ട് പിന്നിട്ടപ്പോൾ മത്സരത്തിൽ ഒരു ഗോൾ സ്വന്തമാക്കാനും മെസിക്ക് സാധിച്ചു.
എന്നാലിപ്പോൾ മത്സരത്തിൽ മെസിക്ക് പാരിസ് ആരാധകരിൽ നിന്നും ലഭിച്ച ഊഷ്മളമായ സ്വീകരണമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ ചർച്ചാ വിഷയം.
മത്സരത്തിന് മുമ്പ് ഗ്രൗണ്ടിൽ പി.എസ്.ജി താരങ്ങൾ പരിശീലനത്തിനെത്തുന്നതിന് മുന്നേ ഓരോ താരങ്ങളുടെയും പേര് വിളിക്കുന്നതിനിടയിൽ മെസിയുടെ പേര് വിളിച്ചപ്പോൾ വലിയ കയ്യടികളോടെയാണ് പി.എസ്.ജി ആരാധകർ പ്രതികരിച്ചത്. ഈ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമാകുന്നത്.
കൂടാതെ മത്സരത്തിലെ മെസിയുടെ പ്രകടനത്തെ കയ്യടികളോടെയാണ് ആരാധകർ വരവേറ്റത്.
ജനുവരി 16ന് റെന്നെസിനെതിരെയാണ് പി. എസ്.ജിയുടെ അടുത്ത മത്സരം.
Content Highlights:Messi himself is a hero in Paris; french Fans welcome Messi in psg home ground