ഖത്തര്‍ ലോകകപ്പ് ഫേവറൈറ്റുകളായ അര്‍ജന്റീന ലോകകപ്പിലെ തങ്ങളുടെ യാത്ര തുടരും. സൗദിയുമായുള്ള ആദ്യ മത്സരം പരാജയപ്പെട്ടു തുടങ്ങിയ ടീം തുടര്‍ന്നുള്ള രണ്ട് മത്സരങ്ങളും ആധികാരികമായി വിജയിച്ച് പ്രീ ക്വാര്‍ട്ടര്‍ പ്രവേശനം ഉറപ്പിച്ചിരിക്കുകയാണ്. ഓസ്‌ട്രേലിയയാണ് മെസിപ്പടയുടെ പ്രീ ക്വാര്‍ട്ടറിലെ എതിരാളികള്‍.
മത്സരം വിജയിച്ച് ഗ്രൂപ്പ് ഘട്ടം കടന്നതോടെ ഇതുവരെ ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു ടൂര്‍ണമെന്റിലും പുറത്താകാത്ത താരം എന്ന സ്വന്തം റെക്കോര്‍ഡ് പുതുക്കിയിരിക്കുകയാണ് ലയണല്‍ മെസി. ക്ലബ്ബ് കരിയറിലും ഇന്റര്‍നാഷണല്‍ ടൂര്‍ണമെന്റുകളിലും ഇതുവരെ മെസി അംഗമായ ടീം ഗ്രൂപ്പ് സ്റ്റേജില്‍ പുറത്തായിട്ടില്ല.
ബാഴ്സലോണ അക്കാദമിയിലൂടെ കളി തുടങ്ങിയ താരം ഏഴ് ബാലന്‍ ഡി ഓര്‍ അടക്കം ലോക ഫുട്‌ബോളിലെ നേട്ടങ്ങള്‍ മിക്കതും സ്വന്തമാക്കിയിട്ടുണ്ട്. ഒരു ലോകകപ്പ് കിരീടം കൂടി നേടിയാല്‍ മെസിയുടെ ഫുട്‌ബോള്‍ കരിയര്‍ സമ്പൂര്‍ണമാകും എന്നാണ് അദ്ദേഹത്തിന്റെ ആരാധകര്‍ വിശ്വസിക്കുന്നത്.
അഞ്ച് ലോകകപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റുകളില്‍ നിന്ന് എട്ട് ഗോളുകള്‍ സ്വന്തമായുള്ള അദ്ദേഹം ഖത്തര്‍ ലോകകപ്പിലെ പോളണ്ടുമായുള്ള അവസാന ഗ്രൂപ്പ് മത്സരത്തില്‍ ലഭിച്ച പെനാല്‍ട്ടി നഷ്ടപ്പെടുത്തിയിരുന്നു.
മെസി ഗോള്‍ നേടിയില്ലെങ്കിലും 46ആം മിനിട്ടില്‍ മക്അലിസ്റ്റര്‍, 67 ആം മിനിട്ടില്‍ ജൂലിയന്‍ അല്‍വാരസ് എന്നിവര്‍ നേടിയ ഗോളുകളുടെ ബലത്തില്‍ പോളണ്ടിനെ അര്‍ജന്റീന തകര്‍ത്തിരുന്നു.
1986ന് ശേഷം ആദ്യമായാണ് പോളണ്ട് ഗ്രൂപ്പ് ഘട്ടം കടക്കുന്നത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ മെക്‌സിക്കോ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് സൗദിയെ തോല്‍പിച്ചു. ഇരു ടീമുകള്‍ക്കും പ്രീ ക്വാര്‍ട്ടര്‍ യോഗ്യതയില്ല.