ഖത്തര്‍ ലോകകപ്പ് ഫൈനലിലേക്കുള്ള പരിശീലനത്തിനിടെ അര്‍ജന്റൈന്‍ സൂപ്പര്‍താരം ലയണല്‍ മെസിക്ക് പരിക്കേറ്റതായി അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ക്രൊയേഷ്യക്കെതിരായ സെമിയില്‍ മെസിക്ക് ഹാംസ്ട്രിങ് പരിക്കേറ്റെന്നും വ്യാഴാഴ്ച ടീമിനൊപ്പം പരിശീലനം നടത്തിയില്ലെന്നും ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി ഇന്‍സൈഡ് സ്‌പോര്‍ട് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇക്കാര്യത്തില്‍ അര്‍ജന്റീനന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രതികരണമൊന്നും നടത്തിയിട്ടില്ല.
എന്നാല്‍ താരത്തിന് പരിക്കേറ്റിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ അര്‍ജന്റൈന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. തുടര്‍ന്ന് താരം പരിശീലത്തിനിറങ്ങിയിരുന്നെങ്കിലും ട്രെയ്‌നിങ് സെഷന്‍ മുഴുമിപ്പിക്കാനാവാതെ താരം കളം വിടുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.
മെസിയുടെ തുടക്കാണ് പരിക്കേറ്റതെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. എന്നാല്‍ പരിക്ക് എത്രത്തോളം ഗുരുതരമാണെന്നത് വ്യക്തമല്ല. ക്രൊയേഷ്യക്കെതിരായ മത്സരത്തില്‍ മെസി തുടയിലെ പേശികളില്‍ അമര്‍ത്തിപ്പിടിക്കുന്നത് പല തവണ കാണാനായിരുന്നു.
കരിയറിലെ അവസാന ലോകകപ്പിനിറങ്ങുന്ന മെസി പൂര്‍ണ ആരോഗ്യവാനായി ഫൈനല്‍ കളിക്കാനിറങ്ങുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
സസ്‌പെന്‍ഷന്‍ കാരണം സെമി നഷ്ടമായ അക്യൂനയും മോണ്ടിയലും തിരിച്ചുവരുന്നതിനാല്‍ ഫൈനലിലെ ആദ്യ ഇലവനില്‍ മാറ്റം വന്നേക്കും. ഏഞ്ചല്‍ ഡി മരിയയുടെ പരിക്ക് മാറിയത് ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കുന്നു.
ഖത്തറില്‍ ഇതുവരെ ഗോള്‍ വേട്ടയില്‍ ഒപ്പത്തിനൊപ്പമാണ് മെസിയും എംബാപ്പെയും. ഖത്തര്‍ ലോകകപ്പില്‍ അഞ്ച് ഗോള്‍ വീതമാണ് ഇരുവരുടെയും അക്കൗണ്ടിലുള്ളത്. അര്‍ജന്റൈന്‍ സൂപ്പര്‍ സ്ട്രൈക്കര്‍ ജൂലിയന്‍ അല്‍വാരസും ഫ്രഞ്ച് സൂപ്പര്‍താരം ജിറൂഡും നാല് ഗോള്‍ വീതം നേടി തൊട്ടുപുറകിലുണ്ട്.
ലുസൈല്‍ സ്റ്റേഡിയത്തില്‍ ഞായറാഴ്ചയാണ് അര്‍ജന്റീന-ഫ്രാന്‍സ് ഫൈനല്‍. 2014ന് ശേഷം ആദ്യ ലോകകപ്പ് ഫൈനലാണ് അര്‍ജന്റീന കളിക്കുന്നത്.
Content Highlights: Messi got injured during semi final match