| Wednesday, 28th December 2022, 10:43 am

ലോകചാമ്പ്യന്റെ മകള്‍ക്ക് ലോകചാമ്പ്യന്റെ സ്‌നേഹ സമ്മാനം; സിവ ധോണിക്ക് ഒപ്പിട്ട ജേഴ്‌സി നല്‍കിയ ലയണല്‍ മെസി

സ്പോര്‍ട്സ് ഡെസ്‌ക്

മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിയുടെ ഫുട്‌ബോള്‍ പ്രേമം ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ സുപരിചിതമാണ്. ക്രിക്കറ്റിനൊപ്പം ഫുട്‌ബോളിനെയും ഏറെ സ്‌നേഹിക്കുന്ന ധോണി ഐ.എസ്.എല്ലിലെ ചെന്നൈയിന്‍ എഫ്.സിയുടെ കോ ഓണര്‍ കൂടിയാണ്.

ക്രിക്കറ്റില്‍ സജീവമായിരുന്ന കാലത്തുപോലും ധോണി ഫുട്‌ബോള്‍ കളിക്കാറുണ്ടായിരുന്നു. ധോണിയുടെ അതേ ഫുട്‌ബോള്‍ പ്രേമം തന്നെയാണ് മകള്‍ സിവ ധോണിക്കും ലഭിച്ചിരിക്കുന്നത്. അര്‍ജന്റീനയുടെ കടുത്ത ആരാധിക കൂടിയാണ് ഈ ഏഴ് വയസുകാരി.

ലോകകപ്പില്‍ അര്‍ജന്റീനയുടെ വിജയത്തിന് പിന്നാലെ സിവയെ തേടി ഒരു സര്‍പ്രൈസ് സമ്മാനമെത്തിയിരിക്കുകയാണ്. സമ്മാനം നല്‍കിയതാകട്ടെ സാക്ഷാല്‍ ലയണല്‍ മെസിയും.

സ്വന്തം കയ്യൊപ്പ് ചാര്‍ത്തിയ അര്‍ജന്റീനയുടെ ജേഴ്‌സിയാണ് മെസി സിവക്ക് സമ്മാനിച്ചിരിക്കുന്നത്.

മെസിയുടെ സമ്മാനം ലഭിച്ചതോടെ സിവ ഏറെ ഹാപ്പിയാണ്. ജേഴ്‌സി അണിഞ്ഞുള്ള ചിത്രങ്ങളും സിവ തന്റെ സമൂഹമാധ്യമ അക്കൗണ്ടിലൂടെ പങ്കുവെച്ചിട്ടുണ്ട്.

‘ലൈക്ക് ഫാദര്‍ ലൈക്ക് ഡോട്ടര്‍ (അച്ഛനെ പോലെ മകളും) എന്ന ക്യാപ്ഷനോടെയാണ് സിവ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രങ്ങളില്‍ മെസിയുടെ ഓട്ടോ ഗ്രാഫും വ്യക്തമായി കാണാം.

സിവക്ക് വേണ്ടി (para Ziva) എന്ന് സ്പാനിഷില്‍ കുറിച്ചുകൊണ്ടാണ് മെസി സിവക്കായി ജേഴ്‌സി നല്‍കിയത്. രണ്ട് ലക്ഷത്തി മുപ്പതിനായിരത്തിലധികം ആളുകള്‍ ഇതിനോടകം തന്നെ സിവയുടെ ചിത്രം ലൈക്ക് ചെയ്തിട്ടുണ്ട്.

ഏറെ കാലത്തിന് ശേഷം സ്വന്തം രാജ്യത്തിനായി ലോകകപ്പ് നേടിക്കൊടുത്ത ക്യാപ്റ്റന്‍മാരാണ് മെസിയും ധോണിയും. 1983ല്‍ ഇന്ത്യ ആദ്യമായി ഏകദിന ലോകകപ്പ് നേടി 28 വര്‍ഷങ്ങള്‍ക്ക് ശേഷം 2011ലാണ് വീണ്ടും വിശ്വവിജയികളാകുന്നത്. ഇതിനിടെ ഒരു ഫൈനല്‍ കളിച്ചെങ്കിലും കപ്പുയര്‍ത്താന്‍ മാത്രം സാധിച്ചില്ല.

ഇന്ത്യയെ പോലെ തന്നെ 1986ല്‍ മറഡോണക്ക് കീഴില്‍ ലോകകപ്പുയര്‍ത്തിയതിന് ശേഷം നീണ്ട 36 വര്‍ഷത്തിന് ശേഷമാണ് അര്‍ജന്റീന ലോകകപ്പ് വിജയിക്കുന്നത്. ഇന്ത്യയെ പോലെ തന്നെ ഒരിക്കല്‍ ഫൈനല്‍ വരെയെത്തിയെങ്കിലും വിജയിക്കാന്‍ സാധിച്ചിരുന്നില്ല.

Content highlight: Messi gifts his jersey to Ziva Dhoni

We use cookies to give you the best possible experience. Learn more