| Sunday, 20th August 2023, 12:44 pm

പഴയ ക്യാപ്റ്റനെ നിര്‍ബന്ധിച്ച് ആം ബാന്‍ഡ് ധരിപ്പിച്ചു, ഒരുമിച്ച് ട്രോഫി വാങ്ങിച്ചു; അമേരിക്കയുടെ മനസും കീഴടക്കി മെസി

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്റര്‍ മയാമിയുടെ ചരിത്രത്തിലെ ആദ്യ കിരീട നേട്ടത്തിനാണ് ഫുട്‌ബോള്‍ ലോകം സാക്ഷ്യം വഹിച്ചത്. ജിയോഡിസ് പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ പെനാല്‍ട്ടി ഷൂട്ടൗട്ടിലാണ് കരുത്തരായ നാഷ്‌വില്ലിനെ തോല്‍പിച്ച് മയാമി കിരീടം നേടിയത്.

നിശ്ചിത സമയത്തും എക്‌സ്ട്രാ ടൈമിലും ഇരുവരും ഓരോ ഗോള്‍ വീതം നേടി സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്.

മത്സരത്തിന്റെ 23ാം മിനിട്ടില്‍ മെസിയിലൂടെ മയാമി മുമ്പിലെത്തിയിരുന്നു. ബോക്‌സിന് പുറത്ത് നിന്നുള്ള ഇടം കാലന്‍ ബുള്ളറ്റ് ഷോട്ട് നാഷ്‌വില്‍ ഗോള്‍വല തുളച്ചുകയറി.

ആദ്യ പകുതിയില്‍ ഒരു ഗോള്‍ വഴങ്ങേണ്ടി വന്നതിന്റെ സകല കുറവും രണ്ടാം പകുതിയില്‍ പരിഹരിച്ചാണ് നാഷ്‌വില്‍ കളത്തിലിറങ്ങിയത്. രണ്ടാം പകുതിയുടെ 12ാം മിനിട്ടില്‍ നാഷ്‌വില്‍ ഈക്വലൈസര്‍ ഗോള്‍ നേടി.

തുടര്‍ന്ന് ഇരുടീമിന്റെയും ഗോള്‍മുഖം നിരന്തര ആക്രമണ ഭീഷണയിലായിരുന്നു. എന്നാല്‍ ഗോള്‍ നേടാന്‍ ഇരുവര്‍ക്കും സാധിക്കാതെ പോയതോടെ മത്സരം പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് കടക്കുകയായിരുന്നു. ഇരു ടീമിന്റെയും 11 താരങ്ങളും കിക്കെടുത്തപ്പോള്‍ 10-9ന് മയാമി വിജയിച്ചുകയറി.

മത്സരത്തിന് പിന്നാലെ മയാമിയുടെ മുന്‍ നായകനായ ഡിആന്ദ്രേ യെഡ്‌ലിനെ നിര്‍ബന്ധിച്ച് ക്യാപ്റ്റന്റെ ആം ബാന്‍ഡ് ധരിപ്പിക്കുന്ന മെസിയെയാണ് ആരാധകര്‍ കണ്ടത്. അത് ധരിക്കാന്‍ യെഡ്‌ലിന്‍ കൂട്ടാക്കാതിരിക്കുമ്പോഴും മെസി ആം ബാന്‍ഡ് അദ്ദേഹത്തിന്റെ കയ്യില്‍ നിര്‍ബന്ധിച്ച് ധരിപ്പിക്കുകയായിരുന്നു.

ഇതിന് പിന്നാലെ ട്രോഫി ഏറ്റുവാങ്ങുമ്പോഴും മെസി യെഡ്‌ലിനെ ഒപ്പം കൂട്ടിയിരുന്നു. ട്രോഫി സെലിബ്രേഷനായി സഹതാരങ്ങള്‍ക്കൊപ്പം കാത്തുനിന്ന യെഡ്‌ലിനെ വിളിച്ചുവരുത്തി ഇരുവരും ചേര്‍ന്നാണ് ലീഗ്‌സ് കപ്പിന്റെ ട്രോഫി ഏറ്റുവാങ്ങിയത്.

മെസിയുടെ ഈ സെല്‍ഫ്‌ലെസ് ആക്ടിനും സഹതാരങ്ങളോടുള്ള ബഹുമാനത്തിനും ലോകത്തിന്റെയൊന്നാകെ കയ്യടികളുയരുന്നുണ്ട്.

മറ്റൊരു ട്രോഫി കൂടി നേടാനാണ് മെസിയും സംഘവും തയ്യാറെടുക്കുന്നത്. തങ്ങളുടെ കയ്യകലത്തുള്ള യു.എസ് ഓപ്പണ്‍ കപ്പ് മയാമിയുടെ ഷെല്‍ഫിലെത്തിക്കുകയാണ് ഇനി മെസിയുടെയും സംഘത്തിന്റെയും ലക്ഷ്യം. അതിന് രണ്ട് വിജയം കൂടിയാണ് മയാമിക്ക് വേണ്ടത്.

ഓഗസ്റ്റ് 24നാണ് ഓപ്പണ്‍ കപ്പിന്റെ സെമി ഫൈനല്‍ നടക്കുന്നത്. എം.എല്‍.എസിലെ കരുത്തരായ സിന്‍സിനാട്ടിയാണ് എതിരാളികള്‍.

Content highlight: Messi forced the former captain of Inter Miami to wear the captain’s arm band

We use cookies to give you the best possible experience. Learn more