ഫുട്‌ബോള്‍ പ്രേമികളുടെയും മെസി ആരാധകരുടെയും മനസ് നിറഞ്ഞ ദിവസമായിരുന്നു ഇന്നലെ. ഒ.ജി.സി നൈസുമായുള്ള മത്സരത്തില്‍ പി.എസ്.ജിക്ക് വേണ്ടി അതിഗംഭീരമായ ഫ്രീ കിക്ക് ഗോളായിരുന്നു മെസി നേടിയത്.
കളി തുടങ്ങി 28ാം മിനിറ്റിലായിരുന്നു മെസിയുടെ കാലില്‍ നിന്നും അതിശയഗോള്‍ പിറന്നത്. ഡമ്മിയായി നെയ്മര്‍ മുന്നിലൂടെ ഒന്ന് ഓടിപ്പോയ ശേഷമായിരുന്നു മെസിയുടെ കാലുകള്‍ പന്തിനെ തേടിയെത്തിയത്.
അളന്നുകുറിച്ചെത്തുന്ന ഷോട്ടുകള്‍കൊണ്ട് എപ്പോഴും അത്ഭുതം തീര്‍ക്കുന്ന മെസി ഇത്തവണയും അതാവര്‍ത്തിച്ചു. ഒന്ന് ഉയര്‍ന്നുപൊങ്ങിയ പന്ത് കൃത്യമായി വലക്കുള്ളിലേക്ക് കയറി വിശ്രമിച്ചു. ഗ്രൗണ്ടിലും ഗാലറിയിലും ഒരുപോലെ ആവേശം അലതല്ലി.
ഇതോടെ 12 മാച്ചുകളില്‍ നിന്നായി ഏഴ് ഗോള്‍ വലയിലാക്കി ഈ സീസണില്‍ മിന്നും പ്രകടനമാണ് അര്‍ജന്റൈന്‍ മിശിഹ നടത്തുന്നത്.
പി.എസ്.ജിയിലെത്തിയ സമയത്ത് മെസി ഫോമിലേക്കെത്താന്‍ സമയമെടുത്തപ്പോള്‍ കളിയാക്കലുകളും അധിക്ഷേപങ്ങളുമായി എത്തിയവര്‍ക്കെല്ലാമുള്ള മറുപടിയാണ് മെസിയുടെ ഓരോ ഗോളുമെന്നാണ് ആരാധകര്‍ പറയുന്നത്.
ഗോട്ടിനെ ഇനിയൊരിക്കലും സംശയിക്കാനും കളിയാക്കാനും നില്‍ക്കരുതെന്നും ഇവര്‍ കമന്റുകളില്‍ പറയുന്നു.
2022ലെ ബാലണ്‍ ഡി ഓറിനുള്ള മുപ്പത് പേരുടെ ചുരുക്കപ്പട്ടികയില്‍ ഇടംനേടാനാകാത്തത് മെസിക്ക് ഗുണമായിരിക്കുകയാണെന്നും ഇവര്‍ പറയുന്നുണ്ട്. തന്നെ സ്വയം ഉടച്ചുവാര്‍ത്ത് എട്ടാം ബാലണ്‍ ഡി ഓറിന് ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് മെസിയെന്നും ഇവര്‍ പറയുന്നു.
ഇതിനൊപ്പം തന്നെ റൊണാള്‍ഡോയുമായുള്ള താരതമ്യങ്ങളും സട കുടഞ്ഞെണീറ്റിട്ടുണ്ട്. മുപ്പത്തഞ്ചുകാരനായ മെസി ഫ്രീ കിക്ക് ഗോളുകളുടെ കാര്യത്തില്‍ റൊണാള്‍ഡോയെ കഴിഞ്ഞ ദിവസം പിന്നിലാക്കിയിരുന്നു.
ഇപ്പോള്‍ ഒരു ഗോള്‍ കൂടി നേടി ആ റെക്കോഡ് ഒന്നു കൂടി ഉറപ്പിച്ചിരിക്കുകയാണ് താരം. നേരത്തെ നോണ്‍ പെനാല്‍റ്റി ഗോളുകളുടെ കാര്യത്തിലും റൊണാള്‍ഡോയുടെ റെക്കോഡ് മെസി തകര്‍ത്തിരുന്നു.
അതേസമയം സീസണില്‍ മോശം പ്രകടനം തുടരുകയാണ് റൊണാള്‍ഡോ. ക്ലബിലും ദേശീയ ടീമിലും ഗോള്‍ നേടാനോ മികച്ച പെര്‍ഫോമന്‍സ് പുറത്തെടുക്കാനോ റോണോക്കായിട്ടില്ല.
Content Highlight: Messi fans are happy after free kick goal for PSG