മിയാമി: അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസി അമേരിക്കയില്‍ കാറപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം ഫ്ളോറിഡയിലെ ഫോര്‍ട്ട് ലൗഡര്‍ഡെയിലില്‍ വെച്ചായിരുന്നു സംഭവമെന്ന് ഡെയ്‌ലി മെയ്ല്‍ ഉള്‍പ്പെടെ നിരവധി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മെസി സഞ്ചരിച്ചിരുന്ന ഓഡി ക്യു എട്ട് എസ്.യു.വി കാര്‍ റെഡ് സിഗ്നല്‍ വീണതറിയാതെ മുന്നോട്ട് നീങ്ങുകയായിരുന്നു. അതേസമയം, മറുവശത്ത് നിന്ന് അതിവേഗത്തില്‍ വന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ വെട്ടിയൊഴിഞ്ഞതാണ് അപകടമൊഴിവാക്കിയത്.
നിരവധി കാറുകള്‍ തമ്മില്‍ കൂട്ടിയിടിക്കാനുള്ള സാധ്യത ഇവിടെയുണ്ടായിരുന്നു എന്നാണ് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. മെസിയുടെ കാറിന് അകമ്പടിയായി പൊലീസ് വാഹനവും ഉണ്ടായിരുന്നു. മെസിയുടെ കാര്‍ മുന്നോട്ടെടുത്തപ്പോള്‍ തന്നെ സൈറണ്‍ മുഴക്കി പൊലീസ് വാഹനവും മുന്നോട്ടെടുത്തിരുന്നു.
സൈറണ്‍ ശബ്ദം കേട്ട് എതിരെ വന്ന വാഹനങ്ങള്‍ വേഗത കുറച്ചില്ലായിരുന്നുവെങ്കില്‍ വലിയ കൂട്ടിയിടി സംഭവിക്കുമായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അര്‍ജന്റൈന്‍ താരം തന്നെയാണോ കാര്‍ ഓടിച്ചിരുന്നതെന്ന് വ്യക്തമല്ല. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
നേരത്തെ ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പി.എസ്.ജിയുമായി പിരിഞ്ഞ മെസി അമേരിക്കന്‍ ക്ലബ്ബിലേക്ക് ചേക്കേറിയിരുന്നു. യൂറോപ്യന്‍ ലീഗില്‍ നിന്ന് ഇടവേളയെടുത്ത താരം ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ഇന്റര്‍ മിയാമിക്കൊപ്പം എം.എല്‍.എസ് കളിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.
1230 കോടി രൂപയുടെ വേതനത്തില്‍ രണ്ട് വര്‍ഷത്തെ കരാറിലാണ് മെസി ഇന്റര്‍ മിയാമിയുമായി സൈന്‍ ചെയ്യുക. ഇരുകൂട്ടര്‍ക്കും സമ്മതമെങ്കില്‍ കരാര്‍ അവസാനിച്ചതിന് ശേഷം ഒരു വര്‍ഷത്തേക്ക് കൂടി ക്ലബ്ബില്‍ തുടരാനും അവസരമുണ്ട്.
ഞായറാഴ്ചയാണ് ഇന്റര്‍ മിയാമി മെസിയെ ആദ്യമായി ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്. ആധുനിക ഫുട്‌ബോളിലെ ഏറ്റവും മികച്ച താരത്തെ സ്വന്തമാക്കിയതോടെ ലോക ശ്രദ്ധ പിടിച്ചുപറ്റിയ ഇന്റര്‍ മിയാമി മെസിയെ അവതരിപ്പിക്കുന്നതിലൂടെ കൂടുതല്‍ പ്രചാരം നേടാനാണ് ലക്ഷ്യമിടുന്നത്.
അതിനാല്‍ തന്നെ ഇതിഹാസത്തിനെ വമ്പന്‍ പരിപാടികളോടെ കാണികള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാനാണ് ഇന്റര്‍ മിയാമി ഒരുങ്ങുന്നത്.