| Thursday, 5th January 2023, 8:18 am

മെസി ബാലൻ ഡി ഓറിന് അർഹനല്ല; പ്രതികരിച്ച് റയൽ മാഡ്രിഡ്‌ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഫിഫ ലോകകപ്പ് ഫുട്ബോളിൽ ഫ്രഞ്ച് പടയെ തകർത്ത് അർജന്റീന ലോകകപ്പ്കിരീടം സ്വന്തമാക്കിയതോടെ തന്റെ കരിയറിൽ സമ്പൂർണനായിരിക്കുകയാണ് സാക്ഷാൽ മിശിഹ.

നീണ്ട കാലത്തെ കിരീട വരൾച്ചക്ക് ശേഷം കോപ്പാ, ഫൈനലിസിമ, ലോകകപ്പ് കിരീടങ്ങൾ എന്നിവ തുടർച്ചയായി സ്വന്തമാക്കാൻ മെസിക്കും കൂട്ടർക്കുമായി. കൂടാതെ 2023ലെ ബാലൻ ഡി ഓർ പുരസ്കാരത്തിനും അർഹതയുള്ളവരുടെ സാധ്യതപട്ടികയിൽ ഏറ്റവും മുന്നിലുള്ള പേര് മെസിയുടെതാണ്.

ലോകകപ്പിലെ ഗോൾഡൻ ബൂട്ട് പുരസ്‌കാരത്തിനായി പരസ്പരം വാശിയോടെ മത്സരിച്ച മെസി എംബാപ്പെ എന്നിവർ തമ്മിലാണ് ഈ വർഷത്തെ ബാലൻ ഡി ഓർ പുരസ്കാരത്തിനുള്ള പ്രധാന മത്സരം എന്നതാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

അതേസമയം 2021ൽ മെസിക്ക് ബാലൻ ഡി ഓർ നൽകാനുള്ള തീരുമാനം ശരിയായിരുന്നില്ല എന്ന അഭിപ്രായവുമായി രംഗത്ത് വന്നിരിക്കുകയാണ് റയൽ മാഡ്രിഡിന്റെ ജർമൻ താരം ടോണി ക്രൂസ്. പോളിഷ് താരം റോബർട്ട്‌ ലെവൻഡോസ്കിക്കായിരുന്നു 2021ൽ ബാലൻ ഡി ഓർ നൽകേണ്ടിയിരുന്നത് എന്നാണ് ടോണി ക്രൂസ് അഭിപ്രായപ്പെട്ടത്.

“അദ്ദേഹം അതിന് അർഹനല്ല. മെസിയും റൊണാൾഡോയും ഈ പതിറ്റാണ്ടിലെ ഏറ്റവും മികച്ച താരങ്ങളാണെന്ന കാര്യത്തിൽ സംശയം ഒന്നും വേണ്ട. പക്ഷെ 2021ൽ മെസി അതിന് അർഹനല്ലായിരുന്നു,’ ക്രൂസ് പറഞ്ഞു.

“എനിക്ക് ഇതിനെ പറ്റി കൂടുതലൊന്നും അറിയില്ല. പക്ഷെ മെസിയോടുള്ള എല്ലാ ബഹുമാനവും വെച്ച് കൊണ്ട് തന്നെ പറയട്ടെ. ലെവൻഡോസ്കിയേക്കാൾ 2021ലെ ബാലൻ ഡി ഓറിന് അർഹനായി മറ്റാരും തന്നെ ഇല്ലായിരുന്നു. ബയേണിനോപ്പം എല്ലാ ടൈറ്റിലുകളും ലെവ നേടിയിരുന്നു,’ ക്രൂസ് കൂട്ടിച്ചേർത്തു.

2020-2021 സീസണിൽ 47 മത്സരങ്ങളിൽ നിന്നും മെസി 38 ഗോളുകളും 14 അസിസ്റ്റുകളും നേടിയപ്പോൾ ലെവൻഡോസ്കി 40 മത്സരങ്ങളിൽ നിന്നും 48 ഗോളുകളും ഒമ്പത് അസിസ്റ്റുകളുമാണ് സ്വന്തമാക്കിയത്.

അതേസമയം മെസി ലോകകപ്പിന് ശേഷം തന്റെ ക്ലബ്ബായ പി.എസ്.ജിയിൽ എത്തിച്ചേർന്നു. ചാറ്റർബോക്സുമായുള്ള അടുത്ത മത്സരത്തിൽ മെസി കളിക്കാനിറങ്ങും എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ നെയ്മർ, എംബാപ്പെ എന്നിവർ മത്സരത്തിന് ഇറങ്ങില്ല.

Content Highlights:Messi doesn’t deserve the Ballon d’Or;said Real Madrid player

We use cookies to give you the best possible experience. Learn more