| Sunday, 26th March 2023, 10:17 am

മെസിക്ക് പി.എസ്.ജിയോട് ആത്മാർത്ഥതയില്ല; വിമർശനവുമായി മുൻ ഫ്രഞ്ച് താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഖത്തറിൽ വെച്ച് നടന്ന ഫിഫ ലോകകപ്പ് മത്സരങ്ങളിൽ അർജന്റീനക്കായി മികച്ച പ്രകടനം കാഴ്ചവെച്ച മെസിക്ക്  ഗോൾഡൻ ബോൾ പുരസ്‌കാരം ലഭിച്ചിരുന്നു.

ശേഷം തന്റെ ക്ലബ്ബായ പി.എസ്.ജിയിലേക്ക് മടങ്ങിയെത്തിയ മെസിക്ക് ക്ലബ്ബിൽ വേണ്ടത്ര രീതിയിൽ തിളങ്ങാൻ സാധിച്ചിരുന്നില്ല.
ഇതോടെ പാരിസ് ക്ലബ്ബിന്റെ ആരാധകരും താരത്തിന്റെ വിമർശകരും മെസിക്കെതിരെ വിമർശന ശരങ്ങൾ ഉന്നയിക്കുകയായിരുന്നു.

എന്നാൽ മെസി പി.എസ്.ജിക്കായി മികച്ച പ്രകടനം പുറത്തെടുക്കുന്നില്ലെന്നും താരത്തിന് ഫ്രഞ്ച് ക്ലബ്ബിനോട് ആത്മാർത്ഥതയില്ലെന്നും അഭിപ്രായപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് മുൻ ഫ്രഞ്ച് പ്രതിരോധനിര താരമായ ജോൻ മിക്കോദ്.

റെന്നെസിനോട് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെട്ടതിന് ശേഷം മെസിയെ പി.എസ്.ജി ആരാധകർ കൂവി വിളിച്ചിരുന്നു. ഇതിന് ശേഷമാണ് മെസിക്ക് പി.എസ്.ജിയോട് ആത്മാർത്ഥതയില്ലെന്ന് ജോൻ മിക്കോദ് അഭിപ്രായപ്പെട്ടത്.

“നിങ്ങൾക്ക് ഒരു പ്ലെയറിന്റെ നിലവിലെ അവസ്ഥയെപറ്റി സംസാരിക്കാൻ കഴിയില്ല എന്ന് പറയുന്നത് അംഗീകരിക്കാൻ കഴിയില്ല.
മെസിയെ പറ്റി സംസാരിക്കുകയാണെങ്കിൽ അദ്ദേഹം പി.എസ്.ജി.യെ ഒട്ടും മാനിക്കുന്നില്ല എന്നാണ് എനിക്ക് തോന്നുന്നത്. അതിനെ പറ്റി ചർച്ചകൾ നടക്കുന്നുണ്ടെന്നുള്ള കാര്യം വാസ്തവമാണല്ലോ,’ ജോൻ മിക്കോദ് പറഞ്ഞതായി ഗോൾ റിപ്പോർട്ട് ചെയ്തു.

“മെസി പി.എസ്.ജിയിൽ സന്തോഷവാനല്ലെന്ന് ആർക്ക് പറയാൻ സാധിക്കും. എന്നിരുന്നാലും അദ്ദേഹം ക്ലബ്ബിനെ വേണ്ട വിധത്തിൽ ഗൗനിക്കുന്നില്ല. എനിക്ക് മൈതാനത്ത് മെസി കളിക്കുന്നത് കാണുമ്പോൾ അങ്ങനെയൊരു തോന്നലാണ് ഉളവാകുന്നത്,’ ജോൻ മിക്കോദ് കൂട്ടിച്ചേർത്തു.

അതേസമയം പി.എസ്.ജിക്കായി ഈ സീസണിൽ ഇതുവരെ 18 ഗോളുകളും 17 അസിസ്റ്റുകളുമാണ് മെസി സ്വന്തമാക്കിയത്.

നിലവിൽ ലീഗ് വണ്ണിൽ 28 മത്സരങ്ങളിൽ നിന്നും 21 വിജയങ്ങളുമായി 66 പോയിന്റോടെ ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് പി.എസ്.ജി.
ഏപ്രിൽ മൂന്നിന് ലിയോണിനെതിരെയാണ് ക്ലബ്ബിന്റെ അടുത്ത മത്സരം.

Content Highlights:messi doesn’t care about PSG said Johan Micoud

We use cookies to give you the best possible experience. Learn more