| Wednesday, 28th December 2022, 8:05 pm

മെസി അര്‍ജന്റീനയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ? സര്‍വ്വേ ഫലം പുറത്ത്

സ്പോര്‍ട്സ് ഡെസ്‌ക്

ഖത്തര്‍ ലോകകപ്പില്‍ മുന്‍ ലോക ചാമ്പ്യന്മാരായ ഫ്രാന്‍സിനെ പരാജയപ്പെടുത്തിയാണ് അര്‍ജന്റീന വിശ്വകിരീടമുയര്‍ത്തിയത്. നീണ്ട 36 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ഇതിഹാസ താരം അര്‍ജന്റീനയുടെ ക്യാപ്റ്റന്‍സിയിലാണ് ടീം അര്‍ജന്റീന ചാമ്പ്യന്മാരാകുന്നത്.

ഖത്തറില്‍ അസാധ്യ പ്രകടനം നടത്തിയ മെസിക്ക് വലിയ രീതിയിലുള്ള വരവേല്‍പ്പുകളാണ് അര്‍ജന്റീനയില്‍ ലഭിച്ചത്. ലോകകപ്പ് കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിട്ടിട്ടും മെസി തന്നെയാണ് അര്‍ജന്റീനക്കാരുടെ സംസാര വിഷയം.

ഇപ്പോള്‍ ജിയാകോബെ എന്ന റിസേര്‍ച്ച് ഫാം മെസി അര്‍ജന്റീനയുടെ പ്രസിഡന്റ് ആകുന്നതിനെ എത്ര പേര്‍ പിന്തുണക്കുന്നുണ്ടെന്നറിയാന്‍ ഒരു സര്‍വ്വേ നടത്തിയിരിക്കുകയാണ്.

വോട്ട് രേഖപ്പെടുത്തിയവരില്‍ 43.7 ശതമാനം ആളുകളാണ് മെസി പ്രസിഡന്റ് സ്ഥാനത്തേക്ക് വരണമെന്ന അഭിപ്രായത്തോട് യോജിച്ചത്. എന്നാല്‍ 37.8 ശതമാനം ആളുകള്‍ താരത്തെ പ്രസിഡന്റ് ആയി കാണാന്‍ ആഗ്രഹിക്കാത്തവരാണ്. അതേസമയം 17.5 ശതമാനം വോട്ടിങ് രേഖപ്പെടുത്തിയവര്‍ ‘may be’ എന്ന അഭിപ്രായത്തോട് യോജിക്കുന്നവരായിരുന്നു.

എന്തിരുന്നാലും, മെസി അര്‍ജന്റീനയുടെ പ്രസിഡന്റാകാന്‍ ആഗ്രഹിക്കുന്നവരാണ് ലിസ്റ്റില്‍ കൂടുതല്‍ എന്നാണ് സര്‍വ്വേയില്‍ നിന്ന് മനസിലാകുന്നത്. വേള്‍ഡ് കപ്പിന് ശേഷം ആളുകള്‍ക്ക് മെസിയോടുള്ള ആരാധന കൂടിയിട്ടുണ്ടെന്നാണ് പൊതുവേയുള്ള വിലിരുത്തല്‍.

അതേസമയം, ഖത്തറില്‍ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ സൗദി അറേബ്യയോട് തോല്‍വി വഴങ്ങിയെങ്കിലും മെക്സിക്കോയെയും പോളണ്ടിനെയും കീഴ്പ്പെടുത്തി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാരായിട്ടാണ് അര്‍ജന്റീന പ്രീക്വാര്‍ട്ടറിലേക്ക് കടന്നത്.

തുടര്‍ന്ന് ഓസ്ട്രേലിയയെയും നെതര്‍ലന്‍ഡ്സിനെയും അട്ടിമറിച്ച് ഫൈനലില്‍ മുന്‍ ചാമ്പ്യന്മാരായിരുന്ന ഫ്രഞ്ച് പടയെയും കീഴ്പ്പെടുത്തിയാണ് മെസിയുടെയും സംഘത്തിന്റെയും കുതിപ്പ്.

അര്‍ജന്റീനക്കായി കോപ്പ അമേരിക്കയും ഫൈനലിസിമ കിരീടവും ഉയര്‍ത്തിയ മെസിക്ക് വിശ്വകിരീടം മാത്രമായിരുന്നു അകന്നിരുന്നത്.

എന്നാല്‍ ഖത്തറില്‍ നടന്ന ഫിഫ ലോകകപ്പ് ടൂര്‍ണമെന്റില്‍ ലോകചാമ്പ്യന്മാരായതോടെ താരത്തിന്റെ കരിയര്‍ സമ്പൂര്‍ണമായിരിക്കുകയാണ്.

Content Highlights: Messi could become president of Argentina, report

We use cookies to give you the best possible experience. Learn more