മെസി ഇനി ഒന്നാമന്‍. 2024 കോപ്പ അമേരിക്ക ഫൈനലില്‍ കൊളംബിയയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി കിരീടമണിഞ്ഞതോടെ കരിയറിലെ 45ാം കിരീടമാണ് ഫുട്‌ബോള്‍ ഇതിഹാസം തന്റെ പേരിലെഴുതിച്ചേര്‍ത്തത്. 44 കിരീടമണിഞ്ഞ സൂപ്പര്‍ താരം ഡാനി ആല്‍വസിനെ പിന്തള്ളിയാണ് മെസി ചരിത്രനേട്ടത്തിലേക്ക് നടന്നുകയറിയത്.
അര്‍ജന്റൈന്‍ ദേശീയ ടീം അടക്കം നാല് ടീമുകള്‍ക്ക് വേണ്ടിയാണ് മെസി കപ്പുയര്‍ത്തിയത്.
താന്‍ പന്തുതട്ടി കളിയടവ് പഠിച്ച ബാഴ്സലോണക്ക് വേണ്ടിയാണ് മെസി ഏറ്റവുമധികം കിരീടം സ്വന്തമാക്കിയത്. ലാലീഗയും ചാമ്പ്യന്‍സ് ലീഗ് കിരീടവും ക്ലബ്ബ് വേള്‍ഡ് കപ്പുമടക്കം 35 തവണയാണ് മെസി കറ്റാലന്‍മാര്‍ക്കൊപ്പം കിരീടവുമായി പോഡിയത്തിലേറിയത്.
ദേശീയ ടീമിനൊപ്പമാണ് മെസി ശേഷം ഏറ്റവുമധികം കിരീടം നേടിയത്. ആറെണ്ണം. 2024 കോപ്പ അമേരിക്ക കിരീടത്തിന് പുറമെ 2020 കോപ്പ അമേരിക്ക കിരീടവും ഖത്തര്‍ ആതിഥേയരായ 2022 ലോകകപ്പും ഫൈനലിസിമ കിരീടവും മെസി അര്‍ജന്റീനയെ ചൂടിച്ചു.
2020 കോപ്പ അമേരിക്കയുടെ സൂപ്പര്‍ ക്ലാസിക്കോ ഫൈനലില്‍ ചിര വൈരികളായ ബ്രസീലിനെ പരാജയപ്പെടുത്തിയാണ് അര്‍ജന്റീന കോപ്പ അമേരിക്കയില്‍ മുത്തമിട്ടത്. യൂറോ ചാമ്പ്യന്‍മാരായെത്തിയ അസൂറികളായിരുന്നു ഫൈനലിസിമയില്‍ മെസിയുടെയും സംഘത്തിന്റെയും എതിരാളികള്‍.
പി.എസ്.ജിക്കൊപ്പം മൂന്ന് കിരീടം നേടിയ നേടിയ മെസി ഇന്റര്‍ മയാമിയെ അവരുടെ ചരിത്രത്തിലെ ആദ്യ കിരീടവും ചൂടിച്ച് മറ്റൊരു ട്രോഫിയും തന്റെ പോര്‍ട്ഫോളിയോയില്‍ ചേര്‍ത്തുവെച്ചു.
കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ നടന്ന ലീഗ്സ് കപ്പിന്റെ ഫൈനലില്‍ കരുത്തരായ നാഷ്‌വില്ലിനെ പരാജയപ്പെത്തിയാണ് ഹെറോണ്‍സ് കിരീടം ചൂടിയത്. പെനാല്‍ട്ടി ഷൂട്ടൗട്ടിലായിരുന്നു മയാമിയുടെ വിജയം.
കോപ്പ അമേരിക്ക കിരീടം ചൂടിയതോടെ മറ്റൊരു കിരീടത്തിലേക്കും മെസി കണ്ണുവെക്കുന്നുണ്ട്. അടുത്ത വര്‍ഷം നടക്കുന്ന ഫൈനലിസിമയാണത്. യൂറോ കപ്പ് ചാമ്പ്യന്‍മാരായ സ്‌പെയ്‌നാണ് എതിരാളികള്‍.
എന്നാല്‍ ഈ മത്സരം ഒട്ടും എളുപ്പമാകില്ല. കരുത്തുറ്റ നിരയുമായി കളത്തലിറങ്ങിയ സ്പാനിഷ് പട ഒറ്റ മത്സരം പോലും തോല്‍ക്കാതെയാണ് കിരീടത്തില്‍ മുത്തമിട്ടത്. ലാമിന്‍ യമാല്‍ അടക്കമുള്ളവരുടെ കരുത്തിലാണ് സ്‌പെയ്ന്‍ കിരീടത്തിലേക്ക് നടന്നുകയറിയത്.
അതേസമയം, കൊളംബിയക്കെതിരായ മത്സരത്തില്‍ ലൗട്ടാരോ മാര്‍ട്ടീനസാണ് അര്‍ജന്റീനയുടെ വിജയഗോള്‍ കണ്ടെത്തിയത്. നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോള്‍രഹിത സമനില പാലിച്ചതോടെ മത്സരം എക്‌സ്ട്രാ ടൈമിലേക്ക് കടന്നു.
109ാം മിനിട്ടാലണ് മാര്‍ട്ടീനസ് ഗോള്‍ കണ്ടെത്തിയത്. അടുത്ത 11 മിനിട്ടില്‍ ഗോള്‍ മടക്കാന്‍ കൊളംബിയ കിണഞ്ഞുശ്രമിച്ചെങ്കിലും അതൊന്നും തന്നെ ഫലവത്താകാതെ പോയി. ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ അര്‍ജന്റീന എതിരില്ലാത്ത ഒരു ഗോളിന് കിരീടം ചൂടി.
മത്സരത്തില്‍ സൂപ്പര്‍താരം മെസി പരിക്ക് പറ്റി പുറത്തായിരുന്നു. 65ാം മിനിട്ടില്‍ കാലിന് പരിക്കേറ്റതിന് പിന്നാലെയാണ് മെസി കളം വിട്ടത്. ആദ്യ പകുതിയില്‍ കൊളംബിയന്‍ താരം സാന്റിയാഗോ അരീസാണ് മെസിയെ ടാക്കിള്‍ ചെയ്തത്.
ഇതിന് പിന്നാലെ മെസിക്ക് പരിക്കേല്‍ക്കുകയും എന്നാല്‍ ഇതിനെയെല്ലാം മറികടന്നുകൊണ്ട് താരം കളിക്കളത്തില്‍ തുടരുകയും ആയിരുന്നു. ഒടുവില്‍ രണ്ടാം പകുതിയില്‍ പരിക്ക് കൂടുതല്‍ വഷളായതോടെ മെസി മത്സരം പൂര്‍ത്തിയാക്കാതെ മടങ്ങുകയായിരുന്നു. ഇതോടെ അര്‍ജന്റീനന്‍ ഇതിഹാസതാരം കരഞ്ഞുകൊണ്ട് ഗ്രൗണ്ട് വിടുന്ന കാഴ്ചക്കായിരുന്നു മയാമിയിലെ ഹാര്‍ഡ് റോക്ക് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.
ഇതിന് പിന്നാലെ ഒരു ചരിത്ര നേട്ടവും അര്‍ജന്റീന സ്വന്തമാക്കി. കോപ്പ അമേരിക്കയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കിരീടങ്ങള്‍ സ്വന്തമാക്കുന്ന ടീമായി മാറാനാണ് അര്‍ജന്റീനക്ക് സാധിച്ചത്. 16 കിരീടങ്ങളാണ് അര്‍ജന്റീന കോപ്പയില്‍ നേടിയത്. 15 കിരീടങ്ങള്‍ നേടിയ ഉറുഗ്വായെ മറികടന്നുകൊണ്ടാണ് അര്‍ജന്റീന ഈ നേട്ടം സ്വന്തമാക്കിയത്.
Content Highlight: Messi conquered 45th title after winning Copa America 2024