| Thursday, 5th January 2023, 8:54 am

ഒർജിനൽ ട്രോഫി എന്ന് വിചാരിച്ച് മെസി ആഘോഷിച്ചത് ഡ്യൂപ്ലിക്കേറ്റ് ട്രോഫി വെച്ച്; പോസ്റ്റിന് ലഭിച്ചത് ഏഴ് കോടി ലൈക്‌സ്

സ്പോര്‍ട്സ് ഡെസ്‌ക്

ഖത്തർ ലോകകപ്പിൽ ഫ്രഞ്ച് വമ്പന്മാരെ അടിയറവ് പറയിച്ചാണ് അർജന്റീന ലോകകപ്പ് കിരീടം സ്വന്തമാക്കിയത്.
1986ൽ മറഡോണയുടെ നേതൃത്വത്തിൽ ലോകകപ്പ് കിരീടം സ്വന്തമാക്കിയതിന് ശേഷം നീണ്ട 36വർഷങ്ങൾക്ക് ശേഷമാണ് മെസിയും കൂട്ടരും ലോക കിരീടം ബ്യൂണസ് ഐറിസിലേക്ക് എത്തിക്കുന്നത്.

ഇതോടെ നീണ്ട കാലത്തെ കിരീട വരൾച്ചക്ക് ശേഷം കോപ്പാ, ഫൈനലിസിമ, ലോകകപ്പ് കിരീടങ്ങൾ എന്നിവ തുടർച്ചയായി സ്വന്തമാക്കാൻ മെസിക്കും കൂട്ടർക്കുമായി.

ലോകകപ്പ് കിരീടം സ്വന്തമാക്കിയതോടെ പതിവ് തെറ്റിച്ച് പല പോസിൽ ഫോട്ടോക്ക് പോസ് ചെയ്യുന്ന മെസിയേയും ഫുട്ബോൾ ആരാധകർ കണ്ടു.
എന്നാലിപ്പോൾ ലോകകപ്പ് ആഘോഷങ്ങൾക്കിടയിൽ വൈറലായ മെസി ലോകകപ്പ് ഉയർത്തുന്ന ഒരു ഫോട്ടോയിലെ ട്രോഫി ഒർജിനൽ അല്ലെന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്.

ഒർജിനൽ ട്രോഫി ആണെന്ന് കരുതി മെസി എടുത്തുയർത്തി ഫോട്ടോക്ക് പോസ് ചെയ്ത ട്രോഫി ഒർജിനൽ അല്ലെന്ന വാർത്ത മെസി പിന്നീടാണ് അറിഞ്ഞതെന്നും റിപ്പോർട്ടുകളുണ്ട്.

ലോകകപ്പ് വേദിയിൽ അർജന്റീന ട്രോഫി ഉയർത്തിയ ശേഷം ഫിഫ കസ്റ്റമറി ട്രോഫിയാണ് ടീമിന് തുടർന്ന് ആഘോഷിക്കാൻ നൽകിയത്. എൽ പാരിസിന്റെ റിപ്പോർട്ട്‌ അനുസരിച്ച് അർജന്റീനക്കാരായ മാനുവൽ, പൗല എന്നിവരാണ് കസ്റ്റമറി ട്രോഫി നിർമിച്ചത്.

ഒർജിനൽ ട്രോഫി ആണെന്ന് കരുതി ട്രോഫി ഉപയോഗിച്ച് വലിയ ആഘോഷം തുടർന്ന മെസിയേയും സംഘത്തെയും അത് കസ്റ്റമറി ട്രോഫിയാണെന്ന് ഓർമിപ്പിച്ചത് ഏഞ്ചൽ ഡി മരിയയാണെന്നാണ് എൽ പാരിസ് റിപ്പോർട്ട്‌ ചെയ്തത്.

ലോകകപ്പ് വിജയത്തിന് ശേഷം വലിയ വരവേൽപ്പാണ് അർജന്റീനക്ക് ആരാധകർ നൽകിയത്. ലോക കിരീടം സ്വന്തമാക്കിയ ശേഷം ഖത്തറിലും ജന്മ നാടായ അർജന്റീനയിലും അർജന്റീനക്കാർ തങ്ങളുടെ ടീമിനെ വലിയ രീതിയിൽ വരവേറ്റിരുന്നു. ലോകകപ്പ് ആഘോഷങ്ങൾക്ക് ശേഷം താരങ്ങളെല്ലാം അവരുടെ ക്ലബ്ബുകളിലേക്ക് മടങ്ങിയെത്തി എന്നാണ് റിപ്പോർട്ടുകൾ.

അതേസമയം ലോകകപ്പ് സ്വന്തമാക്കിയെങ്കിലും അടുത്തിടെ പ്രസിദ്ധീകരിച്ച ഫിഫ റാങ്ക് ടേബിളിൽ രണ്ടാം സ്ഥാനത്താണ് അർജന്റീന. ഒന്നാം സ്ഥാനം ബ്രസീലിനാണ്.

Content Highlights:Messi celebrated with a duplicate trophy thinking it was the original trophy; The post received seven Million likes

We use cookies to give you the best possible experience. Learn more