ജൂണിൽ പി.എസ്.ജിയിലെ കരാർ അവസാനിക്കുന്ന മെസിയുടെ ഭാവിയെന്തെന്നാണ് ഫുട്ബോൾ ലോകം ഇപ്പോൾ ചർച്ച ചെയ്യുന്നത്.
താരം പി.എസ്.ജിയിൽ തുടരുമോ അതോ ബാഴ്സലോണയുൾപ്പെടെയുള്ള മറ്റേതെങ്കിലും ക്ലബ്ബിലേക്ക് ചേക്കേറുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
എന്നാൽ മെസി അടുത്ത സീസണിൽ ബാഴ്സലോണയിൽ കളിക്കാൻ സാധ്യത കുറവാണ് എന്ന് അഭിപ്രായപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് ലാ ലിഗ പ്രസിഡന്റായ ജവിയർ തേബാസ്.
ബാഴ്സലോണയുടെ സാമ്പത്തിക നില അത്ര ഭദ്രമല്ലാത്ത അവസ്ഥയിൽ നിലനിൽക്കുന്നതിനാലാണ് മെസിക്ക് അടുത്ത സീസണിൽ ബാഴ്സലോണയിൽ കളിക്കാൻ സാധിക്കാത്തത് എന്നാണ് ജവിയർ തേബാസ് അഭിപ്രായപ്പെട്ടിരിക്കുന്നത്.
ഉയർന്ന സൈനിങ് തുകക്ക് പിന്നാലെ വലിയ പ്രതിഫലം പറ്റിയാണ് നിലവിൽ മെസി പി. എസ്.ജിയിൽ കളിക്കുന്നത്. അതിനാൽ തന്നെ പാരിസ് ക്ലബ്ബിൽ നിന്നും ലഭിക്കുന്നതിനെക്കാൾ ഉയർന്ന പ്രതിഫലം ലഭിച്ചാൽ മാത്രമേ താരം മറ്റേതെങ്കിലും ക്ലബ്ബിലേക്ക് ചേക്കേറാൻ സാധ്യതയുള്ളൂ എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
34 മില്യൺ യൂറോയാണ് പി.എസ്.ജിയിൽ ഒരു സീസണിൽ ശമ്പളയിനത്തിൽ മാത്രം മെസി കൈപറ്റുന്നത്.
നിലവിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ബാഴ്സ അവരുടെ വാർഷിക ബിൽ 400 മുതൽ 600 മില്യൺ യൂറോ വരെ കുറച്ചാലെ പുതിയ പ്ലെയേഴ്സിനെ സൈൻ ചെയ്യാൻ സാധിക്കുകയുള്ളൂവെന്ന് നേരത്തെ ജവിയർ തേബാസ് അഭിപ്രായപ്പെട്ടിരുന്നു.
“മെസി ബാഴ്സയിലേക്കെത്തണമെങ്കിൽ ഒരുപാട് കാര്യങ്ങളിൽ മാറ്റമുണ്ടാകണം. ആദ്യം അദ്ദേഹം തന്റെ പ്രതിഫലം വലിയ തോതിൽ വെട്ടിക്കുറക്കാൻ തയ്യാറാവണം. കൂടാതെ ക്ലബ്ബ് അവരുടെ നിലവിലെ സ്‌ക്വാഡ് ഡെപ്ത്ത് കുറക്കുകയും വേണം.
മെസിയും ബാഴ്സയും ചേർന്ന് എന്തെങ്കിലും ചെയ്താൽ താരത്തിന് ബാഴ്സയിൽ കളിക്കാം. ഞങ്ങൾക്ക് നിയമത്തിൽ മാറ്റം വരുത്തലൊന്നും സാധ്യമല്ല,’ ജവിയർ തേബാസ് പറഞ്ഞു.
“മെസി അടുത്ത സീസണിൽ ബാഴ്സയിലും പി.എസ്.ജിയിലും കളിക്കാൻ സാധ്യതയില്ല. കാരണം ബാഴ്സയേക്കാൾ കുറഞ്ഞ വരുമാനമാണ് പി.എസ്.ജി നേടുന്നത്.
അതേസമയം നിലവിൽ 26 മത്സരങ്ങളിൽ നിന്നും 22 വിജയങ്ങളോടെ 68 പോയിന്റുമായി ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് ബാഴ്സ.
ഏപ്രിൽ രണ്ടിന് എൽച്ചെക്കെതിരെയാണ് ക്ലബ്ബിന്റെ അടുത്ത മത്സരം.
Content Highlights:Messi can’t be at Barcelona or PSG next season said la liga president Javier Tebas