| Thursday, 9th February 2023, 3:50 pm

മെസിക്ക് ഉറപ്പായും ആ അമൂല്യമായ കിരീടം കൊണ്ടുവന്ന് ചരിത്രം സൃഷ്‌ടിക്കാനാവും; മുൻ സൂപ്പർ താരം

സ്പോര്‍ട്സ് ഡെസ്‌ക്

വ്യാഴാഴ്ച നടന്ന ഫ്രഞ്ച് കപ്പ്‌ പ്രീ ക്വാർട്ടർ മത്സരത്തിൽ മാഴ്സെലെയുമായുള്ള മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പി.എസ്.ജി കളിയിൽ പരാജയം രുചിച്ചിരുന്നു.

ചിര വൈരികളായ മാഴ്സെലെയുമായുള്ള മത്സരത്തിലേറ്റ പരാജയം പി.എസ്.ജി ആരാധകരുടെ ഇടയിൽ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.

മെസി, എംബാപ്പെ, നെയ്മർ മുതലായ സൂപ്പർ താരങ്ങളുടെ അഭാവത്തിലും ആഭ്യന്തര ലീഗിലൊഴികെ മെച്ചപ്പെട്ട പ്രകടനം കാഴ്ച വെക്കാൻ സാധിക്കാത്തതാണ് പി. എസ്.ജി ആരാധകരെ ചൊടിപ്പിച്ചത്.

എന്നാൽ മെസിയെ പോലുള്ള സൂപ്പർ താരങ്ങൾ അടങ്ങിയ ക്ലബ്ബിന് മികച്ച ടൈറ്റിലുകൾ സ്വന്തമാക്കാൻ കഴിയും എന്നാണ് ഇപ്പോഴും ആരാധക പ്രതീക്ഷ.

മെസി പി.എസ്.ജിയെ അവരുടെ സ്വപ്ന കിരീടമായ ചാമ്പ്യൻസ് ലീഗ് സ്വന്തമാക്കാൻ മുന്നിൽ നിന്ന് നയിക്കും എന്ന് അഭിപ്രായപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് മുൻ പി.എസ്.ജി താരമായ ജെയ്-ജെയ്-ഒക്കോച്ച.

പി.എസ്.ജിക്കായും എയ്ൻറിച്ച് ഫ്രാങ്ക്ഫർട്ടിനായും യൂറോപ്പിലെ മികച്ച ചാമ്പ്യൻഷിപ്പുകൾ കളിച്ച ഒക്കോച്ച 12 തവണ ചാമ്പ്യൻസ് ലീഗിലും കളിച്ചിട്ടുണ്ട്.

ലെ പാരിസിയന് നൽകിയ അഭിമുഖത്തിലാണ് ഫെബ്രുവരി 15ന് നടക്കുന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തെ പറ്റി സംസാരിക്കുന്നതിനിടെ മെസി പി.എസ്.ജിക്ക് ചാമ്പ്യൻസ് ലീഗ് നേടിക്കൊടുക്കുമെന്ന് ഒക്കോച്ച അഭിപ്രായപ്പെട്ടത്.

“തീർച്ചയായും പി.എസ്.ജി ചാമ്പ്യൻസ് ലീഗ് വിജയിക്കും എന്ന് എനിക്ക് കൂട്ടുകാരുമായി ബെറ്റ് വെക്കാൻ സാധിക്കും. അത് എന്തായാലും സംഭവിക്കും, എനിക്ക് അതിൽ യാതൊരു സംശയവുമില്ല. അത് എപ്പോൾ സംഭവിക്കും എന്ന് മാത്രമേ നിങ്ങൾ എന്നോട് ചോദിക്കേണ്ട കാര്യമുള്ളൂ. ടീം സെറ്റ് ആയ ഉടൻ അത് നടന്നിരിക്കും,’ ഒക്കോച്ച പറഞ്ഞു.

“ക്ലബ്ബ് കുറച്ചുകൂടി കളിക്കാരെ സൈൻ ചെയ്യേണ്ടതുണ്ട്. ചെറുപ്പക്കാരായ കളിക്കാരെ അത് വഴി പ്രചോദിപ്പിക്കാൻ സാധിക്കും. ഇപ്പോൾ ഒരു കിരീടം നേടുന്നതിൽ നിന്നും പി.എസ്.ജിയെ തടയുന്ന ഒരേയൊരു കാര്യം ടീമംഗങ്ങൾ അതിൽ വിശ്വസിക്കുന്നില്ല എന്നതാണ്.
ഒക്കോച്ച കൂട്ടിച്ചേർത്തു.

കുറച്ച് സീസണുകളിലായി പ്രീ ക്വാർട്ടറിൽ അടിപതറുന്ന പി.എസ്.ജി ഇത്തവണ ചരിത്രം മാറ്റിക്കുറിക്കുമെന്നും ഒക്കോച്ച ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.

അതേസമയം ഫെബ്രുവരി 15ന് ഇന്ത്യൻ സമയം പുലർച്ചെ 1:30 നാണ് പി.എസ്.ജിയുടെ ബയേണുമായുള്ള ആദ്യ പാദ മത്സരം. സോണി സ്പോർട്സ് ആണ് മത്സരം ഇന്ത്യയിൽ ടെലിവിഷനിൽ സംപ്രേഷണം ചെയ്യുന്നത്. സോണി ലിവിലും ജിയോ ടി.വിയിലും മത്സരത്തിന്റെ തത്സമയ സ്ട്രീമിങ് ഉണ്ടാകും.

Content Highlights:Messi can surely win champions league with alongside psg said Jay-Jay Okocha

We use cookies to give you the best possible experience. Learn more