| Monday, 19th September 2022, 8:35 am

തൊട്രാ പാക്കലാം...; റൊണാള്‍ഡോ തല കുത്തി നിന്നാലും തകര്‍ക്കാനാകാത്ത ലോക റെക്കോഡുമായി മെസി

സ്പോര്‍ട്സ് ഡെസ്‌ക്

വീണ്ടും റെക്കോഡുകളുടെ രാജകുമാരനായി അര്‍ജന്റീനയുടെ പ്രിയ താരം. കളിക്കുന്ന ഓരോ മാച്ചിലും സ്‌കോര്‍ ചെയ്യുന്ന ഒരു ഗോളിലും ഫുട്‌ബോള്‍ ലോകത്തിന്റെ നെറുകെയിലെത്തുന്ന പുത്തന്‍ റെക്കോഡുകള്‍ തീര്‍ത്താണ് മെസി ഇന്നും മുന്നേറുന്നത്.

റൈവലായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ റെക്കോഡുകള്‍ ഒന്നിന് പുറകെ ഒന്നായി തകര്‍ക്കുന്ന തിരക്കിലാണ് അര്‍ജന്റൈന്‍ ഇതിഹാസം ഇപ്പോള്‍. ഞായറാഴ്ച പി.എസ്.ജി ലിയോണുമായി ഏറ്റുമുട്ടിയപ്പോഴാണ് മെസിക്ക് പുതിയ റെക്കോഡിന് അവസരമൊരുങ്ങിയത്.

മാച്ച് തുടങ്ങി അഞ്ചാം മിനിറ്റില്‍ മെസി ഗോള്‍വല കുലുക്കി. ആ ഗോളിന്റെ ബലത്തില്‍ ലിയോണിനെ 1-0ന് തോല്‍പ്പിച്ച് മടങ്ങവേയാണ് ചെറുതല്ലാത്ത ഒരു റെക്കോഡ് കൂടി മെസി പോക്കറ്റിലാക്കിയത്.

പെനല്‍റ്റിയിലൂടെയല്ലാതെ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ ഫുട്‌ബോള്‍ താരമാണ് ഇന്ന് മെസി. 672 ഗോളുകളാണ് മെസിയുടെ പേരിലുള്ളത്. 671 ഗോളുകളോട് കൂടി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തൊട്ടുപുറകിലുണ്ട്.

സംഭവം ഒരു ഗോളിന്റെ വ്യത്യാസമേ ക്രിസ്റ്റ്യാനോയുമായി മെസിക്കുള്ളതെങ്കിലും മറ്റൊരു പ്രത്യേകത കൂടി ഈ റെക്കോഡിനുണ്ട്. ഈ ലോക റെക്കോഡ് നേടാന്‍ റൊണാള്‍ഡോയും മെസിയും കളിച്ച മാച്ചുകളുടെ എണ്ണത്തിലെ വ്യത്യാസം തന്നെയാണ് ആ പ്രത്യേകത.

റൊണാള്‍ഡോയേക്കാള്‍ 150 മാച്ചുകള്‍ കുറവ് കളിച്ചുകൊണ്ടാണ് മെസി ലോക റെക്കോഡ് നേടിയത്. അതുകൊണ്ട് തന്നെ, റൊണാള്‍ഡോ ഇനി ഈ റെക്കോഡ് തന്റെ പേരിലാക്കിയാലും ആ കളിക്കാത്ത 150 മാച്ചുകളുടെ ഒപ്പമെത്താന്‍ റൊണാള്‍ഡോക്കാവില്ലെന്നാണ് മെസി ആരാധകരുടെ പക്ഷം.

ചാമ്പ്യന്‍സ് ലീഗില്‍ യുവന്റസിനെ കഴിഞ്ഞ ദിവസം തകര്‍ത്തപ്പോഴും മെസി റൊണാള്‍ഡോയുടെ റെക്കോഡുകള്‍ കാറ്റില്‍ പറത്തിയിരുന്നു.

ഒരു ഗോളും ഒരു അസിസ്റ്റും സ്വന്തം പേരില്‍ കുറിച്ച മെസി തന്നെയായിരുന്നു മത്സരത്തിലെ ഹീറോ. ഈ മത്സരത്തില്‍ മൂന്ന് റെക്കോഡുകളാണ് അദ്ദേഹം തന്റെ പേരില്‍ ചേര്‍ത്തത്.

ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ ടീമുകള്‍ക്കെതിരെ ഗോള്‍ നേടിയ താരമെന്നതാണ് ആദ്യത്തെ റെക്കോഡ്. 39 ടീമുകള്‍ക്കെതിരെയാണ് മെസി ചാമ്പ്യന്‍സ് ലീഗില്‍ ഗോള്‍ നേടിയത്. 38 ടീമുകള്‍ക്കെതിരെ ഗോള്‍ സ്വന്തമാക്കിയ റൊണാള്‍ഡോയുടെ റെക്കോഡാണ് മെസി തകര്‍ത്തത്.

തുടര്‍ച്ചയായി 18 ചാമ്പ്യന്‍സ് ലീഗ് സീസണുകളില്‍ ഗോള്‍ നേടുന്ന ആദ്യ താരമെന്ന റെക്കോഡും അദ്ദേഹം സ്വന്തമാക്കിയിരുന്നു. റൊണാള്‍ഡോ സീസണില്‍ കളിക്കാത്തതിനാല്‍ ഈ അടുത്ത കാലത്തൊന്നും ഈ റെക്കോഡ് ആരും തകര്‍ക്കാന്‍ സാധ്യതയില്ല.

ഫുട്ബോളിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ഗോളും അസിസ്റ്റും നല്‍കിയ താരമെന്ന റെക്കോഡും മെസി സ്വന്തമാക്കിയിരുന്നു. 1,111 തവണ ഗോള്‍ കോണ്ട്രിബ്യൂഷന്‍ നല്‍കിയ ബ്രസീല്‍ സൂപ്പര്‍താരം പെലെയുടെ റെക്കോഡാണ് അദ്ദേഹം തകര്‍ത്തത്. 1,112 തവണയാണ് മെസി ഗോള്‍ അടിക്കുകയോ അതില്‍ പങ്കാളിയാവുകയോ ചെയ്തത്.

Content Highlight: Messi bypasses Cristiano Ronaldo in number of non-penalty goals scored

We use cookies to give you the best possible experience. Learn more