ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ട മത്സരങ്ങളില്‍ പി.എസ്.ജിക്ക് രണ്ടാം വിജയം. ആദ്യ മത്സരത്തില്‍ യുവന്റസിനെ തകര്‍ത്ത പി.എസ്.ജി രണ്ടാം മത്സരത്തില്‍ മക്കാബി ഹൈഫയാണ് തോല്‍പിച്ചത്. ഒന്നിനെതിരെ മൂന്ന് ഗോളിനാണ് പി.എസ്.ജി വിജയിച്ചത്.
പി.എസ്.ജിക്കായി മെസി, നെയ്മര്‍, എംബാപെ എന്നിവരാണ് ഗോള്‍ നേടിയത്. മത്സരം ആരംഭിച്ച് 23ാം മിനിട്ടില്‍ തന്നെ പത്താം നമ്പര്‍ ജേഴ്‌സിക്കാരന്‍ ചെറിയിലൂടെ മക്കാബി പി.എസ്.ജിയുടെ ഗോള്‍ വല കുലുക്കിയിരുന്നു.
37ാം മിനിട്ടിലായിരുന്നു പി.എസ്.ജി ആദ്യ ഗോള്‍ നേടിയത്. എംബാപെയുടെ അസിസ്റ്റില്‍ മെസിയായിരുന്നു പി.എസ്.ജിക്കായി ആദ്യം വല കുലുക്കിയത്. പിന്നീട് 69ാം മിനിട്ടിലും ഇതേ കോമ്പോയുടെ അറ്റാക്കില്‍ തന്നെയാണ് രണ്ടാം ഗോള്‍ നേടിയത്. ഇത്തവണ മെസി അസിസ്റ്റ് ചെയ്തപ്പോള്‍ എംബാപെ ഗോള്‍ നേടി.
88ാം മിനിട്ടിലാണ് നെയ്മര്‍ പി.എസ്.ജിക്കായി അവസാന ഗോള്‍ നേടിയത്. നെയ്മര്‍ കൂടെ ഗോള്‍ നേടിയപ്പോള്‍ പി.എസ്.ജിയുടെ മുന്നേറ്റ ത്രയങ്ങള്‍ എല്ലാവരും ഗോള്‍ നേടി.
ഒരു ഗോളും ഒരു അസിസ്റ്റും സ്വന്തം പേരില്‍ കുറിച്ച മെസി തന്നെയായിരുന്നു മത്സരത്തിലെ ഹീറോ. ഈ മത്സരത്തില്‍ മൂന്ന് റെക്കോഡുകളാണ് അദ്ദേഹം തന്റെ പേരില്‍ ചേര്‍ത്തത്.
ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ ടീമുകള്‍ക്കെതിരെ ഗോള്‍ നേടിയ താരമെന്നതാണ് ആദ്യത്തെ റെക്കോഡ്. 39 ടീമുകള്‍ക്കെതിരെയാണ് മെസി ചാമ്പ്യന്‍സ് ലീഗില്‍ ഗോള്‍ നേടിയത്. 38 ടീമുകള്‍ക്കെതിരെ ഗോള്‍ സ്വന്തമാക്കിയ റൊണാള്‍ഡോയുടെ റെക്കോഡാണ് മെസി തകര്‍ത്തത്.
തുടര്‍ച്ചയായി 18 ചാമ്പ്യന്‍സ് ലീഗ് സീസണുകളില്‍ ഗോള്‍ നേടുന്ന ആദ്യ താരമെന്ന റെക്കോഡും അദ്ദേഹം സ്വന്തമാക്കിയിരുന്നു. റൊണാള്‍ഡോ സീസണില്‍ കളിക്കാത്തതിനാല്‍ ഈയൊരു അടുത്ത കാലത്തൊന്നും ഈ റെക്കോഡ് ആരും തകര്‍ക്കാന്‍ സാധ്യതയില്ല.
ഫുട്‌ബോളിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ഗോളും അസിസ്റ്റും നല്‍കിയ താരമെന്ന റെക്കോഡും മെസി സ്വന്തമാക്കിയിരുന്നു. 1,111 തവണ ഗോള്‍ കോണ്ട്രിബ്യൂഷന്‍ നല്‍കിയ ബ്രസീല്‍ സൂപ്പര്‍താരം പെലെയുടെ റെക്കോഡാണ് അദ്ദേഹം തകര്‍ത്തത്. 1,112 തവണയാണ് മെസി ഗോള്‍ അടിക്കുകയോ അതില്‍ പങ്കാളിയാവുകയോ ചെയ്തത്.
കഴിഞ്ഞ സീസണില്‍ എല്ലാവരും എഴുതി തള്ളിയിടത്തു നിന്നുമാണ് മെസി ഇതുപോലൊരു തിരിച്ചുവരവ് നടത്തുന്നത്. ഈ സീസണില്‍ പഴയ മെസിയെ കാണാന്‍ സാധിക്കില്ലെങ്കിലും പി.എസ്.ജിയുടെ കളി രീതിയോട് ഒത്തിണങ്ങിയ പുതിയ ലിയോയെ കാണാന്‍ സാധിക്കും.
Content Highlight: Messi Broke Three Records in game against Maccabi Haifa