| Wednesday, 14th December 2022, 12:08 pm

ഇനിയൊരു മത്സരം ജയിക്കാന്‍ സാധിച്ചില്ലെങ്കില്‍ മെസിയുടെ മനസില്‍ വിലയില്ലാതാകുന്ന റെക്കോഡുകള്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഒറ്റ മത്സരം, എണ്ണമറ്റ റെക്കോഡുകള്‍, മറികടന്നത് ഇതിഹാസങ്ങളെയും. അതായിരുന്നു ഖത്തര്‍ ലോകകപ്പിലെ മെസിയുടെ സെമി ഫൈനല്‍ മത്സരം. അര്‍ജന്റീനയും ക്രൊയേഷ്യയും തമ്മില്‍ ഏറ്റുമുട്ടിയ മത്സരത്തില്‍ വിജയത്തിനും ഫൈനല്‍ ബെര്‍ത്തിനുമൊപ്പം അര്‍ജന്റൈന്‍ ഇതിഹാസമായ ലയണല്‍ മെസി സ്വന്തമാക്കിയത് എണ്ണിയിലൊടുങ്ങാത്ത റെക്കോഡുകളുമാണ്.

തന്റെ കരിയറിന്റെ പ്രൈം ടൈമിനെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് ലയണല്‍ മെസി കളിക്കളത്തില്‍ തരംഗമായത്. ഗോളടിക്കുന്നതിനൊപ്പം തന്നെ ഗോളുകളടിപ്പിടച്ചുമാണ് താരം അര്‍ജന്റീനയുടെ പടക്കപ്പലിനെ മുന്നോട്ട് നയിക്കുന്നത്.

ഇത് തന്റെ അവസാന ലോകകപ്പാണെന്ന് മെസി സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ‘ഫൈനലില്‍ എത്താന്‍ സാധിച്ചതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. എന്റെ അവസാന മത്സരം ഫൈനലില്‍ കളിച്ച് ലോകകപ്പ് യാത്ര പൂര്‍ത്തിയാക്കും. അടുത്ത ലോകകപ്പിന് ഒരുപാട് വര്‍ഷങ്ങളുണ്ട്. എനിക്ക് അതില്‍ പങ്കെടുക്കാന്‍ കഴിയുമെന്നു തോന്നുന്നില്ല. ഇങ്ങനെ അവസാനിപ്പിക്കുന്നതാണ് നല്ലത്. എന്നായിരുന്നു മെസി മത്സരശേഷം പറഞ്ഞത്.

വിജയത്തിനൊപ്പം തന്നെ റെക്കോഡുകളുടെ നിരയാണ് മെസിയെ തേടിയെത്തിയിരിക്കുന്നത്. ഗോളുകളുടെ എണ്ണത്തില്‍ മാത്രമല്ല കളിക്കളത്തില്‍ നിറഞ്ഞുനിന്ന സമയവും, കളികളുടെ എണ്ണവുമടക്കം കഴിഞ്ഞ ഒറ്റ മത്സരത്തില്‍ നിന്നും മെസി കൈപ്പിടിയിലൊതുക്കിയ റെക്കോഡുകളും അനവധിയാണ്.

ലോകകപ്പ് മത്സരങ്ങളില്‍ അര്‍ജന്റീനക്കായി ഏറ്റവുമധികം ഗോള്‍ നേടിയ താരം എന്ന റെക്കോഡാണ് ഖത്തര്‍ ലോകകപ്പിന്റെ സെമി ഫൈനല്‍ മത്സരത്തിലെ 34ാം മിനിട്ടില്‍ താരം സ്വന്തമാക്കിയത്. ഫുട്‌ബോള്‍ ലോകം സ്‌നേഹത്തോടെയും അതിനേക്കാളുപരി ബഹുമാനത്തോടെയും ബാറ്റിയെന്ന് വിളിക്കുന്ന അര്‍ജന്‍കരൈന്‍ ലെജന്‍ഡ് ഗബ്രിയേല്‍ ബാറ്റിസ്റ്റിയൂട്ടയുടെ പത്ത് ഗോളിന്റെ റെക്കോഡാണ് മെസി മറികടന്നത്.

ഈ ലോകകപ്പിന് മുമ്പ് ആറ് ഗോളായിരുന്നു മെസിയുടെ സമ്പാദ്യം. ഖത്തര്‍ ലോകകപ്പില്‍ പോളണ്ടിനെതിരായ മത്സരത്തിലൊഴികെ അര്‍ജന്റീന കളിച്ച എല്ലാ മത്സരത്തിലും മെസി വലകുലുക്കിയിരുന്നു.

വേള്‍ഡ് കപ്പില്‍ 25 മത്സരങ്ങളിലായി മെസി നേടിയ 11 ഗോളുകളില്‍ അഞ്ചും പിറന്നത് ഖത്തര്‍ ലോകകപ്പിലാണ്. ഫിഫ ലോകകപ്പിന്റെ 2006, 2014, 2018, 2022 പതിപ്പുകളിലാണ് താരം ഗോള്‍ സ്‌കോര്‍ ചെയ്തത്.

കഴിഞ്ഞ മത്സരത്തില്‍ കളത്തിലിറങ്ങിയപ്പോള്‍ തന്നെ മറ്റൊരു റെക്കോഡും മെസിയെ തേടിയെത്തിയിരുന്നു. ലോകകപ്പില്‍ ഏറ്റവുമധികം മത്സരങ്ങള്‍ കളിച്ച താരമെന്ന റെക്കോഡാണ് മെസിയെ തേടിയെത്തിയത്.

സെമിക്ക് മുമ്പ് 24 മത്സരം കളിച്ച ജര്‍മന്‍ ഇതിഹാസ താരം ക്ലോസെക്കൊപ്പം പട്ടികയില്‍ രണ്ടാം സ്ഥാനത്തായിരുന്നു മെസി. എന്നാല്‍ സെമിയില്‍ കളിച്ചതോടെ ക്ലോസെയെ മറികടക്കാനും ഒന്നാം സ്ഥാനത്തുള്ള ജര്‍മനിയുടെ തന്നെ ലോഥര്‍ മത്തേവൂസിനൊപ്പമെത്താനും താരത്തിന് സാധിച്ചു.

ഇനി ഡിസംബര്‍ 18ന് ഫൈനല്‍ കളിക്കുക കൂടി ചെയ്യുന്നതോടെ മത്തേവൂസും മെസിക്ക് പിന്നിലാവുമെന്നുറപ്പാണ്.

ഫിഫ ലോകകപ്പ് മത്സരങ്ങളില്‍ ആകെ 2,194 മിനിട്ടാണ് മെസി കളിച്ചത്. ഏറ്റവും കൂടുതല്‍ മിനിട്ടുകള്‍ കളിച്ചതിന്റെ റെക്കോര്‍ഡ്, ഇറ്റാലിയന്‍ ഇതിഹാസ ഡിഫന്‍ഡറും എ.സി മിലാന്‍ ഐക്കണുമായ പൗലോ മാല്‍ഡിനിയുടെ പേരിലാണ്. 2,217 മിനിട്ടാണ് താരം ലോകകപ്പില്‍ നിറഞ്ഞുനിന്നത്.

സെമി ഫൈനല്‍ മത്സരത്തില്‍ ഈ റെക്കോഡ് മറികടക്കാന്‍ മെസിക്ക് സാധിച്ചില്ലെങ്കിലും ഫൈനല്‍ മത്സരത്തില്‍ 24 മിനിട്ട് കൂടി കളിച്ചാല്‍ ആ പൊന്‍തൂവലും മെസിയുടെ കിരീടത്തെ അലങ്കരിക്കും.

ഇതിനൊപ്പം ഏറ്റവുമധികം ലോകകപ്പ് മത്സരങ്ങളില്‍ ഗോളോ അസിസ്‌റ്റോ നേടുന്ന താരം എന്ന റെക്കോഡും മെസി സ്വന്തമാക്കി. 13 മത്സരത്തില്‍ നിന്നും ഗോളോ അസിസ്‌റ്റോ സ്വന്തമാക്കിയ മെസി ബ്രസീലിന്റ ഇതിഹാസ താരം റൊണാള്‍ഡോക്കൊപ്പമെത്തുകയും ചെയ്തു.

ലോകകപ്പില്‍ ജര്‍മനിയുടെ ക്ലോസെയുടെ റെക്കോര്‍ഡും തകര്‍ക്കാനുള്ള ഒരുക്കത്തിലാണ് മെസി. മുന്‍ ബയേണ്‍ മ്യൂണിക്ക് താരം ജര്‍മനിയുമായി 17 മത്സരങ്ങള്‍ ജയിച്ചിട്ടുണ്ട്. ഫിഫ ലോകകപ്പില്‍ അര്‍ജന്റീനക്കൊപ്പം 16 മത്സരങ്ങളിലാണ് മെസി ജയിച്ചത്.

ഫൈനല്‍ മത്സരം ജയിക്കുകയാമെങ്കില്‍ ലോകത്തെന്റെ നെറുകയില്‍ മാത്രമല്ല, ഫിഫയുടെ ചരിത്രപുസ്തകത്തിലും പ്രത്യേക സ്ഥാനം നേടാന്‍ മെസിക്കാകും.

ഇതിനെല്ലാം പുറമെ അര്‍ജന്റീനക്കാരുടെ ഫുട്‌ബോള്‍ ദൈവമായ മറഡോണയുടെ ഒരു റെക്കോഡിനൊപ്പവും മെസി എത്തിയിരിക്കുകയാണ്. ലോകകപ്പില്‍ ഏറ്റവുമധികം അസിസ്റ്റ് നല്‍കുന്ന അര്‍ജന്റൈന്‍ താരമെന്ന റെക്കോഡിനൊപ്പമാണ് അല്‍വാരസിന്റെ ഗോളിലൂടെ മെസി ഇടം പിടിച്ചിരിക്കുന്നത്. മറഡോണക്കും മെസിക്കും എട്ട് അസിസ്റ്റ് വീതമാണ് ലോകകപ്പിലുള്ളത്.

റെക്കോഡുകളുടെ കളിത്തോഴനായ മെസി ഇനിയും റെക്കോഡുകള്‍ വാരിക്കൂട്ടുമെന്നുറപ്പാണ്. എന്നാല്‍ മറ്റേത് റെക്കോഡിനേക്കാളും മൂല്യമുള്ള വേള്‍ഡ് കപ്പ് തന്നെയാണ് മെസി ലക്ഷ്യം വെക്കുന്നത്. ഇത്രയെല്ലാം റെക്കോഡുകള്‍ കയ്യിലുണ്ടെങ്കിലും ലോകകപ്പിന്റെ തിളക്കമില്ലെങ്കില്‍ ആ റെക്കോഡുകള്‍ക്കെല്ലാം തന്നെ മെസിയുടെ മനസില്‍ ഒരു വിലയുമുണ്ടാകില്ല.

ഇനി മറ്റൊരു ലോകകപ്പില്‍ താന്‍ കളിക്കില്ല എന്ന കാര്യം മെസി തന്നെ പറഞ്ഞതിനാല്‍ തന്നെ അടുത്ത ഒറ്റ മത്സരത്തിന് മെസി തന്റെ ജീവനോളം വിലകല്‍പിക്കുന്നുണ്ട് എന്ന കാര്യവുമുറപ്പാണ്.

Content highlight: Messi broke several record during Argentina vs Croatia semi final match

We use cookies to give you the best possible experience. Learn more