ഒന്നല്ല രണ്ടല്ല മൂന്നല്ല നാലല്ല എണ്ണിപ്പറഞ്ഞാല്‍ 40; അക്ഷരം തെറ്റാതെ വിളിക്കാം GOAT എന്ന്
Football
ഒന്നല്ല രണ്ടല്ല മൂന്നല്ല നാലല്ല എണ്ണിപ്പറഞ്ഞാല്‍ 40; അക്ഷരം തെറ്റാതെ വിളിക്കാം GOAT എന്ന്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 6th October 2022, 7:43 am

കഴിഞ്ഞ ദിവസം യുവേഫ ചാമ്പ്യന്‍ ലീഗ് ഗ്രൂപ്പ് എച്ചില്‍ നടന്ന മത്സരത്തില്‍ പാരീസ് സെന്റ് ഷെര്‍മാങ്ങും ബെന്‍ഫിക്കയും തമ്മിലായിരുന്നു ഏറ്റുമുട്ടിയത്. മത്സരം 1-1 എന്ന നിലയില്‍ സമനിലയില്‍ കലാശിക്കുകയായിരുന്നു.

കഴിഞ്ഞ മത്സരത്തിലും തോല്‍ക്കാതിരുന്നതോടെ പി.എസ്.ജി തങ്ങളുടെ അണ്‍ഡിഫീറ്റഡ് സ്ട്രീക്ക് തുടരുകയാണ്. പി.എസ്.ജിക്കായി സൂപ്പര്‍ താരം ലയണല്‍ മെസി ഗോള്‍ നേടിയപ്പോള്‍ ബെന്‍ഫിക്കയുടെ ഗോള്‍ വന്നത് പി.എസ്.ജി താരത്തിന്റെ കാലില്‍ നിന്നുമായിരുന്നു.

മത്സരത്തിന്റെ 22ാം മിനിട്ടിലായിരുന്നു മെസിയുടെ മനോഹര ഗോള്‍ പിറന്നത്. ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറിന്റെ അസിസ്റ്റില്‍ നിന്നുമായിരുന്നു മെസി സ്‌കോര്‍ ചെയ്തത്.

മെസി – നെയ്മര്‍ – എംബാപ്പെ ത്രയത്തിന്റെ ടാക്ടിക്കല്‍ നീക്കത്തില്‍ നിന്നുമായിരുന്നു ഈ ഗോള്‍ പിറന്നത്. എംബാപ്പെയുടെ പാസില്‍ ഗോള്‍ നേടാന്‍ ശ്രമിക്കാതെ വണ്‍ ടച്ചില്‍ നെയ്മര്‍ മെസിക്ക് പാസ് നല്‍കുകയും മെസിയുടെ ഇടം കാല്‍ ഒരിക്കല്‍ക്കൂടി ലക്ഷ്യം കാണുകയുമായിരുന്നു.

മത്സരത്തിന്റെ 41ാം മിനിട്ടിലാണ് ബെന്‍ഫിക്ക സമനില പിടിച്ചത്. പി.എസ്.ജി താരം ഡാനിലോയുടെ പിഴവില്‍ നിന്നുമായിരുന്നു ബെന്‍ഫിക്ക സ്‌കോര്‍ ചെയ്തത്. പി.എസ്.ജി താരത്തിന്റെ സെല്‍ഫ് ഗോളായിരുന്നു ലീഗ് വണ്‍ വമ്പന്‍മാരെ ജയത്തില്‍ നിന്നും അകറ്റി നിര്‍ത്തിയത്.

അതേസമയം, കഴിഞ്ഞ ദിവസത്തെ ഗോള്‍ നേട്ടത്തിലൂടെ ഒരു അപൂര്‍വ റെക്കോഡ് സ്വന്തമാക്കാനും മെസിക്കായി. ചാമ്പ്യന്‍സ് ലീഗില്‍ 40 വ്യത്യസ്ത ടീമുകള്‍ക്കെതിരെ ഗോള്‍ നേടുന്ന ആദ്യ താരം എന്ന റെക്കോഡാണ് മെസി കരസ്ഥമാക്കിയത്.

കഴിഞ്ഞ ദിവസം നടന്ന കളിയില്‍ സമ്പൂര്‍ണ ആധിപത്യം പി.എസ്.ജിക്കായിരുന്നു. ബോള്‍ പൊസെഷനും പാസിങ്ങിലും ഷോട്‌സിലുമെല്ലാം പി.എസ്.ജി തന്നെയായിരുന്നു മുന്നിട്ട് നിന്നത്.

ബെന്‍ഫിക്കക്കെതിരായ മത്സരത്തില്‍ നേടിയത് സമനിലയാണെങ്കിലും ഗ്രൂപ്പ് എച്ച് സ്റ്റാന്‍ഡിങ്‌സില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ പി.എസ്.ജിക്കായി. കളിച്ച മൂന്ന് മത്സരത്തില്‍ രണ്ട് ജയവും ഒരു സമനിലയുമടക്കം ഏഴ് പോയിന്റാണ് പി.എസ്.ജിക്കുള്ളത്.

രണ്ട് ജയവും ഒരു സമനിലയുമായി ബെന്‍ഫിക്കയാണ് രണ്ടാമത്. ആകെ നേടിയ ഗോളുകളുടെ എണ്ണമാണ് പി.എസ്.ജിക്ക് തുണയായത്. മൂന്ന് മത്സരത്തില്‍ നിന്നും ഒരു ജയവും രണ്ട് തോല്‍വിയുമായി യുവന്റസാണ് മൂന്നാമത്. നാലാമതുള്ള മക്കാബി ഹൈഫക്ക് ഒരു ജയം പോലും ഇനിയും നേടാനായിട്ടില്ല.

ചാമ്പ്യന്‍സ് ലീഗില്‍ ബെന്‍ഫിക്ക തന്നെയാണ് പി.എസ്.ജിയുടെ അടുത്ത എതിരാളികള്‍. ഒക്ടോബര്‍ 12 ബുധനാഴ്ചയാണ് മത്സരം.

 

Content Highlight: Messi becomes the first player to score 40 different teams in UEFA Champions League