മെസി ഇനി ബൈജൂസിന്റെ ബ്രാന്‍ഡ് അംബാസഡര്‍
Sports News
മെസി ഇനി ബൈജൂസിന്റെ ബ്രാന്‍ഡ് അംബാസഡര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 4th November 2022, 10:16 am

ഇന്ത്യന്‍ എഡ്യുക്കേഷന്‍ ടെക്ക് സ്ഥാപനമായ ബൈജൂസിന്റെ ഗ്ലോബല്‍ ബ്രാന്‍ഡ് അംബാസഡറായി അര്‍ജന്റൈന്‍ നായകനും ഫുട്‌ബോള്‍ ഇതിഹാസവുമായ ലയണല്‍ മെസി.

എല്ലാവര്‍ക്കും വിദ്യാഭ്യാസം എന്ന ബൈജൂസിന്റെ സോഷ്യല്‍ ഇനിഷ്യേറ്റീവിന്റെ ബ്രാന്‍ഡ് അംബാസഡറായാണ് മെസിയെ തീരുമാനിച്ചിരിക്കുന്നത്. താരം കരാറില്‍ ഒപ്പുവെച്ചിട്ടുണ്ട്.

നേരത്തെ ലോകകപ്പിന്റെ ഒഫീഷ്യല്‍ സ്‌പോണ്‍സര്‍മാരില്‍ ഒരാളായി ബൈജൂസ് മലയാളികളെ ഞെട്ടിച്ചിരുന്നു. ഇപ്പോഴിതാ, സാക്ഷാല്‍ ലയണല്‍ മെസിയെ തന്നെ തങ്ങളുടെ ബ്രാന്‍ഡ് അംബാസഡറാക്കിയാണ് ബൈജൂസ് ഒരിക്കല്‍ക്കൂടി ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്.

‘ബൈജുസിന്റെ ബ്രാന്‍ഡ് മൂല്യങ്ങളുമായി ഒത്തുപോകുന്ന ഒരു തലമുറയിലെ പ്രതിഭയാണ് അദ്ദേഹം. എക്കാലത്തെയും മികച്ച കളിക്കാരനായ ഇദ്ദേഹം കാര്യങ്ങള്‍ മനസിലാക്കുന്ന വ്യക്തികൂടി ആണെന്നതില്‍ അതിശയിക്കാനില്ല.

ഈ പങ്കാളിത്തം ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ വലിയ സ്വപ്നം കാണാന്‍ പ്രചോദിപ്പിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്’ ബൈജൂസിന്റെ സഹ സ്ഥാപകയായ ദിവ്യ ഗോകുല്‍ നാഥ് പറഞ്ഞു.

 

ബൈജൂസിന്റെ ജേഴ്‌സി ധരിച്ച്, ലോകകപ്പിന് ഉപയോഗിക്കുന്ന പന്തായ അല്‍ റിഹ്ലയും പിടിച്ച് മെസി നില്‍ക്കുന്ന ചിത്രവും ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്.

 

Content highlight: Messi becomes the brand ambassador of Byju’s social impact arm, Education for All.