| Wednesday, 6th December 2023, 12:39 pm

അത്‌ലീറ്റ് ഓഫ് ദി ഇയര്‍ പുരസ്‌കാരത്തിന് പിന്നാലെ ചരിത്ര നേട്ടവും; ഇനിയെങ്കിലും ഗോട്ട് ഡിബേറ്റിന് അന്ത്യമാകുമോ?

സ്പോര്‍ട്സ് ഡെസ്‌ക്

ഫുട്‌ബോള്‍ ലോകത്ത് തനിക്ക് പകരക്കാരനാകാന്‍ ആര്‍ക്കും സാധിക്കില്ലെന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കുകയാണ് ഫുട്‌ബോള്‍ ഇതിഹാസവും അര്‍ജന്റൈന്‍ നാഷണല്‍ ടീമിന്റെ ക്യാപ്റ്റനുമായ ലയണല്‍ മെസി. ടൈം മാഗസിന്റെ 2023ലെ അത്‌ലീറ്റ് ഓഫ് ദി ഇയര്‍ പുരസ്‌കാരം നേടിയാണ് മെസി വീണ്ടും ആരാധകരുടെ മനം കവര്‍ന്നത്.

ഈ പുരസ്‌കാരം നേടുന്ന ആദ്യ ഫുട്‌ബോള്‍ താരം എന്ന ഐതിഹാസിക നേട്ടമാണ് മെസി സ്വന്തമാക്കിയത്. 2019ല്‍ ടൈംസ് മാഗസിന്‍ ആരംഭിച്ച ഈ പുരസ്‌കാരം സ്വന്തമാക്കുന്ന അഞ്ചാമത് താരവുമാണ് ലയണല്‍ മെസി.

2019ലെ ഫിഫ വനിതാ ലോകകപ്പ് നേടിയതിന് പിന്നാലെ അമേരിക്കന്‍ വനിതാ ദേശീയ ടീമാണ് ആദ്യമായി ഈ പുരസ്‌കാരം സ്വന്തമാക്കിയത്.

2020ല്‍ ബാസ്‌ക്കറ്റ് ബോള്‍ ഇതിഹാസം താരം ലെബ്രോണ്‍ ജെയിംസും 2021ല്‍ അമേരിക്കന്‍ ജിംനാസ്റ്റായ സൈമണ്‍ ബില്‍സും ഈ പുരസ്‌കാരം സ്വന്തമാക്കി.

2022 അമേരിക്കന്‍ ബോസ്‌ബോള്‍ താരം ആരോണ്‍ ജഡ്ജാണ് ഈ പുരസ്‌കാരം നേടിയത്. ശേഷം ലയണല്‍ മെസിയിലൂടെ അത്‌ലീറ്റ് ഓഫ് ദി ഇയര്‍ പുരസ്‌കാരം ഫുട്‌ബോള്‍ ലോകത്തുമെത്തുകയായിരുന്നു.

ഇതിന് പിന്നാലെ മറ്റൊരു തകര്‍പ്പന്‍ നേട്ടവും മെസിയെ തേടിയെത്തിയിരിക്കുകയാണ്. ലോറിസ് പുരസ്‌കാരവും ടൈം അത്‌ലീറ്റ് ഓഫ് ദി ഇയര്‍ പുരസ്‌കാരവും നേടുന്ന ആദ്യ ഫുട്‌ബോളര്‍, ഏക ഫുട്‌ബോളര്‍ എന്നീ നേട്ടമാണ് ലയണല്‍ മെസി നേടിയത്.

എര്‍ലിങ് ഹാലണ്ട്, നൊവാക് ദ്യോക്കോവിച്ച് എന്നിവരെ മറികടന്നുകൊണ്ടാണ് മെസി ഈ പുരസ്‌കാരം സ്വന്തമാക്കിയത്.

എട്ടാമത് ബാലണ്‍ ഡി ഓര്‍ പുരസ്‌കാരത്തിന് പിന്നാലെ മറ്റൊരു ഐതിഹാസിക നേട്ടവും മെസി തന്റെ പേരിലാക്കിയതിന്റെ ആവേശത്തിലാണ് ഇപ്പോള്‍ ആരാധകര്‍.

ഈ വര്‍ഷം മികച്ച പ്രകടനമാണ് മെസി പുറത്തെടുത്തത്. പി.എസ്.ജിയുമായുള്ള കരാര്‍ അവസാനിപ്പിച്ചതിന് പിന്നാലെ മെസി തന്റെ യൂറോപ്യന്‍ അധ്യായങ്ങള്‍ക്ക് വിരാമമിട്ടിരുന്നു. മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബായ ഇന്റര്‍ മയാമിയിലേക്കാണ് മെസി തട്ടകം മാറ്റിയത്.

ഇംഗ്ലണ്ട് ലെജന്‍ഡ് ഡേവിഡ് ബെക്കാമിന്റെ സഹ ഉടമസ്ഥതയിലുള്ള ക്ലബ്ബിലേക്ക് മെസിയെത്തിയതോടെ ടീമിന്റെ മാത്രമല്ല, ലീഗിന്റെ തന്നെ നിലവാരം പതിന്‍മടങ്ങ് ഉയര്‍ന്നിരുന്നു.

തോല്‍വി മാത്രം ശീലമാക്കി പോയിന്റ് പട്ടികയുടെ അവസാന സ്ഥാനത്ത് കിടന്ന ഒരു ടീമിനെ മെസി വിജയിക്കാന്‍ ശീലിപ്പിക്കുകയായിരുന്നു. ടീമിന്റെ ക്യാപ്റ്റന്‍സിയേറ്റെടുത്തിന് പിന്നാലെ ഹെറോണ്‍സിന് അവരുടെ ചരിത്രത്തിലെ ആദ്യ കിരീടവും മെസി സമ്മാനിച്ചിരുന്നു.

Content highlight: Messi bags TIME athlete of the year award

We use cookies to give you the best possible experience. Learn more